വാർത്തകൾ

അക്വ ശില്പശാലയിൽ മുൻ ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരൻ നടത്തിയ പ്രഭാഷണം.

അക്വ ശില്പശാലയിൽ മുൻ ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരൻ നടത്തിയ പ്രഭാഷണം.

പ്രിയ വാട്ടർ അതോറിറ്റി ഓഫീസർമാരെ,

വാട്ടർ അതോറിറ്റിയിൽ വളരെ അതൃപ്തമായ സാഹചര്യമാണ് ഉള്ളതെന്ന് എനിക്ക് മുൻപ് സംസാരിച്ച വ്യക്തിയിൽ നിന്ന് മനസ്സിലാകുന്നത്. എന്നാൽ ശരിയായ നേതൃത്വമുണ്ടെങ്കിൽ അതിൽ മാറ്റം വരുത്താൻ കഴിയും. ഒരു ഉദാഹരണം പറയാം.

പ്രവേശന സമയത്ത് ഐ.ടി. മിഷനിൽ പ്രവർത്തനം ആരംഭിക്കുകയും, പിന്നീട് ഐ.ടി. വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ണിയായി മാറുകയും ചെയ്ത സ്ഥാപനമാണ് ഐ.കെ.എം (IKM). എന്നാൽ തുടക്കത്തിൽ ഐ.കെ.മ്മിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമായിരുന്നില്ല നിലവിലുണ്ടായിരുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നിരവധിയായ എന്റർപ്രൈസ് സോഫ്റ്റ്‌വെയറുകൾ (Enterprise Suites) വികസിപ്പിച്ച്, കേരളത്തിലെ തദ്ദേശ ഭരണ മേഖലയെ ഡിജിറ്റൽ വൽക്കരിക്കുന്നതിൽ ഐ.കെ.എം വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നത് ശരിയാണ്. എങ്കിലും അത് വളരെ സങ്കീർണ്ണവും ഭാരമേറിയതുമായ ആർക്കിടെക്ചർ ഉള്ള ഒരു സംവിധാനമായിരുന്നു. അതിൽ ജോലി ചെയ്തിരുന്ന പലരും വിവിധ മേഖലകളിൽ നിന്ന് കടന്നുവന്നവരായതിനാൽ, ആവശ്യപ്പെടുന്ന സമയത്ത് സേവനങ്ങൾ ചെയ്തു നൽകുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. പല വകുപ്പുകളും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റാതിരുന്നതിനാൽ ഐ.ടി. മിഷന് അധികഭാരം (Overload) വരികയും, അത് മറ്റു പ്രോജക്ടുകളായി ഐ.കെ.മ്മിലേക്ക് സ്പിൽ ഓവർ (Spillover) ആയി എത്തുകയും ചെയ്യുമായിരുന്നു.

ഇത്തരത്തിൽ അധിക ജോലിഭാരം എത്തുമ്പോഴും അവർ അത് പൂർത്തിയാക്കുമായിരുന്നുവെങ്കിലും, "ഇങ്ങനെയുള്ള ആളുകളെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ, നമ്മൾ എന്തു ചെയ്യാനാണ്?" എന്ന മനോഭാവത്തോടെയാണ് ആളുകൾ ഇതിനെ നോക്കിക്കണ്ടത്. ചുരുക്കത്തിൽ, ഐ.കെ.മ്മിന് നല്ലൊരു സൽപേരായിരുന്നില്ല ഉണ്ടായിരുന്നത്.

എന്നാൽ കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ഐ.കെ.മ്മിനെക്കുറിച്ചുള്ള ആ ധാരണ പൂർണ്ണമായി മാറി. സ്ഥാപനത്തിനുണ്ടായ നേതൃത്വ മാറ്റമാണ് (Leadership) ഇതിനു പ്രധാന കാരണം.

സംസ്ഥാനത്തിന് പുറത്തുനിന്ന് ഐ.എ.എസ്. രാജിവെച്ച് എത്തിയ ഒരു ഉദ്യോഗസ്ഥനായിരുന്നു അത്. സ്റ്റേറ്റ് ഫിനാൻസ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും, ഇ-ഗവേണൻസിനെക്കുറിച്ചുമുള്ള ത തന്റെ അറിവുകൾ പങ്കുവെക്കാനാണ് അദ്ദേഹം പ്രധാനമായും എത്തിയിരുന്നത്. ഈ മേഖലകളിൽ പ്രവർത്തിച്ച പരിചയസമ്പത്തുള്ളതിനാൽ ഐ.കെ.മ്മിന്റെ പ്രവർത്തനം പഠിച്ച അദ്ദേഹം, തനിക്ക് ഐ.കെ.മ്മിന്റെ ചുമതല നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

വളരെ വേറിട്ട നിലപാടുകളുള്ള (Maverick) ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹം ഐ.കെ.മ്മിൽ വരുത്തിയ മാറ്റങ്ങൾ നിസ്സാരമായിരുന്നില്ല. മുൻപ് ആരും കാര്യമായി ബഹുമാനിക്കാതിരുന്ന, ഏതോ വിധത്തിൽ തട്ടിക്കൂട്ടി മുൻപോട്ടു പോകുന്നു എന്ന് കരുതിയിരുന്ന ഒരു ടീമിനെ ഒന്ന് രണ്ട് വർഷം കൊണ്ട് തികച്ചും പ്രൊഫഷണലായ ഒന്നാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. തങ്ങളുടെ 'കെ-സ്മാർട്ട്' (K-Smart) ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഇ-ഗവേണൻസിനെ പുതിയൊരു തലത്തിലേക്ക് ഉയർത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആ തലത്തിലേക്ക് നയിക്കാനും അവർക്കായി. സുതാര്യതയും കൃത്യതയും ഉറപ്പാക്കിക്കൊണ്ട് ഐ.കെ.മ്മിന് ഒരു മികച്ച മേക്ക്ഓവർ (Makeover) നൽകുവാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു.

