സംഘടനാ വാർത്തകൾ

അക്വ സംസ്ഥാന കൗൺസിൽ അവിസ്മരണീയമായ അനുഭവം

അക്വ സംസ്ഥാന കൗൺസിൽ അവിസ്മരണീയമായ അനുഭവം

അക്വ സംസ്ഥാന കൗൺസിൽ 2026 - അവിസ്മരണീയമായ അനുഭവം

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ന്റെ 2026 ലെ സംസ്ഥാന കൗൺസിൽ പത്തനംതിട്ട ജില്ലയിൽ വച്ച് വിജയകരമായി പൂർത്തീകരിച്ചു. കേവലം 850 ഓഫീസർമാരുള്ള കേരള വാട്ടർ അതോറിറ്റിയിലെ അംഗീകൃത സംഘടനയായ അക്വ, അതിന്റെ അംഗങ്ങളുടെ നാലിലൊന്ന് പേരെ കൗൺസിൽ യോഗത്തിൽ പൂർണ്ണസമയ പങ്കാളിത്തം ഉറപ്പാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത് സംഘടനാ ഉത്തരവാദിത്വത്തിന്റെ ഉത്തമോദാഹരണമാണ്.

സംഘടനാ മികവ്

ജല അതോറിറ്റിയിലെ ഓഫീസർ സംഘടനകളുടെ ചരിത്രം പരിശോധിച്ചാൽ, എല്ലാ വർഷവും ജനറൽ ബോഡി കൂടി, കണക്കും റിപ്പോർട്ടും അംഗങ്ങളുടെ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്ന ജനാധിപത്യ സംവിധാനം അതിന്റെ എല്ലാ സൗന്ദര്യത്തോടെ നടത്തുന്ന ഏക സംഘടന അക്വയാണെന്ന് വ്യക്തമാകുന്നു. കൃത്യമായ സംഘടനാ ഉത്തരവാദിത്വത്തോടെയും നല്ല ആത്മവിശ്വാസത്തോടെയുമാണ് കൗൺസിലർമാർ ഈ ജനാധിപത്യ ഉത്സവത്തെ വീക്ഷിച്ചത്.

പൂർവ്വകാല നേതാക്കളുടെ സാന്നിധ്യം സംഘടനയുടെ അഭിമാനമായി മാറി. കൗൺസിൽ യോഗം പങ്കാളിത്വം കൊണ്ട് സമ്പൂർണ്ണമാക്കിയ കൗൺസിലർമാരും, ജില്ലാ കമ്മിറ്റികളും അത് അർത്ഥപൂർണ്ണമാക്കിയ പത്തനംതിട്ടയിലെ അംഗങ്ങളും ചേർന്ന് അവിസ്മരണീയ നിമിഷങ്ങൾ സൃഷ്ടിച്ചു. അക്വയ്ക്ക് സ്വന്തമായി സ്വാഗതം ഗാനം ചിട്ടപ്പെടുത്തിയ മിഥുൻ, ജയേഷ് എന്നീ അംഗങ്ങളുടെ സംഭാവന പ്രത്യേകം ശ്രദ്ധേയമായി.

പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ മികവ്

സംസ്ഥാന കൗൺസിൽ മികച്ച രീതിയിൽ സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക്  പ്രതിനിധികൾ ഹൃദയാഭിവാദ്യങ്ങൾ നേർന്നു. ആദ്യാവസാനം വരെ ഓരോ കാര്യങ്ങളിലും ആ മികവ് വ്യക്തമായിരുന്നു. ഒരു കൗൺസിൽ എന്നതിലുപരി ഒരു സമ്മേളനത്തിന്റെ തലത്തിലേക്ക് ചരൽക്കുന്നിലെ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

പരിപാടിയുടെ ഓരോ ഘട്ടവും കൃത്യമായ ആസൂത്രണത്തോടെയും അച്ചടക്കത്തോടെയും നടപ്പിലാക്കി. പ്രത്യേകിച്ച് യാത്രാ ക്രമീകരണങ്ങൾ വളരെ മികച്ച പ്ലാനിംഗോടുകൂടി നിർവഹിച്ചതും, താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും പ്രശംസനീയമായ നിലവാരം പുലർത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പ്രവർത്തകരുടെ ഇഷ്ടഭക്ഷണങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മെനു ശ്രദ്ധേയമായിരുന്നു. വേദി, കൊടിമരം, സെൽഫി പോയിന്റ്, താമസം, യാത്രാ സൗകര്യങ്ങൾ എന്നിവയെല്ലാം മികച്ച നിലവാരത്തിൽ ഒരുക്കിയിരുന്നു.

നേതൃത്വം നൽകിയ  പ്രദീപ്, രഘു, ഹൈസൽ, ഹരീഷ്, അനു, റെജിവാസ്, രഞ്ജു, നവീൻ ആന്റണി, പ്രദീഷ് എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ കൗൺസിൽ യോഗം പറഞ്ഞു. ജില്ലയുടെ ചുമതലക്കാരൻ എന്ന റോൾ ഏറ്റെടുത്ത് ശ്രീ തുളസീധരൻ പ്രവർത്തിച്ചു.

പ്രമേയങ്ങളും വനിതാ പ്രാതിനിധ്യവും

മുൻകാല സംസ്ഥാന കൗൺസിലുകളിൽ പ്രമേയങ്ങൾ അവതരിപ്പിക്കുന്നത് താരതമ്യേന കുറവായിരുന്നു. എന്നാൽ ഇത്തവണ കൗൺസിലർമാർ അവതരിപ്പിച്ച പ്രമേയങ്ങൾ എല്ലാം തന്നെ വളരെ പ്രസക്തവും കാലികപ്രാധാന്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു - ഇത് പ്രത്യേകം അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് എന്ന് പ്രതിനിധികൾ വിലയിരുത്തി.

സംഘടനയുടെ സ്ഥാപക പ്രസിഡൻ്റ് അംഗങ്ങൾക്ക് വലിയ ഊർജവും ആത്മവിശ്വാസവും പകർന്നു. സംസ്ഥാന കൗൺസിലിലെ വനിതാ പ്രാതിനിധ്യം അക്വയുടെ വനിതാ സബ് കമ്മിറ്റിയായ 'നിർഭയ'യ്ക്ക് ഏറെ അഭിമാനകരമാണ്.

സമാപനം

കൗൺസിൽ  നൽകിയ ഊർജ്ജവും ശക്തിയും സംഘടനയെ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ എത്തിക്കാൻ ജില്ലാ കമ്മിറ്റിക്ക് കഴിയും എന്ന ആത്മവിശ്വാസം ഉണ്ടാക്കി. സംഘടനയ്ക്കാകെ ആവേശം നൽകുന്ന ഈ പ്രവർത്തനമികവ് ഭാവിയിലേക്കുള്ള പോരാട്ടങ്ങൾക്കും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനും നല്ല ഊർജ്ജം നൽകുന്നു എന്ന് പ്രതിനിധികൾ വിലയിരുത്തി.