
അക്വ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന
സർക്കാർ പ്രഖ്യാപിച്ച പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ വാട്ടർ അതോറിറ്റി ജീവനക്കാർക്ക് നിഷേധിക്കുന്ന സമീപനം ഈ സ്ഥാപനത്തിൽ തുടരുകയാണ്. ഇതിൽ അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
2016ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിൽ വന്ന ഉടൻ തന്നെ സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് വ്യക്തമായ മാനദണ്ഡങ്ങൾ ഉത്തരവാക്കുകയും ആയത് കശനമായി നടപ്പാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ വാട്ടർ അതോറിറ്റിയിൽ ഈ സർക്കാർ ഉത്തരവ് നടപ്പാക്കാൻ മാനേജ്മെന്റ് തയ്യാറായിരുന്നില്ല. അക്വയുടെ നേതൃത്വത്തിൽ ജലഭവൻ ധർണ്ണ, സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെയുള്ള വിവിധ പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് LDF സർക്കാരിന്റെ പ്രഖ്യാപിത നയമായ പൊതു സ്ഥലംമാറ്റ മാനദണ്ഡം കേരള വാട്ടർ അതോറിറ്റിയിൽ നടപ്പാക്കുവാൻ മാനേജ്മെന്റ് നിർബന്ധിതമായത്.
എന്നാൽ LDF സർക്കാരിന്‍റെ ഉത്തരവിന്‍റെ സ്പിരിറ്റ് ഉൾക്കൊള്ളാതെ ആയത് എങ്ങനെ അട്ടിമറിക്കാമെന്ന ഗവേഷണങ്ങളാണ് ബന്ധപ്പെട്ട മാനേജ്മെന്‍റ് പ്രതിനിധികളും മാനവശേഷി വികസന വിഭാഗം കൈകാര്യം ചെയ്യുന്ന ചീഫ് എഞ്ചിനീയറും ആ വിഭാഗവും ചെയ്യുന്നത്.
എന്താണ് കേരള വാട്ടർ അതോറിറ്റിയിൽ പൊതു സ്ഥലംമാറ്റ മാനദണ്ഡം അട്ടിമറിക്കുന്നതിനായി ചെയ്യുന്നത് എന്ന് പരിശോധിക്കാം.
- പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ സ്വീകരിക്കുന്നത് ബോധപൂർവ്വം വൈകിപ്പിക്കുന്നു.
- സ്ഥലംമാറ്റ മാനദണ്ഡങ്ങൾ മുൻകൂട്ടി രേഖപ്പെടുത്തി പ്രഖ്യാപിക്കുന്നില്ല. മാത്രമല്ല സർക്കാർ ഉത്തരവനുസരിച്ചുള്ള മനദണ്ഡങ്ങളിൽ തന്ത്രപൂർവ്വമായി വെള്ളം ചേർക്കുന്നു.
- അനുകമ്പാർഹ ഗ്രൌണ്ടിലുള്ള അപേക്ഷകൾ കൈകാര്യം ചെയ്യാൻ പ്രത്യേക വ്യവസ്ഥയില്ല.
- ഒരു സീറ്റിൽ മൂന്ന് വർഷത്തിലധികവും ഒരേ ജില്ലയിൽ 5 വർഷത്തിലധികവും തുടരുന്നവരെ സംരക്ഷിക്കുന്നതിനുള്ള അതീവ ജാഗ്രത.
- ഒരു ജീവനക്കാരൻ അപേക്ഷിക്കുന്ന സീറ്റുകളിലേക്ക് മറ്റാരെല്ലാം അപേക്ഷിച്ചു എന്നും ഓരോ സീറ്റിലെയും അപേക്ഷകരുടെ യോഗ്യത, റാങ്ക് എന്നിവയും പ്രസിദ്ധപ്പെടുത്തുന്നില്ല.
- മൂന്നുവർഷം പൂർത്തിയാകാത്ത സീറ്റുകളും പ്രമോഷൻ കാരണമോ റിട്ടയർമെന്‍റ് കാരണമോ ഉണ്ടാകുന്ന ഒഴിവുകളും പരസ്പരം വച്ചുമാറുന്നതിനുള്ള സംവിധാനം ജനറൽ ട്രാൻസ്ഫറിന് പുറത്ത് ക്രമീകരിക്കുന്നതിലുള്ള കച്ചവടവും അഴിമതിയും തുടരുന്നു.
