കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ഓഫീസർമാരുടെ സംഘടനയായ സ്പാറ്റോയുടെ രജതജൂബിലി സമ്മേളനത്തിന്‍റെ ഭാഗമായി നവലിബറൽ കാലത്തെ ഇന്ത്യൻ തൊഴിൽരംഗവും സാമൂഹ്യ സുരക്ഷയും എന്ന വിഷയത്തിൽ സെമിനാർ നടന്നു. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്‍റ് സ. കെ. ഹേമലത സംസാരിച്ചു.
സഖാവിന്‍റെ വാക്കുകളിൽ നിന്ന്…
ഈ യോഗത്തിൽ പങ്കെടുക്കുന്ന നിങ്ങൾ ഓഫീസർമാരായി പണിയെടുക്കുന്നവരാണ്. അതോടൊപ്പം ജീവനക്കാരുമാണ്.
നവലിബറൽ നയങ്ങളുടെ സ്വഭാവം നാം തിരിച്ചറിയേണ്ടതുണ്ട്. മുതലാളി വർഗം സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി നടപ്പാക്കുന്ന വർഗാടിസ്ഥാനത്തിലുള്ള പദ്ധതിയാണ് (class project) നവലിബറലിസം. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ഈ വർഗപദ്ധതിയുടെ നടത്തിപ്പുകാരായി മാറുകയാണ്. നവലിബറലിസം എന്നത് സാമ്പത്തികനയങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. അതിന് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ മാനങ്ങൾ കൂടിയുണ്ട്.
നവലിബറൽ നയങ്ങൾ തടസമില്ലാതെ നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി അതിനെതിരായ ചെറുത്തുനിൽപ്പുകളെയെല്ലാം അമർച്ച ചെയ്യുകയെന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇത് കാരണം ജനാധിപത്യ അവകാശങ്ങളും ഫെഡറൽ ഘടനയും ഇന്ന് വെല്ലുവിളി നേരിടുകയാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പോലെയുള്ള നീക്കങ്ങൾ ഇതിന് ഉദാഹരണമാണ്.
നവലിബറൽ പ്രത്യയശാസ്ത്രത്തിൽ കമ്പോളത്തിനാണ് പരമപ്രാധാന്യമുള്ളത്. കാര്യക്ഷമത, തുല്യത, സാമ്പത്തിക പുരോഗതി എന്നിവയെല്ലാം കമ്പോളത്തിലൂടെ നേടിയെടുക്കാൻ കഴിയുമെന്ന ആശയത്തിന് ഇന്ന് പ്രാമുഖ്യം ലഭിച്ചിരിക്കുന്നു. എല്ലാ ജീവിതമേഖലകളും കമ്പോളത്തിന്‍റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു. സ്വയം സഹായ സംഘങ്ങൾ, മൈക്രോ ഫിനാൻസ് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.
നവലിബറലിസം എന്നത് സമസ്തമേഖലകളെയും ഉൾക്കൊള്ളുന്ന ഒരു പദ്ധതിയാണെന്നും സാമ്പത്തിക പദ്ധതി മാത്രമല്ലെന്നും ഇതിൽ നിന്ന് വ്യക്തമാണ്.
1991ലാണ് നവലിബറൽ നയങ്ങൾ ഔദ്യോഗികമായി ഇന്ത്യയിൽ നടപ്പാക്കാനാരംഭിച്ചത്. അതിന് ശേഷം അധികാരത്തിൽ വന്ന കേന്ദ്ര മന്ത്രിസഭകളെല്ലാം ഈ നയം തന്നെയാണ് പിന്തുടർന്ന് പോന്നത്.
യഥാർത്ഥത്തിൽ അന്തർദേശീയ തലത്തിൽ 1930കളിൽ തന്നെ നവലിബറൽ നയങ്ങൾ രൂപപ്പെട്ടിരുന്നു. എന്നാൽ അന്ന് മുതലാളിത്ത ലോകത്തുണ്ടായ ഗ്രേറ്റ് ഡിപ്രഷൻ എന്നറിയപ്പെടുന്ന സാമ്പത്തിക മാന്ദ്യം കാരണം ഈ നയങ്ങൾ നടപ്പാക്കാൻ കഴിഞ്ഞില്ല. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷവും കെയ്നീഷ്യൻ സാമ്പത്തിക നയങ്ങൾ തുടരുവാൻ മുതലാളിത്ത രാജ്യങ്ങൾ നിർബന്ധിതരായി.
