വാർത്തകൾ

എച് ആർ ഡി ചീഫ് എഞ്ചിനീയറെ സ്ഥലംമാറ്റിയ നടപടി പിൻവലിക്കുക

എച് ആർ ഡി ചീഫ് എഞ്ചിനീയറെ സ്ഥലംമാറ്റിയ നടപടി പിൻവലിക്കുക

കേരള വാട്ടർ അതോറിറ്റിയിൽ പൊതു സ്ഥലം മാറ്റം പുരോഗമിക്കുന്ന ഘട്ടത്തിൽ മാനവ വിഭവശേഷി വിഭാഗം ചീഫ് എഞ്ചിനീയറെ പെട്ടന്ന് സ്ഥലം മാറ്റിയതിൽ അക്വ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഓഫീസർമാരുടെ പൊതു സ്ഥലം മാറ്റത്തിൽ ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള അന്യായമായ ഇടപെടൽ ചെറുത്തത്തിന്റെ ഫലമാണ് ഈ സ്ഥലം മാറ്റമെന്ന് ഇതിനകം തന്നെ ആക്ഷേപം വന്നിട്ടുണ്ട്. 

സൂപ്രണ്ടിങ് എഞ്ചിനീയർമാരുടെ സ്ഥലം മാറ്റ അപേക്ഷ GT യുടെ ഭാഗമായി സ്വീകരിക്കുകയും ആയത് ഷെൽഫിൽ വച്ചുകൊണ്ട് തല്പരകക്ഷികളായ ചിലർക്ക് ഭരണ സൗകര്യർത്ഥം എന്ന വ്യാജേന സ്ഥലം മാറ്റം നൽകിയത് ഇതിനകം തന്നെ രണ്ട് സൂപ്രണ്ടിങ് എഞ്ചിനീയർമാർ ബഹു കേരള ഹൈകോടതിൽ ചോദ്യം ചെയ്തു കഴിഞ്ഞു. ഈ കേസിൽ SoF നൽകാൻ പോലും എതിർ കക്ഷികളായ ജല വിഭവ വകുപ്പ് സെക്രട്ടറിയും അതോറിറ്റിയും സന്നദ്ധമായിട്ടില്ല. 5 മുതൽ 22 വർഷവും, തുടർച്ചയായി കേന്ദ്ര കാര്യാലയത്തിൽ ജോലി ചെയ്യുന്ന സൂപ്രണ്ടിങ് എഞ്ചിനീയർമാർ മാറണമെന്ന നിലപാട് സ്വീകരിച്ചതും ചീഫ് എഞ്ചിനീയറുടെ സ്ഥലം മാറ്റത്തിന് വഴി വച്ചതായി മനസ്സിലാക്കുന്നു.

 

സർക്കാർ വകുപ്പുകളിൽ സ്ഥലം മാറ്റം സുതാര്യവും കാര്യക്ഷമവുമാകണമെന്ന കാഴ്ചപ്പാടിൽ ആണ് പൊതു സ്ഥലം മാറ്റങ്ങൾക്ക് സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. ഇത് ജല വിഭവ വകുപ്പ് തന്നെ അട്ടിമറിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അക്വ സംസ്ഥാന സമിതി വിലയിരുത്തുന്നു.

 

കൂടാതെ, മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി റിട്ടയർ ആയ ടെക്നിക്കൽ മെമ്പർക്ക് വീണ്ടും സേവനം നീട്ടി നൽകിയ ഉത്തരവും സർക്കാർ അടിയന്തിരമായി പിൻവലിക്കണമെന്ന് സംഘടന അവശ്യപ്പെടുന്നു. 

 

മേൽ പശ്ചാത്തലത്തിൽ ചുവടെ ചേർക്കുന്ന അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അക്വ വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടറുടെ ഓഫീസിന് മുന്നിൽ അനിശ്ചിതകാല പ്രതിഷേധ സമരം നടത്താൻ നിർബന്ധിതമാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു. 

 

1. TM പദവിയിലെ താത്കാലിക നിയമനം അവസാനിപ്പിച്ച് സ്ഥിരം നിയമനം ഉറപ്പാക്കുക 

2. ഓഫീസർമാരുടെ GT അട്ടിമറിച്ചത് പോലീസ് വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കുക 

3. ജനറൽ ചീഫ് എഞ്ചിനീയറെ സ്ഥലം മാറ്റിയ ഉത്തരവ് മരവിപ്പിക്കുക 

 

കേന്ദ്ര കാര്യാലയത്തിലെ ചില തല്പര കക്ഷികൾക്ക് വേണ്ടി സ്ഥാപനത്തിലെ മുഴുവൻ ഓഫീസർമാരെയും ജീവനക്കാരെയും ശത്രുപക്ഷത്തേക്ക് എത്തിക്കുന്ന നിലപാടിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്ന് അക്വ സംസ്ഥാന സമിതി അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ ബഹു ജല വിഭവ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാനും സംഘടന തീരുമാനിച്ചു. ജീവനക്കാരുടെ പൊതു താല്പര്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിൽ മുഴുവൻ ഓഫീസർമാരും കാറ്റഗറികൾക്ക് അതീതമായി അക്വയോടൊപ്പം നിലകൊള്ളണമെന്ന് അക്വ സംസ്ഥാന സമിതി ആഹ്വാനം ചെയ്യുന്നു.

 

ജനറൽ സെക്രട്ടറി 

അക്വ.