സംഘടനാ വാർത്തകൾ

എ ഡി ബി ചർച്ചയും തീരുമാനങ്ങളും

എ ഡി ബി ചർച്ചയും തീരുമാനങ്ങളും

ADB യുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന കൊച്ചിയിലെ കുടിവെള്ള പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 10-4-2025 ന് ബഹു. മന്ത്രിമാരായ ശ്രീ. റോഷി അഗസ്റ്റിനും ശ്രീ. പി. രാജീവുമായി നടന്ന ചർച്ചയിൽ സംയുക്ത സമിതി ഉന്നയിച്ച വിഷയങ്ങളും തീരുമാനങ്ങളും ചുവടെ അറിയിക്കുന്നു

       ----------------------

1. മുമ്പ് ബഹു മന്ത്രി ശ്രീ. റോഷി അഗസ്റ്റിനുമായും അഡിഷണൽ ചീഫ് സെക്രട്ടറിയുമായും മുൻപ് നടന്ന ചർച്ചകളുടെ മിനിട്സ് ഇനിയും തന്നിട്ടില്ല.

 

2. ഈ പ്രോജക്ടിൽ കൊച്ചി നഗരത്തിലെ വിതരണ ശൃംഖലയുടെ ഓപ്പറേഷൻ ആന്‍റ് മെയിന്‍റനൻസ് 10 വർഷത്തേക്ക് സൂയസ് എന്ന കമ്പനിയെ ഏൽപിക്കാനുള്ള വ്യവസ്ഥയുണ്ട്. കേരള വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് 10 വർഷത്തേക്ക് ഇത്തരമൊരു കരാർ ഉണ്ടാക്കകുന്നത്. ഓപ്പറേഷൻ ആന്‍റ് മെയിന്‍റനൻസിന്‍റെ ഭാഗമായി എന്തെല്ലാം പ്രവൃത്തികളാണ് കരാറുകാർ ചെയ്യേണ്ടത് എന്ന് സെക്ഷൻ 6 ലെ ടേബിൾ 48, 49, 50 എന്നിവയിൽ പറഞ്ഞിട്ടുണ്ട്. നിലവിൽ സെക്ഷൻ ഓഫീസുകളിൽ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് കരാറുകാരന് കൈമാറുന്നതെന്ന് ഈ ടേബിളുകളിൽ നിന്ന് വ്യക്തമാണ്. വിതരണ ശൃംഖലയുടെ ഉടമസ്ഥത വാട്ടർ അതോറിറ്റിയിൽ തന്നെ നിലനിൽക്കുമെങ്കിലും നിയന്ത്രണം പൂർണമായും കരാറുകാരുടെ കൈയിലാകുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാവുക. ഇതോടെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ മറ്റ് സ്ഥലങ്ങളിലേക്ക് പുനർവിന്യസിക്കും എന്ന് വ്യവസ്ഥ ചെയതിരിക്കുന്നു (Clause 6.10.2.3). ഇവരെ അവിടെ തന്നെ നിലനിർത്തുകയാണെങ്കിൽ പോലും അവർക്ക് യാതൊരു ജോലിയും ഉണ്ടാകില്ല. നോക്കുകൂലി വാങ്ങുന്നതിന് സമാനമായ അവസ്ഥയാണ് ഇതുവഴി ഉണ്ടാവുക. 

 

3. ഈ പ്രോജക്ടിൽ വാട്ടർ അതോറിറ്റി ക്ലയന്‍റ് മാത്രമാണ്. കൺസൽട്ടന്‍റാണ് എഞ്ചിനീയറുടെ ചുമതലകൾ നിർവഹിക്കുക. വാട്ടർ അതോറിറ്റിയുടെ പ്രോജക്റ്റ് ഇംപ്ലിമെന്‍റേഷൻ യൂണിറ്റ് (PIU)മാത്രമാണ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക. പി.ഐ.യു വിൽ വളരെ കുറച്ച് ജീവനക്കാർ മാത്രമാണ് ഉള്ളത്. മറ്റ് ജീവനക്കാർക്ക് പ്രോജക്റ്റിൽ ഇടപെടുന്നതിനോ പി.ഐ.യു വിന് നേരിട്ട് കരാറുകാരന് നിർദ്ദേശം നൽകാനോ ഉള്ള വ്യവസ്ഥകളൊന്നും തന്നെ ടെണ്ടർ വ്യവസ്ഥകളിൽ ഉൾപ്പെടുന്നില്ല.

