സംഘടനാ വാർത്തകൾ

അക്വ ആറാം സംസ്ഥാന സമ്മേളനം അഖിലേന്ത്യാ കിസാൻ സഭാ ജനറൽ സെക്രട്ടറി ശ്രീ വിജൂ കൃഷ്ണൻ ഉത്ഘാടനം ചെയ്തു

അക്വ ആറാം സംസ്ഥാന സമ്മേളനം അഖിലേന്ത്യാ കിസാൻ സഭാ ജനറൽ സെക്രട്ടറി ശ്രീ വിജൂ കൃഷ്ണൻ ഉത്ഘാടനം ചെയ്തു

ഉപഭോക്താക്കളെയും തൊഴിലാളികളെയും ചേർത്തുപിടിച്ച് സ്വകാര്യവൽക്കരണം ചെറുക്കണം

 

ലോകമെമ്പാടും കുടിവെള്ള സ്രോതസ്സുകളെ ലാഭ കേന്ദ്രങ്ങൾ ആക്കി കൈപ്പിടിയിൽ ഒതുക്കാൻ മൂലധന ശക്തികൾ ശ്രമിക്കുകയാണ്. ഉപഭോക്താക്കളും തൊഴിലാളികളും ഓഫീസർമാരും പൊതുജനങ്ങളും ഉൾപ്പെടുന്ന പ്രതിരോധനിര കെട്ടിപ്പടുത്തുകൊണ്ട് സ്വകാര്യവൽക്കരണം എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും കിസാൻ സഭ അഖിലേന്ത്യ സെക്രട്ടറിയുമായ ഡോക്ടർ വിജു കൃഷ്ണൻ ആഹ്വാനം ചെയ്തു. അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോക്ടർ വിജു കൃഷ്ണൻ. കുടിവെള്ളമേഖല തുറന്നു തരുന്ന വലിയ വ്യാപാര സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് കോർപ്പറേറ്റുകൾ തള്ളിക്കയറാൻ ശ്രമിക്കുകയാണ്. കുടിവെള്ളമേഖലയിലും വൈദ്യുതിമേഖലയിലും സ്വകാര്യ പങ്കാളികളെ ആനയിക്കുന്ന കേന്ദ്രസർക്കാറിന്റെ നടപടികൾക്കെതിരെ അതാത് മേഖലയിലെ തൊഴിലാളികൾ നടത്തുന്ന സമരങ്ങളിൽ അഖിലേന്ത്യ കിസാൻ സഭ പ്രത്യക്ഷമായി പങ്കെടുക്കും. 

 

വിവിധ ആവശ്യങ്ങളിലേക്ക് കൊണ്ട് തൊഴിലാളികൾ നടത്താൻ ഉദ്ദേശിക്കുന്ന മെയ് 20ലെ പണിമുടക്കിലും ഇലക്ട്രിസിറ്റി മേഖലയിൽ ജൂൺ മാസത്തിൽ നടത്തുന്ന പ്രതിരോധത്തിലും കിസാൻ സഭ പങ്കാളിയാവും. വാട്ടർ അതോറിറ്റി ജീവനക്കാർ ഉൾപ്പെടെ എല്ലാ മേഖലയിലും ഉള്ള തൊഴിലാളികളും ഈ പണിമുടക്കുകളിൽ പങ്കാളികളാകണം എന്ന് വിജു കൃഷ്ണൻ അഭ്യർത്ഥിച്ചു. 

 

