കേരളത്തിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനും മലിനജലം നിർമ്മാർജ്ജനം ചെയ്യുന്നതിനുമായി നിയമപ്രകാരം രൂപീകരിച്ച വാട്ടർ അതോറിറ്റി എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ സംഘടനയാണ് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ).
പരിസ്ഥിതി സംരക്ഷണം, സാങ്കേതികവിദ്യയുടെ ഫലപ്രദമായ പ്രയോഗം, മികച്ച മാനേജ്മെന്റ് എന്നിവയിലൂടെ സംസ്ഥാനത്തെ ജനങ്ങൾക്ക് സുസ്ഥിരവും സുരക്ഷിതവുമായ ജലലഭ്യതയും ശുചിത്വവും ഉറപ്പാക്കാൻ പരിശ്രമിക്കുന്ന ഉദ്യോഗസ്ഥരെ നയിക്കുന്നവരാണ് ഈ സംഘടനയിലെ അംഗങ്ങൾ. 860-ഓളം വരുന്ന അസിസ്റ്റന്റ് എഞ്ചിനീയർ മുതൽ ചീഫ് എഞ്ചിനീയർ വരെയുള്ള സാങ്കേതിക വിഭാഗവും, ഡിവിഷണൽ അക്കൗണ്ടന്റ് മുതൽ ഫിനാൻസ് മാനേജർ വരെയുള്ള മിനിസ്റ്റീരിയൽ വിഭാഗത്തിലെ ജീവനക്കാരുമാണ് അക്വയുടെ അംഗങ്ങൾ. 2012 ഒക്ടോബർ 31-ന് തൃശ്ശൂരിൽ ചേർന്ന ആദ്യ സമ്മേളനത്തിന് ശേഷം 11 വർഷങ്ങൾക്കുള്ളിൽ വാട്ടർ അതോറിറ്റി ബോർഡ് അംഗീകരിച്ച ഏക സംഘടനയെന്ന പദവി ഇത് നേടി. 2020 ഒക്ടോബർ 19-നാണ് അക്വയ്ക്ക് സർവീസ് സംഘടനാ അംഗീകാരം ലഭിച്ചത്. ഈ ദിനം അക്വ ദിനമായി ആചരിക്കുന്നു.
പൊതു ജലവിതരണ മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പൊതുസമൂഹത്തിന് പ്രയോജനപ്രദമാകുന്ന തരത്തിൽ ഉപയോഗപ്പെടുത്തുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് സംഘടന വിശ്വസിക്കുന്നു. ശാസ്ത്ര-സാങ്കേതിക രംഗത്തെ വളർച്ചയും മാനേജ്മെന്റ് രംഗത്തെ മാറ്റങ്ങളും സംഘടന അതിന്റെ അംഗങ്ങളുടെ വളർച്ചയ്ക്കും പൊതുസമൂഹത്തിന് ഗുണകരമാകുന്ന വിധത്തിലും ഉപയോഗപ്പെടുത്തുന്നതിന് സംഘടന നിരന്തരം പരിശ്രമിക്കുന്നു. ഏത് പരിഷ്കാരവും ജനപിന്തുണയോടെ മാത്രമേ നടപ്പാക്കാൻ കഴിയൂ എന്നതിനാൽ, ജനപക്ഷ ജലവിതരണവും മലിനജല നിർമ്മാർജ്ജനവുമാണ് സംഘടനയുടെ ദൗത്യം. സംഘടനയുടെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർക്കിടയിൽ ഏറെ സ്വീകാര്യത നേടിയതിനാൽ, ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഇന്ന് ഈ സംഘടനയുടെ അംഗങ്ങളായി മാറിക്കഴിഞ്ഞു. സാങ്കേതിക മേഖലയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് 'അക്വ ടെക്', കലാ-സാംസ്കാരിക-കായിക രംഗത്തെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് 'അക്വ സർഗവേദി', പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി 'അക്വ നേച്ചർ' എന്നീ വിഭാഗങ്ങളും പ്രവർത്തിച്ചുവരുന്നു.