1970കളിൽ സോവിയറ്റ് യൂണിയൻ പ്രതിസന്ധികൾ നേരിടാൻ തുടങ്ങിയതോടെ നവലിബറൽ നയങ്ങൾ ശക്തിയാർജിച്ചു. ലാറ്റിനമേരിക്കയിലാണ് ഈ നയങ്ങൾ ആദ്യമായി നടപ്പാക്കിത്തുടങ്ങിയത്. തുടർന്ന് അമേരിക്കയിൽ റൊണാൾഡ് റീഗന്‍റെ സർക്കാരും ബ്രിട്ടനിൽ മാർഗരറ്റ് താച്ചറുടെ സർക്കാരും നവലിബറൽ നയങ്ങൾ അതിശക്തമായി നടപ്പാക്കാനാരംഭിച്ചു. ലോകബാങ്ക്, ഐ. എം.എഫ് എന്നിവയുടെ വായ്പകൾ വഴി ഈ നയങ്ങൾ നടപ്പാക്കാൻ മറ്റ് രാജ്യങ്ങളും നിർബന്ധിതരായിത്തീർന്നു.
ബാലൻസ് ഒഫ് പേമെന്‍റ് പ്രതിസന്ധിയുടെ പേരിലാണ് 1991ൽ ഇന്ത്യയിൽ നവലിബറൽ നയങ്ങൾ നടപ്പാക്കാനാരംഭിച്ചത്. യഥാർത്ഥത്തിൽ ഈ നയത്തിന്‍റെ ചില അംശങ്ങൾ ഇന്ത്യയിൽ മുമ്പ് തന്നെ നടപ്പാക്കാനാരംഭിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനെന്ന പേരിലാണ് ഈ നയങ്ങൾ അവതരിപ്പിക്കപ്പെട്ടതെങ്കിലും മുതലാളി വർഗത്തിന്‍റെ ലാഭം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഇതിന്‍റെ ഉദ്ദേശ്യം. ഈ നയങ്ങൾ വേതനഘടനയെ വലിയ തോതിൽ ബാധിച്ചു.
ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം (Liberalisation, Privatisation, Globalisation - LPG) എന്ന പേരിലാണ് ഈ നയങ്ങൾ അറിയപ്പെട്ടത്. മൂലധനത്തിന് ലോകത്തെവിടെയും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും ആഗോള വ്യാപാരത്തിനും തടസമായി നിന്ന നിയന്ത്രണങ്ങളെല്ലാം എടുത്തു കളയുകയായിരുന്നു എൽ.പി.ജി എന്നത് കൊണ്ട് ഉദ്ദേശിച്ചത്. ബഹുരാഷ്ട്രക്കുത്തക കമ്പനികൾക്ക് ലോകത്തെ വിവിധ രാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങൾ യഥേഷ്ടം ചൂഷണം ചെയ്യാനും ലാഭം വർദ്ധിപ്പിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്. അതിനാൽ തന്നെ ഈ നയങ്ങളിൽ സാധാരണക്കാർക്ക് സ്ഥാനമുണ്ടായിരുന്നില്ല.
1991ൽ നവലിബറൽ നയങ്ങൾ നടപ്പാക്കാനാരംഭിച്ച അവസരത്തിൽ ഈ നയങ്ങളെ പറ്റിയുള്ള ചില മിത്തുകൾക്ക് വലിയ പ്രചാരം ലഭിച്ചു. നവലിബറൽ നയങ്ങൾ ദാരിദ്ര്യം കുറക്കുമെന്നും സമ്പദ്ഘടന ശക്തിപ്പെടുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിക്കുമെന്നും മറ്റുമുള്ള പ്രചാരണങ്ങൾ ഇതിന്‍റെ ഭാഗമായിരുന്നു. വ്യവസായികൾക്ക് ലഭിക്കുന്ന ലാഭം സമൂഹത്തിന്‍റെ അടിത്തട്ടിലേക്ക് അരിച്ചിറങ്ങുമെന്നും അത് സമൂഹത്തിന് പൊതുവിൽ ഗുണകരമാകുമെന്നും പ്രചരിപ്പിക്കപ്പെട്ടു. Trickle down theory എന്നാണ് ഇത് അറിയപ്പെട്ടത്.
