വാർത്തകൾ

വി എസിന് അക്വയുടെ ആദരാഞ്ജലി 🌹

വി എസിന് അക്വയുടെ ആദരാഞ്ജലി 🌹

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന.  

____________________  

 

വി.എസ് എന്ന കമ്യൂണിസ്റ്റുകാരനെ അനുസ്മരിക്കുമ്പോൾ  

----------------------------------------  

വി.എസ് എന്ന രണ്ടക്ഷരത്തിലൂടെ ലോകത്തെ എല്ലാ മലയാളികളുടേയും മനസ്സിൽ ജ്വലിച്ചുനിന്ന വേലിക്കകത്ത് വീട്ടിൽ ശങ്കരൻ അച്യുതാനന്ദൻ എന്ന വിപ്ലവസൂര്യൻ മറഞ്ഞു.  

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അത്യുജ്ജ്വലനായ മുതിർന്ന നേതാവ് CPI(M) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരണ നേതാക്കളിൽ അവസാനത്തെ കണ്ണിയായ വി.എസിന്റെ നിര്യാണത്തിൽ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) അഗാധ ദുഃഖം രേഖപ്പെടുത്തുന്നു.  

 

2010ൽ അഡ്ഹോക്ക് കമ്മിറ്റിയിൽ തുടങ്ങി 2012ൽ പ്രഥമ രൂപീകരണ സമ്മേളനം നടത്തിയ, ബാലാരിഷ്ടതയിൽ പ്രയാസപ്പെട്ടിരുന്ന അക്വയുടെ രണ്ടാം സംസ്ഥാന സമ്മേളനം 2016 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തത് വി.എസ് ആയിരുന്നു. വലിപ്പചെറുപ്പം നോക്കാതെ സാമൂഹ്യനീതിക്കും സ്വകാര്യവത്ക്കരണത്തിനും എതിരെ നടക്കുന്ന ഏത് പോരാട്ടങ്ങളിലും മുന്നിൽ നിന്ന് നയിച്ച വ്യക്തിത്വം അക്വയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തത് നമ്മുക്ക് മറക്കാനാവാത്ത ആവേശവും സംഘടനയുടെ ചരിത്രത്തിൽ ഒളിമങ്ങാത്ത ഏടായി മാറി.  

 

വാട്ടർ അതോറിറ്റിയുടെ എണ്ണമറ്റ പോരാട്ടങ്ങളിൽ ഉശിരേകിയ പ്രിയ സഖാവായിരുന്നു വി.എസ്. വാട്ടർ അതോറിറ്റിയെ സിയാൽ മോഡൽ കമ്പനിയാക്കി സ്വകാര്യവത്ക്കരിക്കുന്ന ശ്രമത്തിനെതിരെയുള്ള ബഹുജന കൺവെൻഷൻ എറണാകുളം കലൂർ ടൗൺ ഹാളിൽ ഉദ്ഘാടനം നടത്തിയത് അദ്ദേഹമായിരുന്നു. മലമ്പുഴ, പെരിയാർ എന്നിവിടങ്ങളിലെ ജലം വിൽക്കാൻ വെച്ചതിനെതിരെയും പ്ലാച്ചിമടയിലെ ജലചൂഷണത്തിനെതിരെയും പോരാട്ടം നയിച്ച് അവയെ കെട്ടു കെട്ടിക്കാൻ സാധ്യമായത് സഖാവിന്റെ പോരാട്ടവീര്യവും ജനകീയതയും കൊണ്ടുമാത്രമായിരുന്നു. കേരള വാട്ടർ അതോറിറ്റിയുടെ സംരക്ഷണത്തിന് വേണ്ടി പൊതുജലസംരക്ഷണ സദസ്സ് ഒരുക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.  

 

ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി.എസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ എല്ലാം പുതുതലമുറയ്ക്ക് ചരിത്രപാഠങ്ങളാണ്. അനീതിയിൽ മനുഷ്യന്റെ കണ്ണീരു വീഴുമിടങ്ങളിലെല്ലാം പാഞ്ഞെത്തിയ പ്രക്ഷോഭകാരി മാമൂൽ കോട്ടകൾക്ക് തീപടർത്തി. പ്രത്യയശാസ്ത്ര തെളിവയോടെ പാർട്ടിയേയും പ്രതിബദ്ധതയോടെ നാടിനേയും നയിച്ചു.  