ഭരണപരിഷ്കാരങ്ങളിലും ബിസിനസ്സ് സുഗമമാക്കുന്നതിലും (Business Reforms) മുൻപ് 21-ാം സ്ഥാനത്തുണ്ടായിരുന്ന കേരളം, തുടർച്ചയായി രണ്ടു വർഷം ദേശീയതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. സിറ്റിസൺ റിഫോംസിലും ബിസിനസ്സ് റിഫോംസിലും ഒന്നും രണ്ടും സ്ഥാനങ്ങളിലേക്ക് സംസ്ഥാനം ഉയർന്നുവന്നു. ഇതിന്റെ പ്രധാന കാരണം നാം നിർമ്മിച്ച ഡിജിറ്റൽ അടിത്തറയാണ് (Digital Edifice). ആ അടിത്തറയുടെ 80 ശതമാനവും തദ്ദേശ സ്വയംഭരണ വകുപ്പിലൂടെയാണ് ഉണ്ടായത്.

ഒന്നിനും കൊള്ളില്ല എന്ന് എല്ലാവരും വിധിയെഴുതിയ ഐ.കെ.മ്മിനെ, ഇന്ത്യാ ഗവൺമെന്റിന്റെ അർബൻ മിനിസ്ട്രിയും ഐ.ടി. മന്ത്രാലയവും  ഒരു 'ഡിജിറ്റൽ സെന്റർ ഓഫ് എക്സലൻസ്' (Digital Centre of Excellence) ആയി അംഗീകരിച്ചു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ ഡിജിറ്റൽ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകാൻ കേന്ദ്രം തിരഞ്ഞെടുത്തതിൽ ഒരു സംസ്ഥാനമായി കേരളം മാറുകയും, ബാക്കി നാല് സംസ്ഥാനങ്ങളെ ഉപദേശിക്കാനും സഹായിക്കാനുമുള്ള (Mentor) ചുമതല കേരളത്തിന് ലഭിക്കുകയും ചെയ്തു.

ഈ മാറ്റം എങ്ങനെയാണ് സാധ്യമായത്?

"ഞങ്ങളെക്കൊണ്ടൊന്നും സാധിക്കില്ല" എന്ന് കരുതിയിരുന്ന ഒരു ടീമിന്റെ മനോവീര്യം (Morale) പൂർണ്ണമായി ഉയർത്തിയെടുക്കുകയാണ് ഇവിടെ ചെയ്തത്. നല്ല വാക്കുകൾ പറഞ്ഞോ ആനുകൂല്യങ്ങൾ (Incentives) നൽകിയോ മാത്രമല്ല അത് ചെയ്തത്; മറിച്ച് തങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാനുള്ള ആത്മവിശ്വാസമാണ് അവിടെ നൽകിയത്.

ഉദാഹരണത്തിന്, ഈ മാറ്റത്തിന്റെ ഭാഗമായി ഒറാക്കിൾ (Oracle) സോഫ്റ്റ്‌വെയർ പൂർണ്ണമായി പഠിക്കേണ്ട ആവശ്യമുണ്ടായിരുന്നു. എന്നാൽ ഇതിൽ വൈദഗ്ധ്യമുള്ളവർ ആ ടീമിൽ ഉണ്ടായിരുന്നില്ല. തുടർന്ന് മുഴുവൻ ടീമിനെയും ബാംഗ്ലൂരിൽ കൊണ്ടുപോയി ഇരുത്തി രണ്ടാഴ്ചത്തെ പരിശീലനവും അതിനുശേഷം ഫോളോ-അപ്പ് ട്രെയിനിംഗുകളും നൽകി. ഇതോടെ അവരുടെ കാഴ്ചപ്പാടിൽ വലിയൊരു പുനഃക്രമീകരണം (Re-orientation) സാധ്യമായി.

പഴയ മന്ദഗതിയിലുള്ള സർക്കാർ രീതികളിൽ നിന്ന് മാറി, കൃത്യമായ സമയപരിധിക്കുള്ളിൽ (Time-bound) ലക്ഷ്യങ്ങൾ നിശ്ചയിച്ച് പ്രവർത്തിക്കുന്ന രീതിയിലേക്ക് അവർ മാറി. ദിവസേനയുള്ള ലക്ഷ്യങ്ങൾ നിർണ്ണയിക്കുക, കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തുക, കുടിശ്ശികയുള്ള ജോലികൾ തിട്ടപ്പെടുത്തുക, വീണ്ടും ലക്ഷ്യങ്ങൾ പുനഃക്രമീകരിക്കുക തുടങ്ങിയ കൃത്യമായ പ്രൊഫഷണൽ പ്രവർത്തനരീതിയിലൂടെ വലിയൊരു മാറ്റമാണ് ഐ.കെ.മ്മിൽ സംഭവിച്ചത്.

ഇക്കാര്യം ഉദാഹരണമായി പറഞ്ഞതിന്റെ ഉദ്ദേശം വ്യക്തമാണല്ലോ?

കേരള വാട്ടർ അതോറിറ്റിയും ഇപ്പോൾ സമാനമായ ഒരു വഴിത്തിരിവിലാണ് (Crossroads) നിൽക്കുന്നത്. വൈറ്റ് പേപ്പറും അനുബന്ധ ചർച്ചകളും നിലവിലെ ആശങ്കകളെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

നാം വെറുമൊരു സാധാരണ എഞ്ചിനീയറിംഗ് സംവിധാനമല്ല, മറിച്ച് തികച്ചും പ്രൊഫഷണലായ ഒരു സ്ഥാപനമാണെന്ന് തെളിയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി രണ്ടു മാസത്തെ താൽക്കാലിക നേതൃത്വമല്ല, മറിച്ച് ദീർഘകാലം നിലനിൽക്കുന്ന സുസ്ഥിരമായ (Sustained) നേതൃത്വമാണ് വാട്ടർ അതോറിറ്റിക്ക് ആവശ്യം.

ഇന്ന് വാട്ടർ അതോറിറ്റിയിൽ ഒരു വലിയ മാറ്റം (Transformation) ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ, തീർച്ചയായും ഉണ്ട്. ജല ഉൽപ്പാദനം, വിതരണം, നിരക്ക് ഈടാക്കൽ, ചോർച്ച തടയൽ, മാനേജ്‌മെന്റ് തുടങ്ങി എല്ലാ മേഖലകളിലും ലഭ്യമായ ആധുനിക സാങ്കേതിക വിദ്യകളും അറിവുകളും പൂർണ്ണമായി പ്രയോജനപ്പെടുത്താൻ നിലവിൽ നമുക്ക് സാധിച്ചിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.