നവലിബറൽ നയങ്ങൾ ആർക്ക് വേണ്ടിയാണ് നടപ്പാക്കുന്നതെന്നും ആർക്കാണിവയുടെ ഗുണഫലം ലഭിക്കുകയെന്നുമുള്ള കാര്യങ്ങളിൽ ഈ നയങ്ങൾ ഇന്ത്യയിൽ നടപ്പാക്കാൻ ആരംഭിച്ച കാലം മുതൽ തന്നെ സി.ഐ.ടി.യുവിനും സഹോദരസംഘടനകൾക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു. സമൂഹത്തിൽ ബഹുഭൂരിപക്ഷം പേർക്കും ഈ നയങ്ങൾ ഹാനികരമാകുമെന്ന് അന്ന് തന്നെ നാം തിരിച്ചറിഞ്ഞിരുന്നു. ഈ നയത്തിന്‍റെ ദോഷഫലങ്ങൾ അനുഭവിക്കുന്ന വിഭാഗങ്ങളെ സംഘടിപ്പിക്കുവാനും അന്ന് തന്നെ നാം ആരംഭിച്ചിരുന്നു.
എന്നാൽ അക്കാലത്ത് എല്ലാ തൊഴിലാളി സംഘടനകളും ഈ ചിന്താഗതിക്കാരായിരുന്നില്ല. പലരും ഈ നയങ്ങളുടെ ഗുണവശങ്ങളെപ്പറ്റി മിഥ്യാധാരണകൾ പുലർത്തിയിരുന്നു. എന്നാൽ പിൽക്കാലത്ത് നവലിബറൽ നയങ്ങളുടെ പരാജയത്തെപ്പറ്റിയുള്ള അവബോധം ലോകത്തെമ്പാടും വ്യാപിക്കുകയാണുണ്ടായത്. ആഗോളതലത്തിൽ ഐ.എം.എഫിന് പോലും ഇക്കാര്യം അംഗീകരിക്കേണ്ടി വന്നു. ഇന്ത്യയിലാകട്ടേ മൂന്നാം തവണയും ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നെങ്കിലും ആദ്യ രണ്ട് ഊഴങ്ങളിൽ നിന്ന് വ്യത്യസ്തമായി നവലിബറൽ നയങ്ങൾ ആക്രമണോത്സുകമായി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് സംജാതമായത്.
ഇടതുപക്ഷ നേതൃത്വത്തിലുള്ളവയൊഴികെ മറ്റെല്ലാ സർക്കാരുകളും നവലിബറൽ നയങ്ങൾ നടപ്പാക്കുകയാണ് ചെയ്യുന്നത്. അവർക്കെല്ലാം മുതലാളി വർഗത്തിന്‍റെ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. നവലിബറൽ നയങ്ങളെ എക്കാലവും എതിർത്തുപോന്നത് ഇടതുപക്ഷം മാത്രമാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതിന് വിവിധ മാർഗങ്ങൾ അവലംബിക്കുന്നുണ്ട്.
മൂലധനത്തിന്‍റെ നിർബാധമായ ഒഴുക്കിന് സൗകര്യം ചെയ്തുകൊടുക്കുകയെന്നതാണ് സർക്കാരുകളുടെ ദൗത്യമെന്ന നിലയിലേക്കാണ് ഇന്ന് എത്തി നിൽക്കുന്നത്. സ്വകാര്യമൂലധന നിക്ഷേപം ആകർഷിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണ്. ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് (Ease of doing business) പോലുള്ള മാനദണ്ഡങ്ങൾ ഉദാഹരണം. ഇതിന്‍റെ ഭാഗമായി തൊഴിലാളികളുടെ അവകാശങ്ങൾക്ക് മേൽ വലിയ തോതിലുള്ള കടന്നാക്രമണമാണ് നടക്കുന്നത്.