 

4. ഈ ടെണ്ടറിൽ കരാറുകാരൻ ചെയ്യേണ്ട പ്രവൃത്തികളുടെ സ്കോപ്പ് കൃത്യമായി നിർവചിച്ചിട്ടില്ല. ആദ്യ വർഷം നടത്തുന്ന പഠനത്തിന്‍റെ അടിസ്ഥാനതതിലാണ് സ്കോപ്പ് രൂപപ്പെടുത്തുക. എന്നാൽ ഇതനുസരിച്ച് കരാറിലെ വ്യവസ്ഥകളോ കരാറുകാർക്ക് നൽകുന്ന തുകയോ മാറുന്നില്ല. പ്രത്യേകിച്ച് ഓപ്പറേഷൻ ആന്‍റ് മെയിന്‍റനൻസിന്‍റെ കാര്യത്തിൽ.

 

5. ഓട്ടോമേഷൻ, സ്കാഡ, ഐ.ഒ.ടി തുടങ്ങിയ കാര്യങ്ങൾ കരാറിന്‍റെ ഭാഗമായി വിതരണശൃംഖലയിൽ സ്ഥാപിക്കാൻ വ്യവസ്ഥയുണ്ട്. പേറ്റന്‍റ് ഉള്ള ഇത്തരം ഉപകരണങ്ങളും, സോഫ്റ്റ്‌വെയറുകളും സ്ഥാപിക്കുകയാണെങ്കിൽ 10 വർഷം കഴിഞ്ഞു പോലും സൂയസിനെ ആശ്രയിച്ച് മാത്രമേ വിതരണശൃംഖല പ്രവർത്തിപ്പിക്കാൻ കഴിയൂ എന്ന അവസ്ഥയുണ്ടാകും. ജിക്ക (JICA) പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾ കാലാവധിക്ക് ശേഷവും വാട്ടർ അതോറിറ്റിക്ക് തിരിച്ചെടുക്കാൻ കഴിയാത്തത് ഇക്കാരണത്താലാണ് എന്ന് ഇവിടെ സൂചിപ്പിക്കുന്നു . ഈ മുന്നനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഇക്കാര്യം പറയുന്നത്. ഐ.ഒ.ടിയിൽ ഉപയോഗിക്കുന്നത് പ്രൊപ്രിയേറ്ററി സോഫ്റ്റ്വെയറുകളാണെങ്കിൽ അതിന്‍റെ അപ്ഡേറ്റുകൾക്ക് വേണ്ടിയും ഈ കരാർ കമ്പനിയെ ആശ്രയിക്കേണ്ടിവരും. ഫലത്തിൽ 10 വർഷത്തിന് ശേഷവും വിതരണ ശൃംഖല സൂയസിന്‍റെ കൈവശം തുടരുന്ന സ്ഥിതി ഉണ്ടാകും.

 

6. ഈ പദ്ധതിയുടെ ഡി.പി.ആറിൽ തെറ്റായപരാമർശങ്ങൾ ഉണ്ട്. കൊച്ചി നഗരത്തിൽ 51 ശതമാനം ജല ചോർച്ചയുണ്ടെന്നും നഗരത്തിൽ വിതരണം ചെയ്യുന്ന ജലത്തിന്‍റെ ഗുണനിലവാരം മോശമാണെന്നുമുള്ള പരാമർശങ്ങൾ ഉദാഹരണമാണ്. പദ്ധതി അനിവാര്യമാണെന്ന് ജനപ്രതിനിധികളെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി ബോധപൂർവം നടത്തിയ പരാമർശങ്ങളാണ് ഇവ. ഇത്തരത്തിൽ ജലനഷ്ടം ഉണ്ടെന്നതിന് യാതൊരു തെളിവോ വസ്തുതയോ ഈ പാഠത്തിരേഖയിൽ ഇല്ല. ADB സഹായത്താൽ രാജ്യത്ത് നടപ്പിലാക്കുന്ന മറ്റ് നഗര കേന്ദ്രീകൃത പദ്ധതികളിലും ഇതേ രീതിയിൽ 51% ചോർച്ചയുണ്ട് എന്നാണ് പ്രതിപാതിക്കുന്നത് എന്നുള്ളത് പ്രത്യേഗം ശ്രദ്ദിക്കണം.