ആ യാഥാർത്ഥ്യത്തെ മറികടന്ന്, സ്ഥാപനത്തിന്റെ ശേഷിയും പ്രൊഫഷണലിസവും വർദ്ധിപ്പിച്ചുകൊണ്ട് മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. പ്രത്യേകിച്ച് പുതിയ തലമുറയിലെ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കണം. വാട്ടർ അതോറിറ്റിയിൽ പുതിയ ജീവനക്കാരുടെ എണ്ണം കുറവാണെങ്കിലും, അവരാണ് സ്ഥാപനത്തിന്റെ ഭാവി. അതിനാൽ ഈ മാറ്റങ്ങളിൽ അവരെക്കൂടി പൂർണ്ണമായി പങ്കാളികളാക്കേണ്ടതുണ്ട്.

ഇതുമായി ബന്ധപ്പെട്ട് രണ്ടാമതൊരു ഉദാഹരണം കൂടി പറയാം. അത് എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്നുള്ളതാണ്.

മുമ്പ് ഡൽഹിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (NIFT) ഡയറക്ടർ ജനറലായി മൂന്ന് വർഷം ഞാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫാഷനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ അവിടെ ചുമതലയേറ്റ എനിക്ക്, ആദ്യഘട്ടത്തിൽ കാര്യങ്ങളിൽ വലിയ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ അവിടുത്തെ പാഠ്യപദ്ധതി പരിഷ്കരിക്കുക (Curriculum Reform) എന്നതായിരുന്നു എന്റെ പ്രധാന ചുമതല.

സാധാരണയായി അഞ്ചോ പത്തോ വർഷം കൂടുമ്പോൾ അവർ പാഠ്യപദ്ധതി പുതുക്കാറുണ്ട്. നിലവിലെ സിലബസിൽ റോബോട്ടിക്സോ 3D കൺസ്ട്രക്ഷനോ ഒന്നുമില്ലെന്ന് കണ്ടെത്തി, അത്തരം പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തി ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്താനാണ് ഞങ്ങൾ ആദ്യം ശ്രമിച്ചത്.

എന്നാൽ പകുതിവഴിവെച്ച് ആ സമീപനം ഞങ്ങൾ പൂർണ്ണമായി മാറ്റുകയായിരുന്നു.

ഇന്നത്തെ കുട്ടികൾ വ്യത്യസ്തമായ ഒരു തലമുറയാണ് (Gen Z). ഏതൊരു സ്കൂൾ ടീച്ചറോടോ, മാതാപിതാക്കളോടോ, മുത്തശ്ശീമുത്തശ്ശന്മാരോടോ സംസാരിച്ചാലും ഇത് മനസ്സിലാക്കാം. അധ്യാപകർക്ക് ഇന്ന് കുട്ടികളെ പഠിപ്പിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്; കാരണം, അവർക്ക് ശ്രദ്ധക്കുറവുണ്ട്. കോളേജുകളിലെയും NIFT-ലെയും അധ്യാപകർ പറയുന്നത്, തങ്ങൾ എന്തെങ്കിലും പഠിപ്പിക്കാൻ തുടങ്ങുമ്പോൾ തന്നെ "ടീച്ചർ പറയുന്നത് ശരിയല്ലല്ലോ" എന്ന് കുട്ടികൾ തിരുത്തുമെന്നാണ്. ഗൂഗിളിൽ തിരഞ്ഞ് കണ്ടെത്തി മറുപടി പറയുന്ന അവർക്ക് അധ്യാപകരോട് ബഹുമാനമില്ല. കാര്യങ്ങൾ ഉപദേശിച്ചു കൊടുക്കാൻ സാധിക്കാത്ത വിധം അവർ തർക്കിക്കുന്നു. എന്നാൽ, ഈ വിവരങ്ങളൊന്നും അവരുടെ മനസ്സിൽ അധികനേരം നിൽക്കുകയുമില്ല.

ക്ലാസ് മുറികളിലെ ഈ യാഥാർത്ഥ്യം മനസ്സിലാക്കി വേണം നമ്മൾ മുന്നോട്ട് പോകാൻ. അവിടെ ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നതിന് (Incremental change) പകരം, വലിയൊരു ഘടനാപരമായ മാറ്റത്തിനാണ് (Disruptive transformation) ഞങ്ങൾ മുതിർന്നത്. ആദ്യമായി, NIFT-ലെ വിദ്യാർത്ഥികൾക്ക് യഥാർത്ഥത്തിൽ എന്താണ് ആവശ്യം എന്നും, എത്തരം ബിരുദധാരികളെയാണ് സ്ഥാപനം സൃഷ്ടിക്കേണ്ടതെന്നും ഞങ്ങൾ ചിന്തിച്ചു.

പാഠഭാഗങ്ങൾ മാത്രം പഠിപ്പിക്കുന്നതിലുപരി, വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന വിവരങ്ങളെ സ്വയം ഉൾക്കൊള്ളാനുള്ള ശേഷി (Capability) കുട്ടികളിൽ വളർത്തിയെടുക്കുകയാണ് വേണ്ടതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ഇതിന്റെ ഭാഗമായി ജനറൽ ഇലക്ടീവുകളും ഡാൻസ് വരെയുള്ള വിഷയങ്ങളും കറിക്യുലത്തിൽ ഉൾപ്പെടുത്തി. അപരിചിതവും പ്രയാസകരവുമായ സാഹചര്യങ്ങളിൽ ഒരു ടീമായി പ്രവർത്തിക്കാനും, ധാർമ്മിക ഉത്തരവാദിത്തത്തോടെ (Ethical responsibility) കാര്യങ്ങളെ സമീപിക്കാനും കുട്ടികളെ പ്രാപ്തരാക്കി. കൂടാതെ Critical thinking, Design thinking, Systems thinking എന്നിവയിലൂടെ NIFT-ന് മുൻപ് അപരിചിതമായിരുന്ന പല മാറ്റങ്ങളും കൊണ്ടുവന്നു.