കർഷകരെയും തൊഴിലാളികളെയും കടന്നാക്രമിക്കുന്ന നയങ്ങളുമായാണ് യൂണിയൻ ഗവൺമെൻറ് മുന്നോട്ടു പോകന്നത്. രണ്ടാം യുപിഎ സർക്കാറിന് ഉണ്ടായിരുന്ന പോരായ്മകൾ ചൂണ്ടിക്കാട്ടി ഭരണത്തിലേറിയ ഗവൺമെൻറ് അവ പരിഹരിക്കാൻ ഒരു നടപടിയും എടുത്തില്ലെന്നു മാത്രമല്ല കൂടുതൽ പ്രതിലോമകരമായ നടപടികൾക്ക് തയ്യാറാവുകയാണ്. എല്ലാ കൃഷിയിടങ്ങൾക്കും ഇഷ്ടംപോലെ വെള്ളം എന്ന മുദ്രാവാക്യം ഉയർത്തിയ ഗവൺമെൻറ് കർഷകർക്ക് ഉപകാരപ്പെടും വണ്ണം ജലസേചന മേഖലയിൽ ഒരു നയാപൈസ പോലും ചെലവഴിക്കാൻ തയ്യാറാവുന്നില്ല. ഡ്രിപ്പ് ഇറിഗേഷൻ പോലെ സ്വകാര്യ കമ്പനികൾക്ക് ലാഭം കൊയ്യാവുന്ന ചില മേഖലകളിലൂടെ പണം ഒഴുക്കുന്നത് ഒഴിച്ചാൽ കാർഷിക മേഖലകളിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല. 2017ൽ ഉത്തർപ്രദേശിൽ ആറു കർഷകരെ വെടിവെച്ചുകൊല്ലാൻ തയ്യാറായ ആ സംസ്ഥാന സർക്കാരിലെ ഉന്നതൻ തന്നെയാണ് ഇന്നത്തെ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി എന്നത് ആശ്ചര്യകരമല്ല. കേന്ദ്രസർക്കാർ പുലർത്തുന്ന കർഷക വിരുദ്ധ നയങ്ങൾക്കെതിരെ അഖിലേന്ത്യ കിസാൻ സഭയും കർഷക സംഘർഷ മോർച്ചയും സംയുക്തമായി സമരങ്ങൾക്ക് തയ്യാറാവുകയാണ്. കുപ്രസിദ്ധ കൃഷി നിയമങ്ങൾക്കെതിരെ 2020ൽ നടന്ന ഐതിഹാസികമായ കർഷക സമരങ്ങളെക്കാൾ തീക്ഷണമായ സമരങ്ങൾക്ക് പരസ്പരം കൈകോർക്കാനാണ് തയ്യാറെടുക്കുന്നത്. 

 

രാജ്യത്ത് കുടിവെള്ളം സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങളുണ്ട്. ലോകത്ത് എമ്പാടും നടന്നിട്ടുള്ള സ്വകാര്യവൽക്കരണ വിരുദ്ധ സമരങ്ങളെ പോലെ ശക്തമായ സമരങ്ങൾ ഏറ്റെടുക്കാൻ നമ്മൾ തയ്യാറാകണം. സൂയസ് എന്ന ഫ്രഞ്ച് കമ്പനി അവകാശപ്പെടുന്നത് അഞ്ചര ബില്യൺ ലക്ഷം ലിറ്റർ വെള്ളം പ്രതിദിനം ഇന്ത്യയിൽ വിതരണം ചെയ്യുന്നുണ്ട് എന്നാണ്. കേരളത്തിലും ഈ കമ്പനി കടന്നുവരാൻ ശ്രമിക്കുന്നുണ്ട്. കേരള വാട്ടർ അതോറിറ്റിയുടെ ജീവനക്കാർ അതിനെതിരെയുള്ള സമരത്തിലാണ്. സമരത്തെ വിജയിപ്പിക്കേണ്ടത് ഈ നാടിൻറെ ആവശ്യമാണ്.

വ്യത്യസ്ത മേഖലകളിലെ തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ അവ ബാധിക്കുന്ന ഗുണഭോക്താക്കളെയും അനുബന്ധ സംവിധാനങ്ങളെ ആകെ കോർത്തിണക്കിക്കൊണ്ട് സംയുക്തമായ സമരങ്ങൾക്ക് തയ്യാറാകണമെന്ന് ഡോക്ടർ വിജു അഭിപ്രായപ്പെട്ടു. വിഷയാധിഷ്ഠിത പരസ്പര സഹകരണം ഈ സമരങ്ങളെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

രണ്ടുദിവസങ്ങളിലായി നടക്കുന്ന അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് സംസ്ഥാന സമ്മേളനം ഡോക്ടർ വിജു കൃഷ്ണൻ സിപിഐഎം പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കേരളത്തിൽ ആദ്യമായി പങ്കെടുക്കുന്ന പൊതു സമ്മേളനമാണ്. അക്വ പ്രസിഡണ്ട് എസ് തമ്പി അധ്യക്ഷനായ പൊതുയോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീമതി സീമ നായർ (എൻജിഒയു), ഡോക്ടർ സുധീർ ഇവി (കെജിഓഎ), അനിൽകുമാർ കെവി (സ്പ്രാറ്റോ), ഉണ്ണികൃഷ്ണൻ പി (KWAEU-CITU), ഹണി ബാലചന്ദ്രൻ (KSRTEU), ഗംഗാധരൻ (KWAPO) എന്നിവർ അഭിവാദ്യങ്ങൾ അറിയിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഇഎസ് സ്വാഗതവും ട്രഷറർ രഞ്ജീവ് എസ് കൃതജ്ഞതയും പറഞ്ഞു.