- പൊതുതാല്പര്യം, മേലധികാരികളുടെ ഇഷ്ടം, അനിഷ്ടം ജീവനക്കാർക്കെതിരെയുള്ള വ്യാജ പരാതി തുടങ്ങിയവയെല്ലാം യാതൊരു മാനദണ്ഡവും പരിശോധനയും ഇല്ലാതെ തരാതരം പോലെ ഉപയോഗിച്ച് അഴിമതിയും സ്വജനപക്ഷപാതവും തുടരുന്നു.
- പൊതു സ്ഥലംമാറ്റത്തിന് ശേഷം മാത്രം റാങ്ക് ലിസ്റ്റ് പുറത്തിറക്കുന്നത് പരാതി നൽകാനുള്ള അവസരം നിഷേധിക്കുവാനും കച്ചവടം തുടരുവാനുള്ള അവസരം സൃഷ്ടിക്കുവാനും വേണ്ടിയാണ്.
- റാങ്ക് ലിസ്റ്റ് ഇട്ടതിൽ ഉള്ള തെറ്റുകൾ തിരുത്തുവാനോ നീതി നിഷേധിച്ചെന്ന് ബോധ്യപ്പെട്ടാൽ പോലും ഉത്തരവ് പുന പരിശോധിക്കുവാനോ സാധിക്കാത്തത് പണക്കിഴിയുടെ ബലത്തിൽ ആണെന്ന് വ്യക്തം.
- അനുകമ്പാർഹത കച്ചവടത്തിന് വയ്ക്കുകയും അത് ഔദാര്യമാണെന്ന സന്ദേശം നൽകുകയും ചെയ്യുന്നത് വഴി നിയമ വ്യവസ്ഥയിലെ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ആയതിലെ സുതാര്യത അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു.
- പൊതു സ്ഥലംമാറ്റത്തിന് ഉള്ള അപേക്ഷകൾ പരിഗണിക്കുന്നതിന് 3 വർഷം പൂർത്തീകരിക്കണമെന്ന വ്യവസ്ഥ ചിലർക്ക് ഇളവ് ചെയ്യുകയും ചിലർക്ക് നിർബന്ധമാക്കുകയും ചെയ്യുന്നതിലുള്ള വിവേചനം അഴിമതി തന്നെയാണ്.
- പൊതു സ്ഥലംമാറ്റത്തിന് ശേഷമുള്ള ഒഴിവുകൾ റാങ്ക് ലിസ്റ്റ് പരിഗണിക്കാതെ കച്ചവടത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമായി ഉപയോഗിക്കുന്നത് സർക്കാർ ഉത്തരവിന്‍റെ അന്തഃസത്ത ഇല്ലാതാക്കുന്നു.
- സുതാര്യതയും തുല്യനീതിയും പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങളും ഒഴിവാക്കി രഹസ്യ തന്ത്രങ്ങളും സ്വജനപക്ഷപാതവും അഴിമതിയും എച്ച്.ആർ വിഭാഗം പൊൻ തൂവലാക്കി കൊണ്ടുനടക്കുന്നു.
- പൊതു സ്ഥലംമാറ്റത്തിനിടയിൽ ഉള്ള അനർഹസ്ഥലം മാറ്റങ്ങൾ കാരണം തുടർച്ചയായി അർഹത നഷ്ടപ്പെടുന്ന സാഹചര്യം കണ്ടില്ലെന്ന് നടിക്കുന്നത് അഴിമതി മാത്രം ഉന്നം വച്ചാണ്.
- അഴിമതിരഹിതവും സുതാര്യവുമായ കേരള വാട്ടർ അതോറിറ്റി ഉറപ്പ് നൽകുന്ന പൊതുമാനദണ്ഡ ലംഘനം കാണാതിരിക്കുന്ന പലരും അഴിമതിയുടെ പങ്ക് പറ്റുന്നവരാണ്.
- പൊതു സ്ഥലംമാറ്റ അപേക്ഷകർ നൽകുന്ന പരാതികൾ പരിശോധിച്ച് ക്രമപ്രകാരം ഉള്ള മറുപടി സമയ ബന്ധിതമായി നൽകാൻ തയ്യാറാകാത്തത് അഴിമതി തുടരുന്നതിനും നിയമലംഘനം പുറത്തു വരുമെന്നുള്ള ഭയത്തിലുമാണ്.
സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്ന സമീപനം ഇനിയും തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് അക്വ തയ്യാറാകുമെന്ന് മാത്രമല്ല, ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നവരെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കേണ്ടി വരുമെന്നും ഓർമിപ്പിക്കുന്നു.