രണ്ടു വർഷത്തിനുള്ളിൽ തന്നെ NIFT കുട്ടികളുടെ ജോലി സാധ്യതകൾ (Entry-level absorption) വലിയതോതിൽ വർദ്ധിക്കുകയും അവരുടെ ശമ്പളം ഉയരുകയും ചെയ്തു. പ്രതീക്ഷിക്കാത്ത മേഖലകളിലേക്കും പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനികളിലേക്കും കുട്ടികൾ തിരഞ്ഞെടുക്കപ്പെടുകയും NIFT-ന്റെ പ്രൊഫൈൽ തന്നെ മാറുകയും ചെയ്തു.

പരിഷ്കാരങ്ങൾ കൊണ്ടുവരുമ്പോൾ "നമ്മുടെ ലയബിലിറ്റി അല്ലെങ്കിൽ അസറ്റ് ഇങ്ങനെയാണ്, ഓഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങൾ തെറ്റാണ്, നമ്മൾ അത്ര മോശക്കാരല്ല" എന്നൊക്കെ പറഞ്ഞ് നിസ്സാര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വഴിതിരിച്ചുവിടും (Missing the wood for the trees). നമ്മൾ അടിസ്ഥാനപരമായ കാര്യങ്ങളിൽ നിന്നാണ് തുടങ്ങേണ്ടത്. കുടിവെള്ളം എന്നത് ഒരു 'പബ്ലിക് ഗുഡ്' (പൊതുജന സേവനം/അവകാശം) ആണോ അല്ലയോ എന്നതാണ് പ്രധാന ചോദ്യം.

കുടിവെള്ളം ഒരു പൊതു ആവശ്യമാണെങ്കിൽ, അത് ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനു തന്നെയാണ്. എന്നാൽ, ഈ സേവനം ലഭ്യമാക്കുന്നതിന് ഒരു ചെലവുണ്ട്. പണം നൽകാൻ ശേഷിയില്ലാത്തവരും, സാമ്പത്തിക ശേഷിയുണ്ടായിട്ടും വെള്ളം അമിതമായി ഉപയോഗിക്കുന്നവരും ഉള്ളപ്പോൾ, ഈ രണ്ട് അവസ്ഥകളെയും സമന്വയിപ്പിച്ചു കൊണ്ടുപോകുന്ന ഒരു രീതി സർക്കാരിന് ആവശ്യമാണ്.

ഇംഗ്ലണ്ടിലും വെയിൽസിലും മാർഗരറ്റ് താച്ചറുടെ ഭരണകാലത്ത് നടപ്പിലാക്കിയ സമ്പൂർണ്ണ സ്വകാര്യവൽക്കരണം (Privatization) ഇതിനൊരു ഉദാഹരണമാണ്. എന്നാൽ, പൂർണ്ണമായി സ്വകാര്യവൽക്കരിക്കപ്പെട്ടപ്പോൾ പോലും അവിടെ സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. കാരണം, എല്ലാവർക്കും കുടിവെള്ളം എത്തേണ്ടതുണ്ട്; വിതരണം തടസ്സപ്പെടാനോ വെള്ളത്തിന്റെ സുരക്ഷിതത്വത്തിൽ വീഴ്ച വരാനോ പാടില്ല. ശ്രദ്ധിച്ചില്ലെങ്കിൽ കുടിവെള്ളത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാകാം. ജലം ജീവൻ രക്ഷിക്കുന്ന ഒന്നാണെങ്കിലും, അത് ജീവനെടുക്കുന്ന ഒന്നായി മാറാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അത്രമേൽ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണിത്.

ലോകത്തിലെ വികസിത രാജ്യങ്ങളിൽ ഭൂരിഭാഗവും കുടിവെള്ള വിതരണം നേരിട്ടോ, അല്ലെങ്കിൽ വാട്ടർ അതോറിറ്റി പോലുള്ള പൊതുസ്ഥാപനങ്ങൾ വഴിയോ ആണ് നടത്തുന്നത്. ഇതിനോടൊപ്പം തന്നെ, കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന സംവിധാനങ്ങളും വികസിപ്പിക്കണം. ഇന്നത്തെ കാലഘട്ടം വളരെ വെല്ലുവിളികൾ നിറഞ്ഞതാണ്. എൽ നിനോ (El Niño) പ്രതിഭാസത്തെ നേരിടാൻ നമ്മൾ എത്രത്തോളം തയ്യാറെടുത്തിട്ടുണ്ട് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. വാട്ടർ അതോറിറ്റി ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ടോ? ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഭാവിയിൽ രൂക്ഷമായ വരൾച്ച അനുഭവപ്പെടാം എന്നാണ് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.

നാം അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയെ നേരിടാൻ പോകുകയാണ്: സൂപ്പർ എൽ നിനോ പ്രഭാവം. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും കടുത്ത വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല; നമ്മുടെ മഴലക്ഷണങ്ങൾ മാറിയിരിക്കുന്നു. ആവശ്യത്തിന് മഴ ലഭിക്കാതെ അത്യപൂർവ്വവും ക്രമരഹിതവുമായ രീതിയിലാണ് (Aberrant rainfall) മഴ പെയ്യുന്നത്. കൃത്യമായ സമയത്ത് മഴ ലഭിക്കാതിരുന്നാൽ അത് നമ്മുടെ കാർഷിക മേഖലയെ പൂർണ്ണമായി തകരാറിലാക്കും. ഫലത്തിൽ, ഒരു വശത്ത് കാർഷിക ഉൽപ്പാദനത്തിലെ കുറവും മറുവശത്ത് കുടിവെള്ള ലഭ്യതക്കുറവും നേരിടേണ്ടി വരുന്ന ഒരു ഇരട്ട പ്രഹരത്തിലേക്കാണ് (Double whammy) നമ്മൾ നീങ്ങുന്നത്.

ഇവിടെ ഉയർന്നുവരുന്ന പ്രധാന ചോദ്യം ഇതാണ്: ഈ പ്രതിസന്ധിയെ നേരിടാൻ നമ്മൾ എത്രത്തോളം സജ്ജരാണ്?