 

7. 2017 ലാണ് ഡി.പി.ആർ തയ്യാറാക്കിയിരിക്കുന്നത്. അതിന് ശേഷം കൊച്ചി നഗരത്തിൽ ധാരാളം പ്രവൃത്തികൾ പൈപ്പ് ലൈൻ മാറ്റുന്നത് ഉൾപ്പെടെ നടന്നിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ ഡി.പി.ആർ പുതുക്കേണ്ടതുണ്ട്.

 

8. ഓപ്പറേഷൻ ആന്‍റ് മെയിന്‍റനൻസ് ഇനത്തിൽ പ്രതിവർഷം 30 കോടി രൂപയാണ് കോട്ട് ചെയ്തിരിക്കുന്നത്. ഇന്ന് വാട്ടർ അതോറിറ്റി ഈയിനത്തിൽ ചിലവാക്കുന്നത് ഏകദേശം 4 കോടി രൂപയാണ്. ഈയിനത്തിൽ വമ്പിച്ച സാമ്പത്തിക ബാദ്ധ്യത ഉണ്ടാകും. മാത്രമല്ല, ഓപ്പറേഷൻ ആന്‍റ് മെയിന്‍റനൻസ് ഇനത്തിലെ തുകയിൽ 80% സെക്യൂയർ ആണെന്ന് ടെണ്ടറിൽ വ്യവസ്ഥയുണ്ട്. ബാക്കി 20 ശതമാനം മാത്രമാണ് സൂയസിന്‍റെ പെർഫോമൻസ് അടിസ്ഥാനമാക്കി നൽകുന്നത്. ഇതിനായി 9 performance measures (KPI)ഉണ്ട്. ഓരോ performance measures ന്‍റെയും വെയിറ്റേജ് 1% മുതൽ 4% വരെയാണ്. അതായത് ഇവയിൽ ഏതെങ്കിലും കൈവരിച്ചില്ലെങ്കിൽ പോലും വളരെ ചെറിയ നഷ്ടം മാത്രമാണ് കരാറുകാരന് ഉണ്ടാവുക. ഈ വ്യവസ്ഥ മാറ്റണമെന്നും ഓപ്പറേഷൻ ആന്‍റ് മെയിന്‍റനൻസിനുള്ള മുഴുവൻ തുകക്കും പെർഫോമൻസ് ബാധകമാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

 

9. ഈ കരാറനുസരിച്ച് വിദേശ കമ്പനികളാണ് കരാറെടുക്കുന്നതെങ്കിൽ ആർബിട്രേഷൻ നടത്തേണ്ടത് സിംഗപ്പൂരിലാണെന്ന് വ്യവസ്ഥയുണ്ട്. ഈ ടെണ്ടറിൽ കോട്ട് ചെയ്തിരിക്കുന്ന ജോയിന്‍റ് വെഞ്ച്വറിൽ ഒരു കമ്പനി ഫ്രഞ്ച് കമ്പനിയാണ്. അതിനാൽ ആർർബിട്രേഷൻ സിംഗപ്പൂരിൽ നടത്തേണ്ടി വരും.