 

പാമോയിൽ അഴിമതി, സൂര്യനെല്ലി - വാഗമൺ - കിളിരൂർ പീഡനങ്ങളിലെ സ്ത്രീപക്ഷ നിലപാട്, മതികെട്ടാൻ സമയം, പൂയംകുട്ടി വനഭൂമി കൈയേറ്റത്തിനെതിരെ നടത്തിയ സമരം, 2007ൽ മൂന്നാറിലെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കൽ നാടെങ്ങും പൊതുവഴിയിടങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കൽ വരെ എത്തിയത് ആ ജനകീയ നേതാവിനെ കൂടുതൽ സ്വീകാര്യനാക്കി.  

 

സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉമ്മൻ ചാണ്ടി സർക്കാർ തന്നെ രൂപം നൽകിയ കരാർ സംസ്ഥാന താല്പര്യത്തിന് അനുസൃതമായി മാറ്റിയെഴുതിയത്. ഇൻഫോപാർക്ക് ഉൾപ്പെടെ കൈമാറൽ സംസ്ഥാനത്ത് എവിടെയും ഐ.ടി സ്ഥാപനങ്ങൾ പാടില്ല എന്നത് ഉൾപ്പെടെ അപകടകരമായ വ്യവസ്ഥകളെല്ലാം വി.എസിന്റെ ഇടപെടലിൽ ഇല്ലാതായി. വിഴിഞ്ഞം കരാറിലെ ജനദ്രോഹ നയങ്ങൾ തിരുത്തിയതിലും അദ്ദേഹത്തിന് ചെറുതല്ലാതെയുള്ള പങ്കുണ്ട്.  

 

1997കളിൽ കുട്ടനാടൻ പാടശേഖരങ്ങൾ മുഴുവനും ഇല്ലാതാക്കുന്ന നെല്ല് കൃഷിക്ക് പകരം മറ്റു വിളകൾ കൃഷി ഇറക്കാൻ പുത്തൻ കൂറ്റുകാരായ കൃഷിക്കാർ എത്തിയപ്പോൾ അവർക്കെതിരെ നടത്തിയ വെട്ടിനിരത്തൽ സമരം, വേമ്പനാട് കായൽ ഭൂമി റിസോർട്ട് മാഫിയ നടത്തിയ കൈയേറ്റത്തിനെതിരെ കായലിലെ തെങ്ങും കുറ്റികൾ പിഴുതെടുത്ത് നടത്തിയ സമരം അങ്ങനെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ വിവിധ ജനകീയ പ്രശ്നങ്ങളിലെ മുന്നണി പോരാളിയാത്രയായി.  

1946ലെ പുന്നപ്ര-വയലാർ സമരവും കർഷക തൊഴിലാളി സമരവും നയിച്ച നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നു.  

 

ചന്ദനക്കൊള്ളയെതിരെയും, ലോട്ടറി മാഫിയക്കെതിരെയും, വനംകൊള്ളയ്ക്കെതിരെയും പാമോയിലെ അഴിമതിക്ക് എതിരേയും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു.  

 

പാർട്ടിക്കകത്ത് രൂപപ്പെട്ട ഇടത് വലത് വ്യതിയാനത്തിനെതിരെ ശക്തമായി പൊരുതി. ജാതിവാദികളിൽ നിന്നും വർഗീയവാദികളിൽ നിന്നും, കേരളീയ സമൂഹത്തിന്റെ മതനിരപേക്ഷ സംസ്കാരത്തെതിരെ ആക്രമണം ഉണ്ടായപ്പോൾ ശക്തമായി പ്രതിരോധിച്ചു മതരാഷ്ട്രവാദികളുടെ രാഷ്ട്രീയ അജണ്ടകളെ തുറന്നുകാട്ടാനും ഇടപെട്ടു.  