ഒരു സ്ഥാപനം എന്ന നിലയിൽ നിഷ്ക്രിയരായിരിക്കാൻ നമുക്ക് കഴിയില്ല. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി (Plan A, Plan B, Plan C) പദ്ധതികൾ നമുക്കുണ്ടായേ മതിയാകൂ. ഇത് പ്രാവർത്തികമാക്കാൻ നമ്മോടൊപ്പം നിൽക്കുന്ന പങ്കാളികൾ ആരാണ്? നമ്മുടെ ജലസ്രോതസ്സുകൾ കൂടുതൽ വിപുലീകരിക്കാൻ നമ്മൾ എന്താണ് ചെയ്യുന്നത്?

ഇതേ കാര്യങ്ങൾ തന്നെയാണ് ഞാൻ തദ്ദേശസ്വയംഭരണ വകുപ്പ് (LSGD) സെക്രട്ടറിയോടും ചോദിച്ചത്. ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്താനും പ്രാദേശിക തലത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ലഭിച്ച മറുപടി.

എന്നാൽ, നിർദ്ദേശങ്ങൾ നൽകിയതുകൊണ്ട് മാത്രം കാര്യമായില്ല; അവരുടെ സാങ്കേതിക അറിവും കാര്യശേഷിയും പരിമിതമാണ് എന്ന യാഥാർത്ഥ്യം നമ്മൾ ഓർക്കണം. അതിനാൽ ഉത്തരവാദിത്തം വീണ്ടും നമ്മളിലേക്ക് തന്നെ വരുന്നു: ഈ പ്രതിസന്ധി പരിഹരിക്കാൻ നമ്മുടെ പ്രൊഫഷണൽ അറിവും കാര്യശേഷിയും എത്രത്തോളമുണ്ട്?

പഠനകാലത്ത് നേടിയ അറിവുവെച്ച് സിസ്റ്റം മാനേജ്‌മെന്റ് രൂപപ്പെടുത്തിയ ശേഷം മാറ്റങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകുന്ന രീതി ശരിയല്ല. അത് നമ്മെ നിശ്ചലരാക്കും; നമ്മുടെ വളർച്ച നിലയ്ക്കും.

പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ തുടർച്ചയായ പ്രൊഫഷണൽ വളർച്ച അത്യാവശ്യമാണ്. ഇന്ന് എൽ നിനോ ആണെങ്കിൽ നാളെ മറ്റൊരു ദുരന്തമായിരിക്കും നമ്മളെ തേടിയെത്തുക. പ്രളയം, കടലാക്രമണം, സമുദ്രനിരപ്പ് ഉയരുന്നത്, കുടിവെള്ള സ്രോതസ്സുകളിൽ ഉപ്പുവെള്ളം കയറുന്നത് തുടങ്ങിയ വൻ ഭീഷണികളുടെ നിഴലിലാണ് കേരളം. ഇതൊന്നും വിദൂര ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളല്ല, തൊട്ടടുത്ത ഭാവിയിൽ തന്നെ നമ്മൾ അഭിമുഖീകരിക്കാൻ പോകുന്ന യാഥാർത്ഥ്യങ്ങളാണ്.

ഇവയെല്ലാം കൃത്യമായി കൈകാര്യം ചെയ്യാൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പ്രൊഫഷണൽ രീതികൾ നമ്മൾ സ്വീകരിച്ചേ മതിയാകൂ. ഒഡീഷയിലെ പുരിയിൽ നടപ്പിലാക്കിയ മാതൃക നമ്മൾ കാണേണ്ടതാണ്. വാട്ടർ ക്വാളിറ്റിയും വിതരണ പ്രഷറും തത്സമയം നിരീക്ഷിക്കാൻ കൃത്യമായ സംവിധാനം അവർ അവിടെ സജ്ജമാക്കിയിട്ടുണ്ട്.

വെള്ളക്കരം കുടിശ്ശിക വരുത്തുന്നവരുടെ കണക്ഷൻ പൂർണ്ണമായി വിച്ഛേദിക്കുന്നത് വലിയ രാഷ്ട്രീയ, സാമൂഹിക എതിർപ്പുകൾക്ക് കാരണമാകാറുണ്ട്. എന്നാൽ പുരിയിൽ അവർ ചെയ്തത്, ഒരു കുടുംബത്തിന് ആവശ്യമായ കുറഞ്ഞ അളവിലുള്ള കുടിവെള്ള വിതരണം ഉറപ്പാക്കിക്കൊണ്ട് വാട്ടർ പ്രഷർ കുറയ്ക്കുക മാത്രമാണ്. ഇത് ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കാതെ തന്നെ കാര്യക്ഷമമായ നികുതി പിരിവിന് വഴിതുറന്നു.

കൂടാതെ, അവരുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൻട്രൽ സിസ്റ്റം വഴി വിതരണ ശൃംഖലയിലെവിടെയെങ്കിലും തടസ്സങ്ങളോ, പ്രഷറിലെ വ്യത്യാസമോ, അല്ലെങ്കിൽ ദൃശ്യമായ ചോർച്ചയില്ലെങ്കിൽ പോലും വെള്ളത്തിന്റെ ഗുണനിലവാരം കുറയുന്നതോ കണ്ടാൽ ഒരു മണിക്കൂറിനകം അത് കണ്ടെത്തി പരിഹരിക്കാൻ അവർക്ക് സാധിക്കുന്നു.

വർഷങ്ങൾക്ക് മുമ്പ് അതൊരു പുതിയ അനുഭവമായിരുന്നുവെങ്കിൽ, ഇന്ന് അത്തരം സാങ്കേതികവിദ്യകൾ സർവ്വസാധാരണമായി മാറേണ്ടതുണ്ട്. വിഭവങ്ങളുടെയോ കാര്യശേഷിയുടെയോ കുറവ് പറഞ്ഞ് നമുക്ക് മാറിനിൽക്കാനാകില്ല. പ്രൊഫഷണലൈസേഷൻ എന്നത് നിർബന്ധമായും ഉറപ്പാക്കേണ്ട ഒന്നാണ്.

പ്രൊഫഷണലൈസേഷൻ എന്നത് എല്ലാ മേഖലകളിലും ഉണ്ടാകണം:

 * ഉപഭോക്തൃ സേവനം: മികച്ച രീതിയിലുള്ള കസ്റ്റമർ അല്ലെങ്കിൽ ക്ലയന്റ് ഏകോപനം.

 * ഗുണനിലവാരവും സുരക്ഷയും: ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പാക്കൽ.