 

10. വിതരണ ശൃംഖലയുടെ നിയന്ത്രണം സൂയസിന്‍റെ കൈശമാകുമ്പോൾ ജനപ്രതിനിധികൾക്കും ജനാധിപത്യസംവിധാനങ്ങൾക്കും കുടിവെള്ളമേലയിൽ ഇടപെടാൻ കഴിയാത്ത അവസ്ഥയുണ്ടാകും.നേരിട്ട് പരാതികൾ ആരിൽ നിന്നും സ്വീകരിക്കില്ല എന്ന് ഈ ടെൻഡറിൽ പ്രത്യേഗം നിബന്ധന ഉണ്ട്.

 

11. പുതിയ ബില്ലിംഗ് സോഫ്റ്റ്വെയർ ഉണ്ടാക്കുന്നത് ഈ ടെണ്ടറിന്‍റെ ഭാഗമാണ്. എന്നാൽ വാട്ടർ അതോറിറ്റി പുതിയ ബില്ലിംഗ് സോഫ്റ്റ്വെയർ ഉണ്ടാക്കുന്നതിന് വേറേ കരാർ നൽകിക്കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഈ ടെണ്ടറിൽ നിന്ന് ബില്ലിംഗ് സോഫ്റ്റ്വെയർ ഒഴിവാക്കുകയും അതിനനുസൃതമായി തുക കുറക്കുകയും ചെയ്യണം.

 

12. വിതരണ ശൃംഖലക്ക് പുറമേ ആലുവയിൽ നിന്ന് കൊച്ചിയിലേക്കുള്ള ട്രാൻസ്മിഷൻ മെയിന്‍റെയും ഓപ്പറേഷൻ ആന്‍റ് മെയിന്‍റനൻസ് സൂയസിനെ ഏൽപിക്കുന്നുണ്ട്. Clause 6.8.11.2 (f) അനുസരിച്ച് *“remove direct tappings from transmission main”* പ്രവൃത്തിയുടെ ഭാഗമാണ്. എന്നാൽ നിലവിൽ ഈ ട്രാൻസ്മിഷൻ മെയിനിൽ നിന്ന് ടാപ്പ് ചെയ്താണ് കളമശ്ശേരി, ആലുവ അടക്കമുള്ള മുനിസിപ്പാലിറ്റികൾക്കും പല പഞ്ചായത്തുകൾക്കും ജലം നൽകുന്നത്. മേൽ പറഞ്ഞ വ്യവസ്ഥ അനുസരിച്ച് ഈ ടാപ്പിങ്ങുകൾ നിർത്തലാക്കാൻ വാട്ടർ അതോറിറ്റിക്ക് കഴിയില്ല. എന്നാൽ Clause 6.8.9.33 അനുസരിച്ച് കരാറുകാരന്‍റെ വാട്ടർ ഓർഡർ പ്രകാരം ജലം നൽകാൻ വാട്ടർ അതോറിറ്റിക്ക് ബാദ്ധ്യതയുണ്ട്. മേൽ പറഞ്ഞ ടാപ്പിംഗുകൾ മാറ്റാതെ ഇത്തരത്തിൽ ജലം നൽകാൻ കഴിയില്ല. ഇത് കരാർ ലംഘനമായി മാറാം.

 

13. കൊച്ചി നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പുതിയ പ്ലാന്‍റ് നിർമ്മിക്കേണ്ടത് അനിവാര്യമാണ്. അതില്ലാതെ ഇപ്പോഴത്തെ കരാറിലൂടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കഴിയില്ല. അതിനാൽ പുതിയ പ്ലാന്‍റ് നിർമാണമാണ് ആദ്യ ഘട്ടത്തിൽ ഏറ്റെടുക്കേണ്ടത്. അതോടൊപ്പം വിതരണ ശൃംഖലയെപ്പറ്റി പഠനം നടത്തുകയും ആ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ വിതരണ ശൃംഖലയുടെ നവീകരണം പുതിയ ടെണ്ടറായി നടപ്പാക്കണം.

