
ജല അതോറിറ്റി ഉദ്യോഗസ്ഥർ ഫോൺ കോളുകൾ എടുക്കുന്നില്ല എന്ന ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ പരസ്യ പ്രസ്താവനയിലും, ഒരു പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ ഫീൽഡ് തലത്തിലെ അസിസ്റ്റൻ്റ് എൻജിനീയർമാരെയും മറ്റ് ജീവനക്കാരെയും പൊതുവേദിയിൽ കുറ്റപ്പെടുത്തിയ നടപടിയിലും അക്വ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രതികൂല സാഹചര്യങ്ങളിലും ഡ്യൂട്ടി സമയം കഴിഞ്ഞും രാത്രികാലങ്ങളിലും ഓവർടൈമോ അലവൻസോ ഇല്ലാതെ ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്ന എൻജിനീയർമാരുടെയും ഓവർസിയർമാരുടെയും, മറ്റ് ഇതര ജീവനക്കാരുടെയും മനോവീര്യം തകർക്കുന്നതാണ് ഈ സമീപനം. ഇവരുടെ കഠിനാധ്വാനം കൊണ്ടാണ് ഇത്രയേറെ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ കുടിവെള്ള വിതരണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നത്. വാട്ടർ കണക്ഷനുകളുടെ എണ്ണത്തിൽ 1984 ൽ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് പതിന്മടങ്ങ് വർദ്ധനവ് ഉണ്ടായിട്ടും ജീവനക്കാരുടെ എണ്ണത്തിൽ യാതൊരു വർദ്ധനവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല പല തസ്തികകളും കാലഹരണപ്പെട്ടത് എന്ന പേരിൽ നിയമനം നടത്തുന്നത് പോലുമില്ല. ഈ തസ്തികകൾ കൺവെർട്ട് ചെയ്യാനുള്ള പ്രപ്പോസൽ പോലും വർഷങ്ങളായി തീരുമാനമെടുക്കാതെ സർക്കാരും മാനേജ്മെൻ്റം തട്ടിക്കളിക്കുകയാണ്. പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് ശേഷിയുടെ പതിന്മടങ്ങ് ജോലി ചെയ്യിക്കുന്ന സംവിധാനം അടിയന്തിരമായി ഉടച്ച് വാർക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
⚠️പ്രതിസന്ധികൾക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ:
1️⃣ ഫോൺ എടുക്കുന്നില്ല എന്ന് ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സെക്ഷൻ പരിധിയിൽ ആറ് പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും ഉൾപ്പെടുന്നു; 19,403 കുടിവെള്ള കണക്ഷനുകളുണ്ട്. അടൂർ മുനിസിപ്പാലിറ്റിയിലേക്കും ഏഴംകുളം, ഏനാദിമംഗലം, ഏറത്ത്, കലഞ്ഞൂർ, പള്ളിക്കൽ പഞ്ചായത്തുകളിലേക്കും ജലം എത്തിക്കുന്നത് ഏകദേശം 40 വർഷം പഴക്കമുള്ള, 12.5 MLD മാത്രം ശേഷിയുള്ള പദ്ധതിയിലൂടെയാണ്. ജനസംഖ്യയും കണക്ഷനുകളും ഉപഭോഗവും പലമടങ്ങ് വർധിച്ചിട്ടും പദ്ധതിയുടെ ശേഷി വർധിപ്പിച്ചിട്ടില്ല. ഇതുമൂലം ആഴ്ചതോറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ മാത്രമാണ് ജലവിതരണം സാധ്യമാകുന്നത്. ഒരു പ്രദേശത്തെ പരാതി പരിഹരിക്കാൻ ഉയർന്ന പ്രദേശങ്ങളിലേക്ക് തുടർച്ചയായി പമ്പ് ചെയ്യുമ്പോൾ മറ്റ് പഞ്ചായത്തുകളിൽ വിതരണം മുടങ്ങുന്ന അവസ്ഥയാണ്. കാലപ്പഴക്കം ചെന്ന AC പൈപ്പുകളിലെ നിരന്തര ചോർച്ച, പമ്പിന്റെയും മോട്ടോറുകളുടെ തകരാർ, അപ്രതീക്ഷിത വൈദ്യുതി തടസ്സം തുടങ്ങിയവ വിതരണം തടസ്സപ്പെടുത്തുന്നു. ഇത് കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിന് സമ്മർദ്ദം അനുഭവിക്കുന്ന വേളയിൽ ഉദ്യോഗസ്ഥർ ഫോൺ എടുക്കാത്തതാണ് പ്രശനം എന്ന് പ്രഖ്യാപിച്ചത് ഖേദകരമാണ്.