 * ദീർഘവീക്ഷണത്തോടെയുള്ള പ്ലാനിംഗ്: വെറുമൊരു ദൈനംദിന കണക്കെടുപ്പിനപ്പുറം കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം.

അവസാനമായി, പ്രാദേശിക ജനവിഭാഗങ്ങളുടെ അറിവുകളെയും നമ്മൾ പ്രയോജനപ്പെടുത്തണം. 2018-ലെ ചെങ്ങന്നൂർ പ്രളയത്തിൽ 20 അടിയിലധികം വെള്ളമുയർന്ന് രണ്ട് നില വീടുകൾ വരെ മുങ്ങിപ്പോയപ്പോൾ, ദുരന്തനിവാരണ സേനകൾക്കും ആർമിക്കും വഴികാട്ടിയായത് അവിടുത്തെ നാട്ടുകാരുടെ ഭൂമിശാസ്ത്രപരമായ അറിവായിരുന്നു. അത് നിരവധിയാളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു.

ആ ദുരന്തത്തിന് ശേഷം, അടുത്ത 10 മുതൽ 25 വർഷത്തെ പ്രളയ സാധ്യതകൾ ശാസ്ത്രീയമായി വിലയിരുത്തി ചെങ്ങന്നൂരിൽ ഒരു 'റിസ്ക് ഇൻഫോംഡ് മാസ്റ്റർ പ്ലാൻ' തയ്യാറാക്കുകയുണ്ടായി.

നാം മുൻപ് ഒരു ദുരന്ത സാദ്ധ്യതാ ഭൂപടം (Disaster Proneness Map) തയ്യാറാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വളരെ ദുർബലമായ (Vulnerable) പ്രദേശങ്ങളിൽ ഏതെല്ലാം തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരണം, എത്തരം മുൻകരുതലുകൾ വേണം, എവിടെയെല്ലാം പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി കൃത്യമായ ഒരു പ്ലാൻ നാം രൂപീകരിച്ചു.

ഈ പ്ലാൻ ചെങ്ങന്നൂർ നഗരസഭ അംഗീകരിക്കുകയും ചെയ്തു. എന്നാൽ അംഗീകാരം ലഭിച്ചതിനു പിന്നാലെ അവിടെ വലിയ പ്രതിഷേധങ്ങളും പ്രശ്നങ്ങളും ഉയര്‍ന്നുവന്നു. നാട്ടുകാർ ഉന്നയിച്ച പ്രധാന പരാതി, തങ്ങൾക്ക് നിർമ്മാണാനുമതിയും മറ്റ് ഓഫീസുകളിൽ നിന്നുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്നതായിരുന്നു. ഇത് കാർഷിക മേഖലയെയും വീടുപണികളെയും സാരമായി ബാധിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വലിയ ബഹളങ്ങൾ ഉണ്ടായി.

തുടർന്ന്, ശാസ്ത്രീയമായ കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ കൃത്യമായി വിശദീകരിച്ചു നൽകുന്നതിനായി നാം ഒരു ഗ്രാമസഭ സംഘടിപ്പിച്ചു. ആ ഗ്രാമസഭയിൽ വളരെ ശ്രദ്ധേയമായ ചില കാര്യങ്ങളാണ് ഉയർന്നുവന്നത്. വിദഗ്ദ്ധർക്ക് പോലും പലപ്പോഴും മനസ്സിലാകാത്ത രണ്ടു പ്രധാന വിഷയങ്ങൾ പ്രദേശവാസികൾ ചൂണ്ടിക്കാണിച്ചു:

ഒന്നാമതായി അവർ പറഞ്ഞത്, 2018-ലെ പ്രളയത്തെ മാത്രം മാനദണ്ഡമാക്കി ഒരു മാതൃകാ ഡാറ്റ (Standard data) തയ്യാറാക്കാൻ സാധിക്കില്ല എന്നാണ്. കാരണം, അത് സാധാരണ ഗതിയിൽ സംഭവിക്കാത്ത ഒരു അപൂർവ്വ പ്രതിഭാസമായിരുന്നു (Aberration). അതിനാൽ കൂടുതൽ ദീർഘകാലത്തെ ഡാറ്റ പരിശോധിച്ച് വിലയിരുത്തൽ (Evaluation) നടത്തേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ കൂടുതൽ ഇടവിട്ട് ആവർത്തിക്കാം എന്ന ബോധ്യം നാട്ടുകാർക്കുണ്ട്.

രണ്ടാമതായി, അതിലും പ്രധാനപ്പെട്ട ഒരു കാര്യം അവർ ഉന്നയിച്ചു: "വെള്ളപ്പൊക്കം എന്നത് ഞങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. മഴക്കാലത്ത് വെള്ളപ്പൊക്കത്തെ അതിജീവിക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്ന പ്രായോഗികമായ തന്ത്രങ്ങൾ (Coping strategies) തലമുറകളായി ഞങ്ങളുടെ പക്കലുണ്ട്. എന്നാൽ അത്തരം തദ്ദേശീയ അറിവുകളെയും രീതികളെയും നിങ്ങളുടെ പദ്ധതികളിൽ ഉൾപ്പെടുത്താനോ മനസ്സിലാക്കാനോ നിങ്ങൾ തയ്യാറായിട്ടില്ല."

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരു സ്ട്രാറ്റജിക് പ്ലാനിംഗിലേക്ക് വരുമ്പോൾ സംഭാവന ചെയ്യുന്നത് ഇത്തരം പ്രായോഗിക അറിവുകളാണ്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിലുള്ളവർക്ക് വലിയ വിദഗ്ദ്ധ ജ്ഞാനം ഉണ്ടാകണമെന്നില്ല. എന്നാൽ, തങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ സ്പന്ദനവും ആവശ്യങ്ങളും തൊട്ടറിയാൻ ജനപ്രതിനിധികൾക്കുള്ള കഴിവ് മറ്റ് ഉദ്യോഗസ്ഥർക്കോ, എം.എൽ.എമാർക്കോ, മന്ത്രിമാർക്കോ ഇല്ല.