14. സർക്കാർ അംഗീകരിച്ച പൈപ്പ് പോളിസിയെ തന്നെ ആട്ടിമറിച്ചുകൊണ്ട് കേരളത്തിൽ എറ്റവും വർദ്ദിത തോതിൽ വ്യവസായവത്കരിക്കപ്പെടുന്ന കൊച്ചിയിൽ 160mm വ്യാസമുള്ള പൈപ്പുകൾ ഉപയോഗിക്കുന്നതിനു പകരമായി താരതമ്യേന ചെറിയ 90/110mm വ്യാസമുള്ള uPVC പൈപ്പുകൾ ആണ് പദ്ധതിയിൽ വ്യാപകമായി ഉപയോഗിക്കുന്നത് എന്നത് അത്യന്തം തെറ്റായ രീതിയാണ്. കൂടാതെ 24x7 കുടിവെള്ള പദ്ധതികളിൽ അനിവാര്യമായ DMA വിതരണ സംവിധാനവും ഈ പദ്ധതിയിൽ വിഭാവനം ചെയ്യുന്നില്ല.

 

അതിനാൽ, കുറെയേറെ പിഴവുകളും അന്യായമായി കരാറുകാർക്ക് അമിത തുക ലഭിക്കുന്നതുമായ രീതിയിൽ തയ്യാറാക്കിയ ഇപ്പോഴത്തെ ടെണ്ടർ റദ്ദാക്കണമെന്നും സംഘടനകൾ മുന്നോട്ട് മേൽ പറഞ്ഞ രീതിയിൽ മുന്നോട്ട് വച്ച വിഷയങ്ങൾക്ക് അനുസരിച്ച് ടെണ്ടറിൽ മാറ്റങ്ങൾ വരുത്തി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു .

 

*യോഗത്തിൽ ബഹു മന്ത്രിമാർ നൽകിയ മറുപടിയും ഉറപ്പുകളും*

 

1. 195 MLD ജല ശുദ്ദീകരണ ശാല ആലുവ എത്രയും പെട്ടന്ന് ADB യിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് തത്ത്വത്തിൽ അംഗീകരിച്ചു.

 

2. DPR ൽ ഉള്ള സംഘടകൾ ചൂണ്ടിക്കാണിച്ച ഒട്ടനവധി തെറ്റായ കാര്യങ്ങൾ സംബന്ധിച്ച് കരാറിൽ ഏർപ്പെടുന്ന സമയത്ത് പ്രത്യേകം വ്യവസ്ഥകൾ ഉണ്ടാക്കി കരാറുമായി കൂടിച്ചേർകുന്നത് പരിഗണിക്കാൻ തീരുമാനിച്ചു.

 

3. ഈ പദ്ധതി സ്വകാര്യവൽക്കരണത്തിന്റെ ഭാഗമല്ല, മറിച്ച് സേവന മേഖലയിൽ നിലവിലുള്ളതു പോലെ തന്നെ തുടരുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി.

 

4. ADB പദ്ധതികളുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ കൊച്ചി പോലുള്ള നഗരത്തിൽ റോഡ് വെട്ടിപൊളിച്ച് പൈപ്പ് ഇടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ അടിസ്ഥാനത്തിൽ അതിനു വേണ്ടി ഒരു സമിതിയെ ചുമതലപ്പെടുത്തി പരിഹാരമുണ്ടാക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. 

 

5. ADB പദ്ധതി നടപ്പിലാക്കുമ്പോൾ KWA യിലെ ജീവനക്കാർക്ക് ജോലി സുരക്ഷ ഉറപ്പ് വരുത്തിയായിരിക്കും നടപടിക്രമങ്ങൾ എന്നും മന്ത്രിമാർ ഉറപ്പ് നൽകി. ആ കാര്യത്തിൽ സർക്കാർ ഇടപെടലുകൾ നടത്തും എന്നും അറിയിച്ചു.

 

6. മറ്റ് പദ്ധതികളുടെ സഹായത്താൽ ലൈനുകൾ മാറ്റിയ സ്ഥലങ്ങളുടെ നീളം ഈ പദ്ധതിയിൽ നിന്നും നീക്കം ചെയ്യുകയോ അല്ലെങ്കിൽ സമാന തുകക്കുള്ള പുതിയ പദ്ധതികൾ ഉൾ ക്കൊള്ളിച്ചു കൊണ്ടായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി കൊടുക്കുക എന്ന് ഉറപ്പ് നൽകി.

