
സർക്കാരിന്റെ സാമ്പത്തിക റിപ്പോർട്ടിലെ തൊഴിലാളി വിരുദ്ധവും ജലസ്വകാര്യവത്കരണത്തിലേക്ക് നയിക്കുന്നതുമായ നിർദ്ദേശങ്ങൾ തള്ളിക്കളയുക - അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ).
ഇന്ന് പുറത്തുവന്ന "കേരളത്തിന്‍റെ ധനസ്ഥിതി: ഒരു സ്റ്റാറ്റസ് റിപ്പോർട്ട്" (Kerala's Fiscal Health: A Status Report) എന്ന റിപ്പോർട്ടിലെ കേരള വാട്ടർ അതോറിറ്റിയെക്കുറിച്ചുള്ള പരാമർശങ്ങളും ശുപാർശകളും വസ്തുതകൾക്ക് നിരക്കാത്തതും ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നതുമാണ്. വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങളെ കേവലം ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്ന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ തള്ളിക്കളയണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു.
ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന ജീവൽപ്രധാനമായ ഒരു സാമൂഹിക സേവനമാണ്, അല്ലാതെ ഇതൊരു വാണിജ്യ ബിസിനസ്സ് അല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കോടിക്കണക്കിന് ജനങ്ങൾക്ക് തുച്ഛമായ നിരക്കിൽ കുടിവെള്ളം എത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ ഈ വലിയ സാമൂഹിക പങ്കിനെ റിപ്പോർട്ട് പൂർണ്ണമായും അവഗണിച്ചിരിക്കുന്നു. പകരം ഏറ്റവുമധികം നഷ്ടം വരുത്തി ഖജനാവിന് ബാദ്ധ്യതയാകുന്നു എന്ന മട്ടിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കുടിവെള്ള പദ്ധതികളുടെ നിർമ്മാണത്തിനായി നടത്തിയ മൂലധനനിക്ഷേപം വാട്ടർ അതോറിറ്റിയിൽ നടത്തിയ നിക്ഷേപമായാണ് റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്. അതേസമയം കുടിവെള്ളത്തിന് വർഷങ്ങളായി സർക്കാർ ഗ്രാൻഡ് നൽകാത്തതും സർക്കാർ വകുപ്പുകളിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും അതോറിറ്റിക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയുമാണ് നിലവിലെ സാമ്പത്തിക ബാധ്യതയ്ക്ക് പ്രധാന കാരണം എന്ന വസ്തുത മറച്ചുവച്ചിരിക്കുകയാണ്. ജീവനക്കാരുടെ പി.എഫിലുള്ള ഏകദേശം 400 കോടിയിൽ പരം മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിച്ച കാര്യവും പരാമർശിച്ചിട്ടില്ല. സർക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിനായി സർക്കാർ നൽകേണ്ട പണത്തെ സബ്‍സിഡിയായി ചിത്രീകരിച്ച ശേഷം അത് ഉപഭോക്താക്കൾക്ക് നേരിട്ട് പണം നൽകുന്ന രീതി (Consumption-based subsidy) നടപ്പിലാക്കണമെന്ന നിർദ്ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഭാവിയിൽ കുടിവെള്ള വിതരണ മേഖല സ്വകാര്യവൽക്കരിക്കപ്പെടുന്നതിലേക്ക് നയിക്കുക എന്ന ഉദ്ദേശ്യം ഇതിലൂടെ മറനീക്കി പുറത്ത് വന്നിരിക്കുന്നു. ഓഹരി വിറ്റഴിക്കലും സ്വകാര്യവത്കരണവും നടത്തുമെന്ന പരാമർശം അത്യന്തം ആശങ്കാജനകമാണ്.
കുടിവെള്ള വിതരണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. അതിനാവശ്യമായ വിപുലമായ സാങ്കേതിക വിദ്യയും ദീർഘകാലത്തെ പ്രൊഫഷണൽ പരിചയസമ്പത്തുമുള്ള വാട്ടർ അതോറിറ്റിയുടെ ഘടനയെ തകർക്കാതെ കൂടുതൽ കരുതലോടെ KWA യെ ജനകീയ വൽക്കരിക്കുന്നതിന് പകരം സ്വകാര്യവൽക്കരണ അജണ്ടയാണ് മുന്നോട്ട് വയ്ച്ചിരിക്കുന്നത്.
ശമ്പള പരിഷ്കരണം പത്ത് വർഷത്തിൽ ഒരിക്കൽ ആക്കണമെന്നത് ഉൾപ്പെടെയുള്ള തൊഴിലാളി വിരുദ്ധ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. യഥാർത്ഥ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മേൽ കടുത്ത നിബന്ധനകൾ അടിച്ചേൽപ്പിക്കാനും സ്ഥാപനത്തിന്‍റെ ജനകീയ നിയന്ത്രണം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളെ അംഗീകരിക്കാൻ കഴിയില്ല. കുടിവെള്ള വിതരണ മേഖലയെ തകർക്കുന്നതും ജനങ്ങൾക്ക് കടുത്ത ഭാരമായി മാറുന്നതുമായ ഇത്തരം അപ്രായോഗിക ശുപാർശകൾ തള്ളിക്കളയണം. വാട്ടർ അതോറിറ്റിയെ കൂടുതൽ ജനകീയവും ആധുനികവുമായി നിലനിർത്താൻ ജീവനക്കാരുടെ അവകാശങ്ങളും സ്ഥാപനത്തിന്‍റെ പദവിയും സംരക്ഷിച്ചുകൊണ്ടുള്ള ബദൽ പാക്കേജുകൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. ഈ റിപ്പോർട്ടിലെ ജനവിരുദ്ധ ശുപാർശകൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി അസോസിയേഷൻ മുന്നോട്ടുപോകും.