സംസ്ഥാനങ്ങളുടെ പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യുന്നതിന് സ്വകാര്യമൂലധന ഉടമകൾക്ക് അവസരമൊരുക്കുവാനും സർക്കാരുകൾ തയ്യാറാകുന്നു. ഖനികൾ, ഭൂമി, വനം, ജലസ്രോതസുകൾ തുടങ്ങിയവയെല്ലാം വിദേശമൂലധനത്തിനും ബഹുരാഷ്ട്രക്കുത്തകകൾക്കും കൈമാറുകയെന്നതാണ് ഇന്നത്തെ നയം.
ഇതിനൊപ്പം തന്നെ പൊതുമേഖലകളെ ദുർബലമാക്കുകയും നശിപ്പിക്കുകയും ചെയ്യുകയെന്ന സമീപനമാണ് മിക്ക സർക്കാരുകളും കൈക്കൊള്ളുന്നത്. കേന്ദ്രസർക്കാരിന്‍റെ നാഷണൽ മോണറ്റൈസേഷൻ പൈപ്പ് ലൈൻ ഇതിന് ഉദാഹരണമാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ മാത്രമാണ് ഇതിന് അപവാദം. എന്നാൽ കേന്ദ്രസർക്കാരിന്‍റെ എതിർപ്പ് നേരിട്ട് ഈ നയം മുന്നോട്ട് കൊണ്ടുപോകുന്നതിൽ തടസങ്ങൾ ഏറെയാണ്.
തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങൾ വലിയ ആക്രമണങ്ങൾക്ക് വിധേയമാകുന്നു. തൊഴിൽ നിയമ ഭേദഗതികൾ ഇതിന്‍റെ ഭാഗമാണ്. സ്ഥിരം തൊഴിൽ കുറക്കുക, കരാർ തൊഴിൽ വ്യാപകമാക്കുക, റിട്ടയർമെന്‍റ് തസ്തികകൾ ഒഴിച്ചിടുക, ഡൗൺസൈസ് ചെയ്യുക ഇങ്ങനെ പല രീതികളിൽ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. റയിൽവേയിൽ 4 ലക്ഷം തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്. മറ്റ് കേന്ദ്ര പൊതുമേഖലകളിലും സമാനമായ അവസ്ഥയാണുള്ളത്. നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർദ്ധിക്കാനും ഇത് കാരണമാകുന്നു. കേന്ദ്രസർക്കാരിൽ ജോയിന്‍റ് സെക്രട്ടറി തസ്തികയിൽ വരെ കരാർ നിയമനം നടക്കുകയാണ്. പല വ്യവസായങ്ങളിലും 40 മുതൽ 60 വരെ ശതമാനം പേർ കരാർ തൊഴിലാളികളാണ്. പവർ ഗ്രിഡ് കോർപ്പറേഷൻ ഇതിന് ഉദാഹരണമാണ്. കരാർ തൊഴിലാളികളുടെ സംരക്ഷണത്തിനായി നിയമം നിലവിലുണ്ടെങ്കിലും ഒരിടത്തും അത് നടപ്പാക്കപ്പെടുന്നില്ല.
ട്രെയിനി, അപ്രന്‍റീസ്, ഇന്‍റേൺ തുടങ്ങി പല പേരുകളിലാണ് കരാർ തൊഴിലാളികളെ നിയമിക്കുന്നത്. ഇത്തരം തൊഴിലാളികൾക്ക് പലപ്പോഴും വളരെ കുറഞ്ഞ വേതനമാണ് നൽകുന്നത്. ബഹുരാഷ്ട്ര കമ്പനികളിൽ പോലും ഇതാണ് അവസ്ഥ.