2️⃣ ഫീൽഡ് ഉദ്യോഗസ്ഥരുടെ കുറവ് : ഏതൊരു പ്രവർത്തിയുമായി ബന്ധപ്പെട്ട പ്രാദേശിക തലത്തിലെ ഓഫീസാണ് സെക്ഷൻ ഓഫീസുകൾ. സെക്ഷനോഫീസിന്റെ മേലധികാരിയായി പ്രവർത്തിക്കേണ്ടത് അസിസ്റ്റന്റ്റ് എഞ്ചിനീയറാണ്. എന്നാൽ 24 അസിസ്റ്റന്റ് എഞ്ചിനീയർ പോസ്റ്റുകൾ നിയമനം നടത്താൻ പോലും കഴിയാത്ത വിധം വ്യവഹാരങ്ങളിൽപ്പെട്ടും ആളെ അഡ്വൈസ് ചെയ്യാൻ കഴിയാത്തതു കൊണ്ടും ഒഴിഞ്ഞു കിടക്കുന്നു. പഠനാവശ്യത്തിനായി പോയ അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് പകരം ആളെ നിയമിക്കണ്ട എന്ന സർക്കാർ നിർദ്ദേശം കാരണം എട്ടോളം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലും ആളെ നിയമിക്കുന്നില്ല. ഇപ്രകാരം ഫീൽഡ് ഉദ്യോഗസ്ഥരുടെ അഭാവം കാരണം വലിയ മേഖലകളിൽ സെക്ഷൻ തല ഓഫീസർമാർക്ക് അഡീഷണൽ ഡ്യൂട്ടി കൂടി ഉണ്ടാകുന്നു. അഡീഷണൽ ഡ്യൂട്ടി കാരണം അച്ചടക്ക നടപടി നേരിടുന്ന സാഹചര്യം ഉണ്ടാകുന്നത് കൊണ്ട് ഓഫീസർമാർ അഡീഷണൽ ഡ്യൂട്ടി എടുക്കുന്നതിൽ വിമുഖത കാണിക്കുന്നുമുണ്ട്.
3️⃣ കരാറുകാരുടെ ബിൽ കുടിശ്ശികയും അറ്റകുറ്റപ്പണി തടസ്സങ്ങളും: അറ്റകുറ്റപ്പണികൾക്കായി ചുമതലപ്പെടത്തിയ കരാറുകാർക്ക് കഴിഞ്ഞ 21 മാസത്തിലധികമായി ബിൽ തുക ലഭിച്ചിട്ടില്ല. ഇതുമൂലം കരാറുകാർ സമരത്തിലും മെല്ലെപ്പോക്കിലുമാണ്. കുടിവെള്ള വിതരണത്തെയും അറ്റകുറ്റപ്പണകളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും, ഇതിന്റെ പേരിലുള്ള ജനരോഷം മുഴുവൻ നേരിടേണ്ടി വരുന്നത് ഫീൽഡ് ഉദ്യോഗസ്ഥരാണ്. ജനങ്ങളുടെ പരാതി പരിഹരിക്കാൻ ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ പണമില്ലാത്തത് കൊണ്ട്, കരാറിൽപ്പെടാത്ത അടിയന്തിര സ്വഭാവമുള്ള പ്രവൃത്തികൾ ചെയ്യാൻ ആരും തയ്യാറാവില്ല. ആ സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർ ജനരോഷം ഭയന്ന് കയ്യിൽ നിന്ന് പണം ചിലവാക്കി പോലും പണികൾ നടത്താൻ നിർബന്ധിതരാകുന്ന സാഹചര്യം പോലും ഉണ്ടാകാറുണ്ട്.