 

കേരള സർക്കാരിനെയും സി.പി.ഐ.എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി.എസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഈടുവെയ്പ്പിന്റെ ഭാഗമാണവ എന്ന് ചരിത്രം രേഖപ്പെടുത്തും.  

 

ഒരു കാലഘട്ടത്തിന്റെ അസ്തമയമാണ് വി.എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത്. പാർട്ടിക്കും വിപ്ലവ പ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതുമൂലമുണ്ടായിട്ടുള്ളത്. കൂട്ടായ നേതൃത്വത്തിലൂടെയേ ആ നഷ്ടം പാർട്ടിക്കു നികത്താനാവൂ.  

 

അസാമാന്യമായ ഊർജ്ജവും അതിജീവനശക്തിയും കൊണ്ട് വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വി.എസിന്റേത്. കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ് സ. വി.എസ് അച്യുതാനന്ദന്റെ ജീവിതം. തൊഴിലാളി-കർഷക മുന്നേറ്റങ്ങൾ സംഘടിപ്പിച്ച് പ്രസ്ഥാനത്തിനൊപ്പം വളർന്ന സഖാവിന്റെ രാഷ്ട്രീയജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.  

 

1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ അവശേഷിച്ചിരുന്ന അവസാനത്തെ കണ്ണിയാണ് വി.എസിന്റെ വിയോഗത്തിലൂടെ അറ്റുപോയത്.  

 

കമ്യൂണിസ്റ്റ് നേതാവെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷനേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും സ. വി.എസ് നൽകിയ സംഭാവനകൾ നിരവധിയാണ്. പുന്നപ്ര-വയലാറുമായി പര്യായപ്പെട്ടു നിൽക്കുന്ന സഖാവ്, യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും ജീവിതപശ്ചാത്തലങ്ങൾ കടന്നാണ് വളർന്നുവന്നത്.  

 

ഒരു തൊഴിലാളി എന്ന നിലയിൽ നിന്ന് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ് എന്ന നിലയിലേക്ക് വി.എസ് വളരെ വേഗമുയർന്നു. പാർട്ടി വി.എസിനെയും വി.എസ് പാർട്ടിയെയും വളർത്തി. 1940ൽ, 17 വയസ്സുള്ളപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം അതിദീർഘമായ 85 വർഷമാണ് പാർട്ടി അംഗമായി തുടർന്നത്. കുട്ടനാട്ടിലേക്കുപോയ സഖാവ് വി.എസ് കർഷകത്തൊഴിലാളികൾ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. കുട്ടനാട്ടിലെ ഗ്രാമാന്തരങ്ങളിൽ നടന്നുചെന്ന് കർഷകത്തൊഴിലാളികളുടെ യോഗം വിളിച്ചുചേർക്കുകയും, അവരെ സംഘടിതശക്തിയായി വളർത്തുകയും ചെയ്തു. ഭൂപ്രമാണിമാരെയും പോലീസിനെയും വെല്ലുവിളിച്ചുകൊണ്ടായിരുന്നു അത്.  

 

'തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ' എന്ന സംഘടനയുടെ രൂപീകരണത്തിലും പിന്നീട് അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ 'കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ' ആയി വളർന്നതിലും വി.എസ് വഹിച്ചത് പകരം വെക്കാനില്ലാത്ത പങ്കാണ്. വി.എസിന്റെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു. മെച്ചപ്പെട്ട കൂലിക്കും, ചാപ്പ സമ്പ്രദായം നിർത്തലാക്കുന്നതിനും, ജോലി സ്ഥിരതയ്ക്കും, മിച്ചഭൂമി പിടിച്ചെടുക്കുന്നതിനും വേണ്ടി നടന്ന സമരങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു.  