ഫിക്സഡ് ടേം എംപ്ലോയ്മെന്‍റ് (Fixed term employment) എന്ന പേരിൽ നിശ്ചിത കാലയളവിലേക്ക് ജീവനക്കാരെ നിയമിക്കുന്നതാണ് മറ്റൊരു രീതി. ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ ആണ് ആദ്യം നിയമനം നടത്തുന്നതെങ്കിലും എത്ര തവണ വേണമെങ്കിലും അവർക്ക് പുനർനിയമനം നൽകുവാൻ കഴിയും. സ്ഥിരം ജീവനക്കാരുടെ വേതനം ലഭിക്കാൻ ഇവർക്ക് അർഹതയുണ്ടെങ്കിലും ലഭിക്കുന്നില്ല. പുനർനിയമനം നഷ്ടമാകുമോ എന്ന ഭീതി കാരണം ഉയർന്ന വേതനം ആവശ്യപ്പെടാൻ അവർ മടിക്കുകയാണ്.
സ്വകാര്യ കമ്പനികളിൽ ഇന്‍റേൺമാരെ നിയമിക്കാനും ഇവരുടെ വേതനത്തിനായി പ്രതിമാസം 5000 രൂപ സർക്കാർ നൽകാനും ഇക്കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ നിർദ്ദേശമുണ്ട്. യഥാർത്ഥത്തിൽ പൊതുഖജനാവിലെ പണം സ്വകാര്യമേഖലക്ക് വേണ്ടി വിനിയോഗിക്കപ്പെടുകയാണ് ഇതിലൂടെ ഉണ്ടാകുക.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾ ഡെലിവറി നടത്തുന്നവരെ പാർട്ണർ എന്നാണ് വിളിക്കുന്നത്. ഇത് വഴി തൊഴിലാളികൾ എന്ന പരിഗണനയും സാമൂഹ്യസുരക്ഷയും അവർക്ക് ലഭിക്കാതാകുന്നു.
ഇതിനൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ട വിഷയമാണ് തൊഴിൽനിയമ ഭേദഗതി. നിലവിലുള്ള തൊഴിൽ നിയമങ്ങൾക്ക് പകരമായി നാല് ലേബർ കോഡുകൾ 2019ലും 2020ലുമായി മോദി സർക്കാർ പാർലമെന്‍റിൽ പാസാക്കുകയുണ്ടായി. തൊഴിലാളികളുടെ വേതനത്തെയും സാമൂഹ്യസുരക്ഷയെയും ബാധിക്കുന്ന ഈ കോഡുകൾ കൂട്ടായി വിലപേശാനുള്ള തൊഴിലാളികളുടെ അവകാശം ഇല്ലാതാക്കുവാൻ ഉന്നമിടുന്നു. ലേബർ കോഡുകൾ നടപ്പാക്കപ്പെടുകയാണെങ്കിൽ ട്രേഡ് യൂണിയനുകൾ രൂപീകരിക്കുന്നതും സമരങ്ങൾ നടത്തുന്നതും പ്രയാസകരമായി മാറും. 1-4-2025 മുതൽ ലേബർ കോഡുകൾ നടപ്പാക്കുവാനാണ് സർക്കാർ തീരുമാനം.
നേരത്തേ പറഞ്ഞതുപോലെ നവലിബറൽ നയങ്ങൾ നടപ്പാക്കി തുടങ്ങിയപ്പോൾ തന്നെ അതിന്‍റെ അപകടം സി.ഐ.ടി.യുവും സഹോദരസംഘടനകളും തിരിച്ചറിഞ്ഞിരുന്നു. എന്നാൽ മറ്റ് പല സംഘടനകൾക്കും ഇക്കാര്യത്തിൽ ആശയവ്യക്തത ഉണ്ടായിരുന്നില്ല. എന്നിരുന്നാലും നവ ലിബറൽ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനും ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി രൂപീകരിക്കാനും നമുക്ക് കഴിഞ്ഞു. 2009 ആയപ്പോഴേക്ക് ഐ.എൻ.ടി.യു.സിയും ബി.എം.എസും അടക്കം എല്ലാ ട്രേഡ് യൂണിയനുകളും സംയുക്ത വേദിയുടെ ഭാഗമായി മാറി. എന്നാൽ ബി.ജെ.പി അധികാരത്തിൽ വന്നതോടെ ബി.എം.എസ് സംയുക്തവേദി വിട്ടുപോയി. നവ ലിബറൽ നയങ്ങൾ പൂർണമായി തടഞ്ഞുനിർത്താൻ ട്രേഡ് യൂണിയൻ പ്രക്ഷോഭങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും അവയുടെ വേഗത കുറക്കുന്നതിന് സാധിച്ചിട്ടുണ്ട്. ലേബർ കോഡുകൾ പാർലമെന്‍റിൽ പാസാക്കിയെങ്കിലും അവ നോട്ടിഫൈ ചെയ്യാൻ ഇത് വരെയും സർക്കാരിന് സാധിച്ചിട്ടില്ല. ട്രേഡ് യൂണിയനുകളുടെ ശക്തമായ ചെറുത്തുനിൽപ്പാണ് ഇതിന് കാരണം.
