
ജലജീവൻ മിഷൻ വായ് പ ഉത്തരവ് പിൻവലിക്കുക - വാട്ടർ അതോറിറ്റി ഓഫീസർമാർ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്
ജലജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാനവിഹിതം കണ്ടെത്തുന്നതിനായി നബാർഡിൽ നിന്ന് വായ് പ എടുക്കുവാൻ സർക്കാർ അനുമതി നൽകുകയുണ്ടായി (GO (MS) No. 67/2025/WRD dated 15-9-2025). ജലജീവൻ മിഷനിൽ ഭാവിയിൽ നൽകാൻ പോകുന്ന കണക്ഷനുകളിലെ റവന്യൂ ഉപയോഗിച്ച് വാട്ടർ അതോറിറ്റി തന്നെ ലോൺ തിരിച്ചടയ്ക്കണമെന്നും ഇതിന് കഴിയാതെ വരുന്ന പക്ഷം ലോൺ തിരിച്ചടവിനായി ബ്രിഡ് ജ് ലോൺ തരുമെന്നും ഉത്തരവിൽ പറയുന്നു. 9000 കോടി രൂപയാണ് നബാർഡിൽ നിന്ന് വായ്പ എടുക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 5000 കോടി രൂപ വായ്പ എടുക്കും.
ഇത്രയും തുക വായ്പ എടുക്കുകയാണെങ്കിൽ പ്രതിമാസം ഏതാണ്ട് 80 കോടി രൂപ വായ്പയുടെ തിരിച്ചടവിനായി വേണ്ടിവരും. വാട്ടർ അതോറിറ്റിയുടെ ആകെ റവന്യൂ വരുമാനം പ്രതിമാസം ഏതാണ്ട് 100 കോടി രൂപയാണ്. ഇതിൽ 10 കോടി രൂപ കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാർജ് ഇനത്തിൽ എസ്ക്രോ അക്കൗണ്ട് വഴി നൽകണം. അതായത് ഇപ്പോഴത്തെ സർക്കാർ ഉത്തരവ് പ്രകാരം ജെ.ജെ.എം വായ്പയുടെ തിരിച്ചടവ് കൂടി വാട്ടർ അതോറിറ്റി ഏറ്റെടുക്കുകയാണെങ്കിൽ റവന്യൂവിൽ ഒന്നും തന്നെ ബാക്കിയുണ്ടാകില്ല.
വാട്ടർ അതോറിറ്റി ഇപ്പോൾ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർഷങ്ങളായി കുടിശ്ശികയാണ്. ജീവനക്കാർ സ്വന്തം ശമ്പളത്തിൽ നിന്ന് മിച്ചം വച്ച ജി.പി.എഫ് പോലും കിട്ടാൻ വലിയ താമസം നേരിടുന്ന അവസ്ഥയാണ്. പെൻഷൻ ആനുകൂല്യങ്ങളായി 374.21 കോടി രൂപയും ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങളായി 61.64 കോടി രൂപയും മെയിന്‍റനൻസ് കരാറുകാർക്ക് 146.75 കോടി രൂപയും കുടിശ്സികയുണ്ട്. ഇവ പോലും കൊടുത്തു തീർക്കാൻ റവന്യൂ വരുമാനം പര്യാപ്തമല്ലെന്നിരിക്കേ ജെ.ജെ.എം ലോണിന്‍റെ ബാദ്ധ്യത കുടി വാട്ടർ അതോറിറ്റിക്ക് മേൽ കെട്ടി വയ്ക്കുന്നത് ഈ സ്ഥാപനത്തെ തകർക്കാൻ വേണ്ടിയാണ്.
യഥാർത്ഥത്തിൽ വാട്ടർ അതോറിറ്റി ജെ.ജെ.എം.ന്‍റെ ഇംപ്ലിമെന്‍റേഷൻ ഏജൻസി മാത്രമാണ്. സംസ്ഥാനവിഹിതം കണ്ടെത്താനായി ഇംപ്ലിമെന്‍റേഷൻ ഏജൻസി വായ് പ എടുക്കണമെന്ന് പറയുന്നത് തന്നെ യുക്തിരഹിതമാണ്.
ജെ.ജെ.എം പദ്ധതിയിൽ ഇനി നൽകാനുള്ളത് വളരെ കുറച്ച് കണക്ഷനുകൾ മാത്രമാണ്. ജെ.ജെ.എം പദ്ധതിയിൽ ആകെ 21.17 ലക്ഷം കണക്ഷനുകളാണ് ഇതുവരെ നൽകിയിട്ടുള്ളത് (Functional Household Tap Connection - FHTC). ഇതിനൊപ്പം തന്നെ വെള്ളമില്ലാത്ത 8.16 ലക്ഷം കണക്ഷനുകളും നൽകിയിട്ടുണ്ട് (Household Tap Connection - HTC). ഈ HTCകളിൽ വെള്ളമെത്തിക്കുന്നതിന് ആവശ്യമായ ഉത്പാദന ഘടകങ്ങൾ (ഇൻടേക് വെൽ, പ്ലാന്‍റ്, ടാങ്കുകൾ, പമ്പ് സെറ്റുകൾ) പണിയാത്തതുകൊണ്ടാണ് ഈ കണക്ഷനുകളിൽ വെള്ളമെത്തിക്കാൻ കഴിയാത്തത്. ഈ സാഹചര്യത്തിൽ ഇപ്പോൾ എടുക്കുന്ന വായ് പാതുക ഈ ഉത്പാദനഘടകങ്ങൾ പൂർത്തിയാക്കുന്നതിന് മാത്രമേ തികയുകയുള്ളൂ.