 

1948ൽ പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായി. 1952ൽ പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ഐക്യകേരളത്തിന് വേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പ്രക്ഷോഭങ്ങളിൽ സജീവമായി.1957ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959ൽ പാർട്ടി ദേശീയ കൗൺസിൽ അംഗമായി. 1957ൽ ആദ്യ ഇ.എം.എസ് സർക്കാരിനെ ഉപദേശിക്കാനുള്ള ഒമ്പതംഗ പാർട്ടി സമിതിയിലെ അംഗമായിരുന്നു. 1967 അമ്പലപ്പുഴയിൽ നിന്ന് ആദ്യമായി നിയമസഭയിൽ. 1970, 1991, 2001, 2006, 2011, 2016ൽ അമ്പലപ്പുഴ, മാരാരിക്കുളം, മലമ്പുഴ എന്നീ മണ്ഡലങ്ങളെ പ്രതിനിധികരിച്ചു. 1985 സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം. 1992ൽ പ്രതിപക്ഷ നേതാവ്. 2009ൽ പാർട്ടി പൊളിറ്റ് ബ്യൂറോയിൽ നിന്ന് വിടവാങ്ങി.  

2016ൽ ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷൻ, 2021ൽ സ്ഥാനമൊഴിഞ്ഞു.  

 

വിവിധ കാലഘട്ടങ്ങളിലായി അഞ്ചര വർഷത്തിലേറെ തടവുജീവിതം അനുഭവിച്ചു.  

 

1964 മുതൽ സി.പി.ഐ. (എം) കേന്ദ്ര കമ്മിറ്റി അംഗമാണ്.  

1985ൽ പോളിറ്റ് ബ്യൂറോ അംഗമായി.  

1980 മുതൽ 92 വരെ സി.പി.ഐ.എം കേവല രാഷ്ട്രീയത്തിനപ്പുറത്തേക്കുപോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധ മേഖലകളിൽ വി.എസ് വ്യാപരിച്ചു. ആ പ്രക്രിയയിലാണ് പാർട്ടി നേതാവായിരിക്കെത്തന്നെ പൊതുസ്വീകാര്യതയിലേക്ക് വി.എസ് ഉയർന്നത്.  

 

മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളിലേക്ക് സാമൂഹിക പ്രാധാന്യമുള്ള ഇതര കാര്യങ്ങളെക്കൂടി കൊണ്ടുവരുന്നതിൽ വലിയ പങ്കാണ് വി.എസ് വഹിച്ചത്.  

 

സഖാവ് വി.എസിന്റെ നിര്യാണം പാർട്ടിയേയും നാടിനേയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.  

തലകുനിക്കാത്ത വിപ്ലവ യൗവനം മരണമില്ലാത്ത സമരങ്ങളുടെ നിറവസന്തമായി സ്മരണകളിൽ പൂത്തു നിൽക്കും. ജനഹൃദയങ്ങളിലെ ചെങ്കൊടി സ്മരണയായി ഓർമ്മകളുടെ നിത്യസ്മാരകമായി മരണമില്ലാത്ത വാക്കായി തലമുറകളിലേക്ക് വി.എസ് പടരും.  

 

സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വേദനകൾക്കും ആവലാതികൾക്കും ശബ്ദം നൽകിയ ജനകീയ നേതാവായ കമ്യൂണിസ്റ്റ് അദ്ദേഹത്തെ കുറിച്ചുള്ള സ്മരണകൾ പുതുതലമുറയ്ക്കും ഇടതുപ്രസ്ഥാനങ്ങൾക്കും മുന്നോട്ടുള്ള പോരാട്ടത്തിൽ കരുത്ത് പടരട്ടെ. ആ ധീര വിപ്ലവ പോരാളിയുടെ വിയോഗത്തിൽ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റിയുടെ സംസ്ഥാന അനുശോചനം രേഖപ്പെടുത്തുന്നു.  

 

കണ്ണേ കരളേ വി.എസേ  

നിങ്ങൾ മരിക്കുന്നില്ല  

ജീവിക്കുന്നു  

ഞങ്ങളിലൂടെ  

ഞങ്ങളിൽ ഒഴുകും ചോരയിലൂടെ  

റെഡ് സല്യൂട്ട് റെഡ് സല്യൂട്ട്  

 

അക്വ സംസ്ഥാന സമിതിക്ക് വേണ്ടി,  

ജനറൽ സെക്രട്ടറി.