8 മണിക്കൂർ ജോലി എന്ന തത്വം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ തൊഴിൽ സമയം വർദ്ധിപ്പിച്ചുകൊണ്ട് മുതലാളിവർഗത്തിന്‍റെ മിച്ചമൂല്യം വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നമ്മുടെ രാജ്യത്ത് നടക്കുന്നത്. തമിഴ് നാട്ടിൽ ഡി.എം.കെ സർക്കാർ പ്രവൃത്തി സമയം 12 മണിക്കൂറായി വർദ്ധിപ്പിച്ചു. എന്നാൽ ഭരണകക്ഷിയുടെ സഖ്യകക്ഷികൾ തന്നെ എതിർത്തതിനാൽ തമിഴ് നാട് സർക്കാരിന് ആ നീക്കത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടിവന്നു.കർണാടകയിലും പ്രവൃത്തി സമയം വർദ്ധിപ്പിച്ചു. അവിടെ ഐ.ടി മേഖലയിൽ പ്രവൃത്തി സമയം 14 മണിക്കൂറായാണ് വർദ്ധിപ്പിച്ചത്.
പല സംസ്ഥാനങ്ങളിലും സർക്കാർ മേഖലയിൽ ശമ്പള പരിഷ്കരണം നടപ്പാക്കാറില്ല. പല പൊതുമേഖലാ സ്ഥാപനങ്ങളിലും ശമ്പളവർദ്ധന സംബന്ധിച്ച ചർച്ചകൾ പോലും നടത്തുന്നില്ല.
പൊതുമേഖലകളെ ദുർബലമാക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ബി.എസ്.എൻ.എൽ ഇതിന് ഉദാഹരണമാണ്. മറ്റ് കമ്പനികൾ 5 ജി യിലേക്ക് കടക്കുമ്പോൾ ബി.എസ്.എൻ.എല്ലിന് 4 ജി തുടങ്ങാൻ പോലും അനുവാദം നൽകുന്നില്ല. ഇതിന് ആവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനും അവർക്ക് അനുമതിയില്ല.
ഇതോടൊപ്പം തന്നെ തൊഴിലാളികളുടെയും ജീവനക്കാരുടെയും സാമൂഹ്യസുരക്ഷാപദ്ധതികൾ അട്ടിമറിക്കപ്പെടുകയാണ്. വർഷങ്ങൾ നിണ്ടുനിന്ന സമരങ്ങളിലൂടെയാണ് ഇന്ത്യയിലെ തൊഴിലാളികൾ ഇ.എസ്.ഐ, ഇ.പി.എഫ് പോലെയുള്ള സാമൂഹ്യസുരക്ഷാ പദ്ധതികൾ നേടിയെടുത്തത്. ഭരണവർഗത്തിന് ഈ പദ്ധതികളോടുള്ള സമീപനം കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലിയുടെ വാക്കുകളിൽ വ്യക്തമാണ് - “ഇപിഎഫിന്‍റെയും ഇഎസ്ഐയുടെയും തടവുകാരായി തൊഴിലാളികളെ മാറ്റരുത്” എന്നാണ് അദ്ദേഹം പറഞ്ഞത്. ഇഎസ്ഐ ആനുകൂല്യത്തിനുള്ള ശമ്പള പരിധി ഉയർത്തിയതും ഇപിഎഫിന്‍റെ പലിശ വർദ്ധിപ്പിക്കാത്തതും അവരുടെ സമീപനത്തിന് തെളിവാണ്. ഈ ഫണ്ടുകളെല്ലാം സ്വകാര്യവത്കരിക്കുകയാണ് അവരുടെ ഉദ്ദേശ്യം.
