
ഹെഡ് ഓഫീസിലെ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തന്റെ മകളുടെ എൻട്രൻസ് പരീക്ഷാ ആവശ്യത്തിനായി മുംബൈയിൽ പോകുന്നതിന് നൽകിയ അവധി അപേക്ഷ, JJM 2.0 ന്റെ ജോലിത്തിരക്കിൻ്റെ പേര് പറഞ്ഞ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ നിരസിച്ചിരിക്കുന്നു. ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് തന്റെ ജോലിസ്ഥലത്ത് നിന്ന് കൂടുതൽ അവധി എടുക്കാൻ സാധിക്കാത്ത അങ്ങേയറ്റം ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നിട്ടും തികഞ്ഞ നിരുത്തരവാദപരമായാണ് അധികാരികൾ ഈ അപേക്ഷ തള്ളിക്കളഞ്ഞത്.
ജോലിയിലെ ഉത്തരവാദിത്തങ്ങൾ നമ്മൾ ഓരോരുത്തരും കൃത്യമായി നിറവേറ്റുന്നുണ്ട്. എന്നാൽ അതിന്റെ പേരിൽ സ്വന്തം കുടുംബത്തോടുള്ള കടമകൾ പൂർണ്ണമായും മാറ്റിവെക്കാൻ ഉദ്യോഗസ്ഥരെ നിർബന്ധിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല. ഇത്തരം തൊഴിലാളി വിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ തീരുമാനങ്ങൾ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താനേ ഉപകരിക്കൂ.
ന്യായമായ അവധികൾ നിഷേധിക്കുന്ന ഈ പ്രവണത ഉടനടി തിരുത്തണമെന്നും, അന്യായമായി നിരസിച്ച അവധി അപേക്ഷ പുനഃപരിശോധിച്ച് അടിയന്തരമായി അനുമതി നൽകണമെന്നും AKWAO ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരുടെ ന്യായമായ അവകാശങ്ങൾക്കു മേലുള്ള ഈ കടന്ന് കയറ്റത്തിനെതിരെ സംഘടന മാനേജിംഗ് ഡയറക്ടർക്ക് കത്ത് നൽകി..