ജെ.ജെ.എം. പദ്ധതിയുടെ ഭാഗമായി പൊതുടാപ്പുകൾ നിർത്തലാക്കിയതോടെ പഞ്ചായത്തുകളിൽ നിന്ന് വാട്ടർ അതോറിറ്റിക്ക് ലഭിക്കേണ്ട നല്ലൊരു തുക നഷ്ടമായി. പകരമായി നൽകിയ കണക്ഷനുകളിൽ ഭൂരിപക്ഷവും ബി.പി.എൽ കുടുംബങ്ങൾക്കാണ് എന്നതിനാൽ തന്നെ വലിയ സാമ്പത്തികനഷ്ടമാണ് വാട്ടർ അതോറിറ്റിക്ക് ഇപ്പോൾ തന്നെ ഉണ്ടായിട്ടുള്ളത്. സർക്കാരിന്‍റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായാണ് ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി ജലം നൽകുന്നതെങ്കിലും ആയതിനുള്ള സാമ്പത്തികസഹായം നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഭാവിയിലുള്ള കണക്ഷനുകളുടെ നെറ്റ് റവന്യൂ മാത്രം ഉപയോഗിച്ച് വായ്പ തിരിച്ചടക്കാൻ കഴിയില്ല എന്നത് പകൽ പോലെ വ്യക്തമാണ്. ആ കണക്ഷനുകൾ മാത്രം എങ്ങനെ വേർതിരിച്ച് അതിന്‍റെ നെറ്റ് റവന്യൂ കണക്കാക്കുമെന്നതും സംശയകരമാണ്.
നോൺ പ്ലാൻ ഗ്രാന്‍റ്, ബി.പി.എൽ ആനുകൂല്യങ്ങൾക്കുള്ള ധനസഹായം എന്നിവ സർക്കാർ യഥാസമയം നൽകാതിരിക്കുകയും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും റവന്യൂവിൽ നിന്ന് കണ്ടെത്തേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. വൈദ്യുതി ചാർജ് അടക്കുന്നതിനുള്ള എസ്ക്രോ അക്കൗണ്ട്, എ.ഡി.ബി പദ്ധതിയിൽ 7 വർഷത്തിന് ശേഷമുള്ള പരിപാലനച്ചിലവ് എന്നിവയും റവന്യൂവിൽ നിന്നാണ് ചിലവാക്കേണ്ടത്. പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പോലും യഥാസമയം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ മേൽ പറഞ്ഞ രീതിയിൽ വാട്ടർ അതോറിറ്റി കടക്കെണിയിലാകുന്നത് കേരളത്തിൽ പൊതുജലവിതരണത്തിന്‍റെ മരണമണിയാകുമെന്നതിൽ സംശയമില്ല.
ജലജീവൻ മിഷൻ 2028 വരെ നീട്ടിയെന്ന പ്രഖ്യാപനമുണ്ടായെങ്കിലും കഴിഞ്ഞ ഒരു വർഷമായി കേന്ദ്രസർക്കാർ ജെ.ജെ.എം പദ്ധതിയിൽ ഒരു സംസ്ഥാനത്തിനും വിഹിതം നൽകിയിട്ടില്ല. നിലവിലുള്ള കേരളത്തിലെ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കുടിശിക തുക 45 ശതമാനം കേന്ദ്രസർക്കാർ നൽകേണ്ടതാണ്. “The outstanding payments after utilizing the first phase of the loan may be met from the awaited Central share” എന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ആദ്യഘട്ടമായി 5000 കോടി രൂപയാണ് വായ്പയെടുക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. 2024 ഒക്ടോബറിന് ശേഷം കേന്ദ്രസർക്കാർ ജെ.ജെ.എം ഇനത്തിൽ ഒരു തുകയും ചിലവാക്കിയിട്ടില്ലെന്നിരിക്കെ, ഈ 5000 കോടി രൂപക്ക് ആനുപാതികമായ കേന്ദ്രവിഹിതം ലഭിക്കുമെന്നതിൽ യാതൊരു ഉറപ്പുമില്ലെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ വിഹിതം നൽകാത്തതിനാൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ മന്ദഗതിയിലോ നിർത്തിവെച്ച അവസ്ഥയിലോ ആണ്.
ഈ സാഹചര്യത്തിൽ ജലജീവൻ മിഷന്‍റെ സാമ്പത്തിക ബാദ്ധ്യത വാട്ടർ അതോറിറ്റിക്ക് മേൽ കെട്ടിവച്ച് സ്ഥാപനത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ ഞങ്ങളുമായി ചർച്ച ചെയ്യാനും ഈ വിഷയത്തിൽ സുതാര്യമായ സമീപനം സ്വീകരിക്കാനും തയ്യാറാകണമെന്നും പൊതുജലവിതരണം തകർക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഇല്ലാത്ത പക്ഷം ശക്തമായ അനിശ്ചിതകാല പ്രക്ഷോഭം നടത്തുവാൻ ഞങ്ങൾ നിബന്ധിതരാവുമെന്നും അറിയിക്കുന്നു.