ഇനി വരും നാളുകളിൽ കുടിവെള്ള സ്രോതസ്സുകളുടെയും ജലവിഭവങ്ങളുടെയും സംരക്ഷണം തദ്ദേശ ഭരണകൂടങ്ങൾ നേരിട്ട് നിർവ്വഹിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അതിനായുള്ള ഫണ്ടുകളും ചില നിബന്ധനകളോടെ കൈമാറുന്നുണ്ട്. അതിനാൽ, ഈ പ്രക്രിയ എങ്ങനെയാണ് നടപ്പിലാക്കുന്നതെന്നും അധികാരം എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നും നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ നാമമാത്രമായ (Paper tiger) അധികാരങ്ങൾ മാത്രമുള്ളവയായതിനാൽ ഇത് വലിയൊരു പ്രശ്നമായി മാറുന്നില്ല. ജനകീയ അധികാരങ്ങളോ അവകാശങ്ങളോ ഉള്ള തദ്ദേശ സ്ഥാപനങ്ങൾ കേരളത്തിന് പുറത്ത് അപൂർവ്വമാണ്. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടുത്തെ തദ്ദേശ ഭരണകൂടങ്ങൾ യഥാർത്ഥത്തിൽ ശാക്തീകരിക്കപ്പെട്ടവയാണ്. വാർഡ് തലത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്.

ഇന്ന് കേരളത്തിൽ ഇത്രയധികം അടിസ്ഥാന സൗകര്യങ്ങളും റോഡുകളും സേവനങ്ങളും ഗ്രാമങ്ങളിലേക്ക് പോലും എത്തിയിട്ടുണ്ടെങ്കിൽ, അതിന് ഒരൊറ്റ കാരണമേയുള്ളൂ; ഇവിടുത്തെ ജനപ്രതിനിധികളും കൗൺസിലർമാരും തങ്ങളുടെ പ്രദേശത്തെ വികസനത്തിനും ആവശ്യങ്ങൾക്കും വേണ്ടി ശക്തമായി നിലകൊണ്ടു എന്നതാണത്. തീർച്ചയായും ഇതിനൊരു മറുപക്ഷമുണ്ട്; പലപ്പോഴും വാർഡ് തലത്തിലുള്ള വികസനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഒരു പ്രദേശത്തിന്റെ സമഗ്രമായ ചിത്രം കണ്ടുകൊണ്ടുള്ള ആസൂത്രണം നടക്കാൻ ബുദ്ധിമുട്ടാണ്.

ജനകീയാസൂത്രണം ആരംഭിച്ച കാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്കായി ഒരു എഞ്ചിനീയറിംഗ് വിഭാഗം രൂപീകരിക്കുകയുണ്ടായി. അന്ന് ഇറിഗേഷൻ, പി.ഡബ്ല്യു.ഡി (PWD) വകുപ്പുകളിൽ നിന്നാണ് എഞ്ചിനീയർമാരെ നിയമിച്ചത്. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമായ എഞ്ചിനീയറിംഗ് രീതികൾ എന്താണെന്ന് നാം പഠിച്ചില്ല. സംസ്ഥാന തലത്തിലുള്ള എഞ്ചിനീയറിംഗ് രീതികൾ അതേപടി ഇങ്ങോട്ട് പകർത്തിയാൽ മതിയാകും എന്ന തെറ്റിദ്ധാരണ ഉണ്ടായിരുന്നു.

ഇത് സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. ഇന്ന് തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗം അമിതമായ ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുകയാണ്. വലിയ വികസന പദ്ധതികളെ അപേക്ഷിച്ച് ചെറിയ തുകയുടെ അനേകം പ്രോജക്റ്റുകളാണ് തദ്ദേശ തലത്തിൽ കൈകാര്യം ചെയ്യേണ്ടി വരുന്നത്. വലിയ തുകയുടെ ഒറ്റ പ്രോജക്റ്റ് ചെയ്യുന്നതിനേക്കാൾ അധ്വാനം ചെറുകിട പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് ആവശ്യമായി വരുന്നു. ഇവയുടെ എല്ലാം റെഗുലേഷനും മോണിറ്ററിങ്ങും ഒക്കെത്തന്നെ ഈ 20 ലക്ഷത്തിന്റെ പ്രൊജക്റ്റുകൾക്കും ചെയ്യേണ്ടതുണ്ട്.

100 കോടി രൂപയുടെ 10 പ്രൊജക്റ്റുകൾ ഉള്ളിടത്ത്, 20 ലക്ഷത്തിന്റെ 20,000 പ്രൊജക്റ്റുകൾ ഉണ്ടാകാം. അതിനാൽ ഇവ തമ്മിൽ യാതൊരു താരതമ്യവുമില്ല. അത്രയധികം പ്രവൃത്തികൾ അതിലുണ്ട്. ഇത് കേവലം റോഡ് പണികൾ മാത്രമല്ല; മറ്റു എഞ്ചിനീയറിംഗ് പ്രവൃത്തികളും ഇതിൽ വരുന്നുണ്ട്. കൂടാതെ, പരിപാലന (Maintenance) ചുമതല പൂർണ്ണമായും അവരുടെ മേലിലാണ് വരുന്നത്. അതുമാത്രമല്ല, കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകൽ, ബിൽഡിംഗ് പെർമിറ്റ് അനുവദിക്കൽ തുടങ്ങിയ നടപടികളും അവർ സ്വീകരിക്കേണ്ടതുണ്ട്.

അതുകൊണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ (LSGD) വരുന്ന ജോലിഭാരത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് നമ്മൾ എഞ്ചിനീയർമാരെ അങ്ങോട്ട് നിയോഗിക്കുന്നത്. വാട്ടർ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ബന്ധം വിഭാവനം ചെയ്യുമ്പോൾ ഈ ഒരു വസ്തുത പരിഗണിച്ചില്ലെങ്കിൽ മുൻപ് പറ്റിയ തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടും.

