
കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിൽ സെപ്റ്റംബർ 17 മുതൽ 20 വരെ നടന്ന ഇന്ത്യ വാട്ടർ വീക്ക് 2024 നോട് അനുബന്ധിച്ച് നടന്ന ജലവിഭവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സംസ്ഥാന തല പ്രദർശന വിഭാഗത്തിൽ കേരളം ജലവിഭവ വകുപ്പ് ഒരുക്കിയ പ്രദർശന സ്റ്റാൾ മികച്ച സ്റ്റാളായി തിരഞ്ഞെടുക്കപ്പെട്ടു. 28 സംസ്ഥാനങ്ങൾ ഒരുക്കിയ സ്റ്റാളുകളിൽ നിന്നാണ് മികച്ച സ്റ്റാളിനുള്ള അവാർഡീന് കേരളം തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്ന് വാട്ടർ അതോറിറ്റി ഒരുക്കിയ ആട്ടോമേറ്റഡ് പമ്പിംഗ് സംവിധാനത്തിന്റെ വർക്കിംഗ് മോഡൽ, മെയിന്റനൻസിന്റെ സോഫ്ട്‍വെയർ സംവിധാനം, ജലശുദ്ധീകരണ പ്ലാന്റിലെ ആട്ടോമേഷൻ, മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടായ ബന്ധിക്കൂട്ട് എന്നിവയുടെ വീഡിയോ, പോസ്റ്ററുകൾ എന്നിവ കൂടാതെ ഇറിഗേഷൻ, ഗ്രൗണ്ട് വാട്ടർ, കിഡ്‍ക് എന്നീ വകുപ്പുകളുടെ നിശ്ചല മോഡലുകളും പ്രദർശിപ്പിച്ചു.
ഇന്ത്യ വാട്ടർ വീക്കിനോടനുബന്ധിച്ച് നടന്ന ദേശീയ സെമിനാറിൽ കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ ശ്രീ നാരായണൻ നമ്പൂതിരി 'ഊർജ്ജക്ഷമതയും ആട്ടോമേഷനും കേരളത്തിലെ ജലവിതരണത്തിൽ വരുത്തുന്ന മാറ്റങ്ങൾ' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. വാട്ടർ അതോറിറ്റി ചെയർമാൻ ബിശ്വനാഥ് സിൻഹ ഐ എ എസ്, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ബിനു ഫ്രാൻസിസ്, ചീഫ് എഞ്ചിനീയർ നാരായണൻ നമ്പൂതിരി എന്നിവർ സ്റ്റാളുകൾ ഒരുക്കുന്നതിന് നേതൃത്വം നൽകി. വാട്ടർ അതോറിറ്റിയെ പ്രതിനിധീകരിച്ച് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ശ്രീ തമ്പി എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ ജയപ്രകാശ് എന്നിവരും പങ്കെടുത്തു.