4️⃣ സെക്ഷൻ തലത്തിൽ കോൾ സെൻ്ററുകളുടെ അഭാവം: ജലവിതരണം മുടങ്ങുന്ന ഒരു ദിവസം മാത്രം നൂറിലധികം കോളുകളാണ് ഒരു അസിസ്റ്റന്റ് എൻജിനീയർക്ക് ലഭിക്കുന്നത്; അവയ്ക്ക് മറുപടി നൽകാൻ മാത്രം രണ്ട് മണിക്കൂറിലധികം വേണ്ടിവരുന്നു. ഉദ്യോഗസ്ഥൻ്റെ നമ്പറിലെ കോൾ ഹിസ്റ്ററി പരിശോധിച്ചാൽ ഇതിന്റെ തീവ്രത ബോധ്യമാകും. സാങ്കേതിക കാരണങ്ങൾ വിശദീകരിച്ചാലും പലപ്പോഴും വ്യക്തിപരമായ ശകാരത്തിലും ആക്ഷേപത്തിലുമാണ് സംഭാഷണങ്ങൾ അവസാനിക്കുന്നത്. ഇതിനുപുറമെ ഓഫീസ് ഉപരോധങ്ങളും ഭീഷണികളും നേരിടേണ്ടി വരുന്നു. ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ് ജൽ ജീവൻ മിഷൻ, അമൃത് പദ്ധതികളുടെ നിർവഹണം, സാങ്കേതിക പരിശോധന, എസ്റ്റിമേറ്റ്-ബിൽ തയ്യാറാക്കൽ, കരാറുകാരുമായുള്ള ഏകോപനം, ഗുണനിലവാര ഉറപ്പ്, ജനപ്രതിനിധികളുടെയും മേലധികാരികളുടെയും യോഗങ്ങൾ, ഹെഡ് ഓഫീസ് ആവശ്യപ്പെടുന്ന വിവരശേഖരണങ്ങൾ തുടങ്ങിയവ എന്നിവ ജീവനക്കാരുടെ കുറവുണ്ടായിട്ടും സമയബന്ധിതമായി നിർവഹിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ശുദ്ധജലം മുടങ്ങുമ്പോഴുണ്ടാകുന്ന പ്രതിഷേധങ്ങളെ കേവലം ഫീൽഡ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത ഫോൺ കോളുകളിലൂടെ മാത്രം നേരിടാൻ കഴിയില്ല. പരാതികൾ കൃത്യമായി രേഖപ്പെടുത്താനും പരിഹരിക്കാനും സെക്ഷൻ ഓഫീസുകൾ മുതൽ പ്രത്യേക കോൾ സെന്ററുകൾ ആരംഭിക്കേണ്ടതുണ്ട്.
5️⃣ നിയമപരമായ പരിമിതികളും അനാവശ്യ സമ്മർദ്ദങ്ങളും: 1984 വരെ PHED ആയിരുന്ന വാട്ടർ അതോറിറ്റി ഒരു സാധാരണ സർക്കാർ വകുപ്പോ പൊതുമേഖലാ സ്ഥാപനമോ അല്ല; മറിച്ച് പ്രത്യേക നിയമത്തിൻ് (Act) അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. PWD കോഡുകൾ, KSSR, CPHEEO മാനദണ്ഡങ്ങൾ എന്നിവയ്ക്ക് വിധേയമായി മാത്രമേ ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കാൻ കഴിയൂ.
6️⃣ താൽക്കാലിക ജീവനക്കാരുടെ നിയമനത്തിലെ വൈരുദ്ധ്യം: ഏറ്റവും കുറഞ്ഞ അറ്റകുറ്റപ്പണി ചെലവിലും പരമാവധി കുറഞ്ഞ താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ചും സ്കീമുകൾ നടത്തണമെന്നാണ് മാനേജിങ് ഡയറക്ടറുടെ സർക്കുലർ; അല്ലാത്തപക്ഷം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയും സാമ്പത്തിക ബാധ്യതയും ഉണ്ടാകും. എന്നാൽ, പല കേന്ദ്രങ്ങളിൽ നിന്നും കൂടുതൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാനും അതിനായി സ്കീമുകൾ അശാസ്ത്രീയമായി ക്രമീകരിക്കാനും കടുത്ത സമ്മർദ്ദമുണ്ടാകുന്നത് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്നു.