പങ്കാളിത്ത പെൻഷൻ കൊണ്ടുവന്നത് ഇതിന്‍റെ ഭാഗമായായിരുന്നു. പങ്കാളിത്ത പെൻഷൻ അനുസരിച്ച് വെറും നൂറ് രൂപ മാത്രം പെൻഷൻ ലഭിക്കുന്നവരുണ്ട്. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടർന്ന് ഈ നീക്കത്തിൽ ഒരു പരിധി വരെ പിന്മാറാൻ അവർ തയ്യാറായി. യുണൈറ്റഡ് പെൻഷൻ സ്കീം അവതരിപ്പിച്ചത് ഇതിന്‍റെ ഭാഗമായിരുന്നു. എന്നാൽ പങ്കാളിത്ത പെൻഷൻ പൂർണമായും പിന്‍വലിക്കണമെന്നതാണ് നമ്മുടെ ആവശ്യം.
വലിയ വ്യവസായികൾ ലോകമെമ്പാടും ഇന്ന് സർക്കാരുകളെ നിയന്ത്രിക്കുകയാണ്. അദാനി, റിലയൻസ്, ടാറ്റ, ആദിത്യ ബിർള, ഭാരതി എയർടെൽ എന്നിവയടങ്ങുന്ന ബിഗ് 5 ആണ് ഇന്ത്യയിൽ വിലനിലവാരം നിയന്ത്രിക്കുന്നത്. അമേരിക്കയിൽ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് സർക്കാരിന്‍റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി എലോൺ മസ്കിനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ലേകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരിൽ ഒരാളായ മസ്ക് ഏത് രീതിയിലാണ് സർക്കാരിനെ ശക്തിപ്പെടുത്താൻ പോകുന്നത്?
ഇത്തരം നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടം ഉണ്ടാകുന്നത് തടയുന്നതിനായി മുതലാളിവർഗം ഭിന്നിപ്പിക്കൽ തന്ത്രങ്ങൾ ഉപയോഗപ്പെടുത്തുന്നു. ജനങ്ങളുടെ ജീവിത ദുരിതങ്ങളുടെ യഥാർത്ഥ കാരണം നവലിബറൽ നയങ്ങളാണെന്ന വസ്തുത മറച്ചുവച്ചുകൊണ്ട് മറ്റേതെങ്കിലും വിഭാഗത്തെ കുറ്റക്കാരാക്കി കാണിക്കുകയാണ് മുതലാളി വർഗം ചെയ്യുന്നത് (The Other). ഇതിലൂടെ തൊഴിലാളി വർഗത്തിനിടയിൽ അവർ ഭിന്നിപ്പുണ്ടാക്കുന്നു. ഇന്ത്യയിൽ വർഗീയത, മതം, ജാതി, ഭാഷ ഒക്കെയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നതെങ്കിൽ യൂറോപ്പിലും അമേരിക്കയിലും കുടിയേറ്റവും വംശീയതയും ഒക്കെ ഇതിനായി ഉപയോഗിക്കപ്പെടുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ തൊഴിലാളികൾ ഭൂരിപക്ഷവും ട്രംപിനാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി കറുത്തവരും ലാറ്റിനോകളും എല്ലാം ട്രംപിന് വോട്ട് ചെയ്തു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുവാൻ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തു.എന്നാൽ ഉത്തരേന്ത്യയിൽ വലിയ തിരിച്ചടി നേരിട്ട ബി.ജെ.പിക്ക് തെക്കേ ഇന്ത്യയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ വോട്ട് ശതമാനം വർദ്ധിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. തൊഴിലാളികളുടെ വോട്ടുകളും വർദ്ധിച്ച തോതിൽ ബി.ജെ.പിക്ക് ലഭിക്കുന്നു എന്നത് തിരിച്ചറിയേണ്ടതുണ്ട്.