അവിടെ എന്താണ് ആവശ്യമെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ജീവനക്കാരുടെ ലഭ്യത മാത്രം അങ്ങോട്ട് മാറ്റിയതുകൊണ്ട് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുമെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. കാരണം, നമ്മൾ അറിയാത്ത അനേകം പരിഹരിക്കപ്പെടാത്ത പ്രാദേശിക ആവശ്യങ്ങൾ അവിടെയുണ്ട്. അവ പ്രാദേശികതലത്തിൽ ഉയർന്നു വരും. നമ്മുടെ വാട്ടർ അതോറിറ്റി എഞ്ചിനീയർമാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു അന്തരീക്ഷം വരുമ്പോൾ, ഇത്തരം ആവശ്യങ്ങൾ കൂടുതൽ ഉന്നയിക്കപ്പെടുകയും തന്മൂലം ജീവനക്കാർക്ക് കടുത്ത സമ്മർദ്ദം അനുഭവപ്പെടുകയും ചെയ്യും.

അതുകൊണ്ട് ഈ സിസ്റ്റങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം സംവിധാനങ്ങളെ പ്രൊഫഷണലൈസ് ചെയ്യാനും, ഡിജിറ്റൈസ് ചെയ്യാനും, ആവശ്യമായ സാങ്കേതികവിദ്യകൾ കൊണ്ടുവരാനും സാധിച്ചാൽ മാത്രമേ ഈ മാറ്റം (Transition) എളുപ്പത്തിൽ സാധ്യമാകൂ. അതിനാൽ നാം അത് നടപ്പിലാക്കേണ്ടതുണ്ട്. കൃത്യമായ ആസൂത്രണം നടത്തുക, സാങ്കേതികവിദ്യ വികസിപ്പിക്കുക, പുതിയ സിസ്റ്റങ്ങൾ പഠിക്കുക എന്നിവ വളരെ പ്രധാനമാണ്. 'സിസ്റ്റംസ് തിങ്കിങ്ങും' മാനേജ്മെന്റ് രീതികളും നമ്മൾ കൊണ്ടുവരണം. അടിയന്തര സാഹചര്യങ്ങളെ നേരിടാനും (Crisis Management), ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനുമുള്ള പ്രാപ്തി നമുക്കുണ്ടാകണം. ഇവയെല്ലാം കോർത്തിണക്കിയുള്ള ഒരു കാഴ്ചപ്പാടാണ് ഇതിലേക്ക് കൊണ്ടുവരേണ്ടത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള നല്ലൊരു കാര്യം എന്തെന്നാൽ — പൊതുവേ വകുപ്പുകൾ തദ്ദേശ സ്ഥാപനങ്ങളെ ഒരു എതിരാളിയോ അല്ലെങ്കിൽ തങ്ങളുടെ അധികാരം കവരുന്നവരോ ആയിട്ടാണ് കാണാറുള്ളത്. "ഞങ്ങളുടെ മേഖലയും ജോലികളും മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കവർന്നെടുത്തു" എന്ന ആരോപണം ഇന്നും നിലനിൽക്കുന്നുണ്ട്.

എങ്കിലും, യഥാർത്ഥത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം പ്രവർത്തിക്കുന്നവർക്ക് വലിയ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. വ്യത്യസ്തമായി ചിന്തിക്കാനും, പുതിയ ആശയങ്ങൾ നടപ്പിലാക്കാനും (Innovate), നമ്മൾ പഠിച്ച കാര്യങ്ങൾ സ്വന്തം സിസ്റ്റത്തിൽ ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളിൽ അത് ഇവിടെ പ്രയോഗിക്കാനുമുള്ള അവസരം ലഭിക്കും. അത് ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തലിലോ (Water Quality Management), ശുദ്ധജല സുരക്ഷയിലോ, അല്ലെങ്കിൽ ഈ വ്യവസ്ഥയെ പൂർണ്ണമായി ഒരു സർക്കുലർ എക്കോണമിയായി കാണുന്നതിലോ ഒക്കെയാകാം. പ്രവൃത്തികൾ ചെയ്യാനുള്ള അവസരവും സ്വാതന്ത്ര്യവും ലഭിക്കുന്നതോടൊപ്പം, പുറത്തുനിന്നുള്ള അറിവുകൾ ഇതിലേക്ക് കൊണ്ടുവരാനും, പ്രദേശവാസികളുടെ പങ്കാളിത്തവും താല്പര്യവും ഉറപ്പാക്കാനും ഇത് വളരെയധികം സഹായിക്കും.

അവസാനമായി പറയാനുള്ളത്, ഉപഭോക്തൃ ഗ്രൂപ്പുകളുടെ (User Groups) രൂപീകരണവും സ്ഥാപനവൽക്കരണവും അനിവാര്യമായി വരുമെന്ന അഭിപ്രായത്തോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു.

ശുദ്ധജല, മലിനജല സംസ്‌കരണ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നയിടങ്ങളിൽ പോലും — ഉദാഹരണത്തിന് അമേരിക്കൻ ഐക്യനാടുകളിൽ ഇത് പൂർണ്ണമായും തദ്ദേശ ഭരണകൂടങ്ങളുടെ പരിധിയിലാണ് വരുന്നതെങ്കിലും — കേന്ദ്ര ഗവൺമെന്റ് വൻതോതിൽ സാമ്പത്തിക സഹായം നൽകുന്നത് കാണാം.

പലിശ കുറഞ്ഞ വായ്പകളായും (Soft Loans) ഗ്രാന്റുകളായും ധനസഹായങ്ങളായും അവർ അത് നൽകുന്നു. കാരണം, ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും, പൈപ്പ് ലൈനുകൾ ഇടുന്നതിനും, ജലശുദ്ധീകരണത്തിനും, ഗുണനിലവാര ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും വലിയ തുക ചെലവഴിക്കേണ്ടി വരും. ആ ചെലവ് പ്രാദേശിക ജനവിഭാഗങ്ങൾക്കോ പഞ്ചായത്തുകൾക്കോ തനിയെ വഹിക്കാൻ കഴിയില്ല.

അതുകൊണ്ട് നിങ്ങളുടെ നിലവിലെ വൈദഗ്ധ്യങ്ങൾ വികസിപ്പിക്കുകയും കാലോചിതമായി മാറുകയും ചെയ്യുക. നിങ്ങൾ കാലാനുസൃതമായി അറിവുകൾ പുതുക്കുകയാണെങ്കിൽ നിങ്ങൾക്ക് മുന്നിൽ മറ്റാർക്കും തടസ്സമാകാൻ കഴിയില്ല. ആശംസകൾ!