7️⃣ വെള്ളക്കര കുടിശ്ശികയും ഭീഷണികളും: അതോറിറ്റിയുടെ പ്രധാന വരുമാനമാർഗമായ വെള്ളക്കരം കൃത്യമായി അടയ്ക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് വലിയ എതിർപ്പുകളും സ്വാധീനം ഉപയോഗിച്ചുള്ള സമ്മർദ്ദങ്ങളും ഭീഷണികളുമാണ് നേരിടേണ്ടി വരുന്നത്.
പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് അഴിമതി രഹിതമായി പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റി ഓഫീസർമാരെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നതും തെറ്റായ ആവശ്യങ്ങൾക്കായി സമ്മർദ്ദം ചെലുത്തുന്നതും അവസാനിപ്പിക്കേണ്ടതുണ്ട്.
📌 സാഹചര്യത്തിൽ അക്വ സംസ്ഥാനകമ്മിറ്റി താഴെപ്പറയുന്ന ആവശ്യങ്ങൾ ഉന്നയിക്കുന്നു.
👉 ഉദ്യോഗസ്ഥരെ പൊതുവേദിയിൽ കുറ്റപ്പെടുത്തുന്ന സമീപനം അവസാനിപ്പിക്കുക.
👉 ഉദ്യോഗസ്ഥരുടെ ജോലിഭാരം വർക്ക് സ്റ്റഡിയുടെ അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കുക. തസ്തിക കൺവെർഷനായി സമർപ്പിച്ച പ്രപ്പോസൽ അംഗീകരിക്കുക.
👉 കരാറുകാരുടെ കുടിശ്ശിക ഉടൻ കൊടുത്തുതീർക്കുകയും അറ്റകുറ്റപ്പണിക്ക് അടിയന്തര ഫണ്ട് അനുവദിക്കുകയും ചെയ്യുക.
👉 സെക്ഷൻ തലം മുതൽ പരാതി പരിഹാര കോൾ സെൻ്ററുകൾ ആരംഭിക്കുക.
👉 കാലപ്പഴക്കം ചെന്ന പദ്ധതികളുടെ ശേഷി വർധിപ്പിക്കാനും പൈപ്പ്ലൈനുകൾ മാറ്റാനും നടപടി സ്വീകരിക്കുക.
👉 ഫീൽഡ് ഓഫീസുകളിൽ ആവശ്യമായ ജീവനക്കാരെയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക.
👉 വ്യവഹാരങ്ങളിൽ പെട്ട് ഒഴിഞ്ഞു കിടക്കുന്ന അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികകളിൽ താത്കാലിക പ്രമോഷനോ എംപ്ലോയ്മെന്റ് നിയമനമോ നടത്തുക. ഒഴിഞ്ഞു കിടക്കുന്ന അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികകളിൽ നിലവിലുള്ള ഡി പി സി ലിസ്റ്റിൽ നിന്ന് പ്രമോഷൻ നടത്തുക. പഠനാവശ്യത്തിന് ഡപ്യൂട്ടേഷന് പോകുന്ന കാലാവധിയിലുള്ള ഒഴിവുകൾ രണ്ട് വർഷത്തിൽ കൂടുതൽ ഒഴിഞ്ഞു കിടക്കുന്നതിനാൽ അത്തരം ഒഴിവുകൾ നികത്തേണ്ടതാണ്.
ഈ വിഷയങ്ങളിൽ സർക്കാരും മാനേജ്മെന്റും അടിയന്തരമായി ഇടപെടണമെന്ന് അക്വ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.
✍️ തമ്പി എസ്
ജനറൽ സെക്രട്ടറി