 

7. ടെൻഡർ നടപടികളിലെ വ്യവസ്ഥകളിൽ നിന്നും കാലോചിതമായ മാറ്റപ്പെടേണ്ട കാര്യങ്ങൾ മാറ്റി പുതിയ കാര്യങ്ങൾ ഉൾപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഇടപെടൽ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി.

8. നോൺ റവന്യു വാട്ടറിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കാൻ വാട്ടർ അതോറിറ്റി മാനേജ്മെന്റിനെ ചുമതലപ്പെടുത്തി.

9. Loan repayment സർക്കാരിൽ നിന്നുമാകും എന്ന് മന്ത്രിമാർ ഉറപ്പുനൽകി

 

10. BOT അടിസ്ഥാനത്തിൽ തുടങ്ങിയ ജിക്കാ പദ്ധതികൾ കരാർ കാലാവധി കഴിഞ്ഞിട്ടും ഇനിയും കൈമാറിയിട്ടില്ലാത്തത് പ്രത്യേകമായി പരിശോധന നടത്താമെന്നും MD മറുപടി പറഞ്ഞു. 

11. 6 മാസത്തിലൊരിക്കൽ ADB പദ്ധതിയുടെ review committee കൂടാമെന്നു തീരുമാനിച്ചു

 

12. DPR സംബന്ധിച്ച് ഒരു ഓപ്പറേഷൻ മാന്വൽ ഇറക്കമെന്നും അതിൽ kwa/agency എന്നിവരുടെ വർക്കുകൾ നിർവചിച്ചു നൽകാനും തീരുമാനിച്ചു.

13. എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ അത് സംഘടനകളുമായി വീണ്ടും ചർച്ച ചെയ്യാമെന്നും അറിയിച്ചു. 

14. പൊതു ജനങ്ങൾക്കും, സ്ഥാപനത്തിനും, ജീവനക്കാർക്കും ബാധിക്കാത്ത രീതിയിൽ മാത്രമേ വായ്പ സ്വീകരിക്കു എന്ന മന്ത്രിമാരുടെ ഉറപ്പിൽ മേല്പറഞ്ഞ തീരുമാനങ്ങൾക്ക് വിധേയമായി പദ്ധതി പ്രവർത്തങ്ങളുമായി മുന്നോട്ട് പോകാൻ സംഘടനകൾ ഐക്യകണ്ഠേന തത്വത്തിൽ അംഗീകരിച്ചു.

 

ചർച്ചയിൽ KWAEU - CITU സംസ്ഥാന പ്രസിഡന്റ് സ: പി.കരുണാകരൻ, ജനറൽ സെക്രട്ടറി സ: പി.ഉണ്ണികൃഷ്ണൻ, ട്രഷറർ, സ: ഒ.ആർ. ഷാജി, KWASA(INTUC) സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.പി. ബിജു, സംസ്ഥാന ട്രഷറർ ശ്രീ.രാകേഷ്

AKWAEU (AITUC)

ജനറൽ സെക്രട്ടറി സ: ഹസ്സൻ, വർക്കിങ്ങ് പ്രസിഡന്റ് സ: എം.എം. ജോർജ്ജ്, അനീഷ് പ്രദീപ്, AKWAO സംസ്ഥാന പ്രസിഡന്റ് ശ്രീ. തമ്പി, സംസ്ഥാന സെക്രട്ടറി ശ്രീ മുഹമ്മദ്‌ ഷാഹി സെക്രട്ടേറിയേറ്റ് അംഗം ശ്രീ. ബൈജു,

EFKWA ജനറൽ സെക്രട്ടറി ശ്രീ.ആദർശ്, അജിത് കുമാർ എന്നിവരും പങ്കെടുത്തു. മാനേജ്മെന്റിന്റെ ഭാഗമായി MD, TM, CE ഉൾപ്പടെയുള്ള വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു.

 

ജനറൽ കൺവീനർ 

സംയുക്ത സമര സമിതി 

(12/05/2025)