നവലിബറൽ നയത്തിന്‍റെ പ്രത്യാഘാതങ്ങൾക്കെതിരായി നാം ശക്തമായി പോരാടുന്നുണ്ട്. എന്നാൽ നവലിബറൽ നയങ്ങളുടെ വർഗസ്വഭാവത്തെ പറ്റി തൊഴിലാളിവർഗത്തെ പഠിപ്പിക്കുവാൻ നമുക്ക് കഴിയുന്നില്ല. പങ്കാളിത്ത പെൻഷനെതിരെ ട്രേഡ് യൂണിയനുകൾ സമരം ചെയ്തു. എന്നാൽ അതേ സമയം തന്നെ ആർ.എസ്.എസും പങ്കാളിത്ത പെൻഷനെതിരെ പ്രചാരണം നടത്തിയിരുന്നു. നവലിബറൽ നയത്തെ സമഗ്രമായി കണ്ട് നയത്തിനെതിരായ പോരാട്ടം നടത്തുന്നതിന് പകരം ഓരോരോ വിഷയങ്ങൾ എടുത്ത് വിഷയാധിഷ്ഠിതമായി സമരം ചെയ്യുന്നത് പൂർണമായും ഫലപ്രദമാവുകയില്ല. ഇത്തരത്തിൽ സമരങ്ങൾ ചെയ്യുന്നതിനൊപ്പം നവലിബറൽ നയത്തിന്‍റെ സ്വഭാവത്തെയും സവിശേഷതയെയും പറ്റി തൊഴിലാളികളെയും മദ്ധ്യവർഗത്തേയും പഠിപ്പിക്കുക എന്ന കടമ കൂടി നാം ഏറ്റെടുക്കേണ്ടതുണ്ട്.
നവലിബറൽ നയങ്ങൾക്കെതിരായ സമരങ്ങളും ആശയപരമായ പോരാട്ടവും കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. സാമൂഹ്യബോധമുള്ള ഓഫീസർമാരും ഇക്കാര്യത്തിൽ പങ്കാളികളാകണം. ഈ കാലയളവിൽ തൊഴിലാളി വർഗത്തിന്‍റെ പ്രക്ഷോഭങ്ങൾ ശക്തിയാർജിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ സാംസംഗ് ഫാക്ടറിയിൽ നടന്ന പണിമുടക്ക് ഇതിന് ഉദാഹരണമാണ്. യൂണിയനുകൾ പാടില്ല (No Union) എന്ന നയമാണ് ലോകമെമ്പാടുമുള്ള ഫാക്ടറികളിൽ സാംസംഗ് സ്വീകരിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ സാംസംഗ് തൊഴിലാളികൾ യൂണിയൻ രൂപീകരിച്ചപ്പോൾ കമ്പനി അവരെ അംഗീകരിക്കാൻ തയ്യാറായില്ല. യൂണിയന് രജിസ്ട്രേഷൻ നൽകാൻ തമിഴ്നാട് സർക്കാരും വിസമ്മതിച്ചു. സംഘടിക്കാനുള്ള അവകാശത്തിനു വേണ്ടി സാംസംഗ് തൊഴിലാളികൾ നടത്തിയ സമരം 37 ദിവസം നീണ്ട് നിന്നു. ഒടുവിൽ സർക്കാർ ഇടപെട്ടുകൊണ്ട് സമരം ഒത്തുതീർപ്പായി.
ഐതിഹാസികമായ കർഷകസമരം ഒരു വർഷത്തിലധികം നീണ്ടുനിന്നു. മറ്റ് ലോകരാജ്യങ്ങളിലും ഇത്തരത്തിലുള്ള ആവേശകരമായ സമരങ്ങൾ നടക്കുന്നുണ്ട്. സമരങ്ങൾ ശക്തമാക്കുന്നതിനൊപ്പം തന്നെ നവലിബറലിസത്തിനെ പറ്റി സമഗ്രമായ അവബോധം സൃഷ്ടിക്കുകയും ഈ നയത്തിന് ബദൽ സൃഷ്ടിക്കുകയും ചെയ്യുക എന്ന കടമ കൂടി നാം ഏറ്റെടുക്കേണ്ടതുണ്ട്.
വരുന്ന നാളുകളിൽ ഈ പ്രക്ഷോഭത്തിൽ നിങ്ങളേവരും പങ്കാളികളാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.