
കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർകാരുകളുടെയും ഗുണഭോക്താക്കളുടെയും സംയുക്ത വിഭവ സമാഹരണത്തിൽ കൂടി വിഭാവനം ചെയ്ത ജലജീവൻ മിഷൻ പദ്ധതിയിലെ 45% പദ്ധതി തുക സംസ്ഥാനവിഹിതത്തിന്‍റെ പേരിൽ വാട്ടർ അതോറിറ്റിക്ക് മേൽ അമിതസാമ്പത്തിക ഭാരം അടിച്ചേൽപിക്കാനുള്ള നീക്കത്തിൽ അക്വ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഇത് സംബന്ധിച്ച് നബാർഡിൽ നിന്ന് 9000 കോടി രൂപ ലോൺ എടുക്കുന്നതിനുള്ള അനുമതി കേരള വാട്ടർ അതോറിറ്റിക്ക് നൽകിക്കൊണ്ടുള്ള ഗവൺമെൻറ് ഉത്തരവ് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. കാരണം കേന്ദ്രാവിഷ്കൃത പദ്ധതിയായ ജലജീവൻ മിഷൻ പദ്ധതികളുടെ ഭാഗമായി വരുന്ന ആസ്തികൾ പൂർണമായും ഗ്രാമ പഞ്ചായത്തുകളുടെ അധീനതയിൽ വരത്തക്ക വിധത്തിൽ ആണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. 2020 ൽ മിഷൻ രൂപീകരിച്ച സർക്കാർ ഉത്തരവിൽ കേരള വാട്ടർ അതോറിറ്റി ഈ പദ്ധതിയുടെ ഒരു നിർവഹണ ഏജൻസി മാത്രമാണ്. വാട്ടർ അതോറിറ്റിക്ക് പുറമേ ജലനിധിയും ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്‍റും പദ്ധതിയുടെ നിർവഹണ ഏജൻസികളാണ്. പദ്ധതി നടത്തിപ്പിന് വേണ്ടി നിർവഹണ ഏജൻസി കടമെടുക്കുക എന്നത് കേട്ടുകേൾവിയില്ലാത്തതും യുക്തിരഹിതവുമായ തീരുമാനമാണ്.
ജെ.ജെ.എം. പദ്ധതിയിൽ ഭാവിയിൽ നൽകാൻ പോകുന്ന കണക്ഷനുകളിൽ നിന്നുള്ള റവന്യൂവിൽ പരിപാലനച്ചിലവ് കഴിഞ്ഞ് വരുന്ന തുക ഉപയോഗിച്ച് വായ്പ തിരിച്ചടക്കണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ജെ.ജെ.എം പദ്ധതിയുടെ സാമ്പത്തികഭാരം വാട്ടർ അതോറിറ്റിയുടെ മാത്രം ബാദ്ധ്യതയായി മാറുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിലവിലെ കൈകാര്യ ചെലവ് കണ്ടെത്തിയ വകയിൽ ജീവനക്കാരുടെ 61.64 കോടിയും പെൻഷൻകാരുടെ 374.21 കോടിയും ഒ ആന്‍റ് എം കരാറുകാരുടെ 146.75 കോടിയും കൊടുത്ത് തീർക്കാനുള്ളപ്പോഴും ജീവനക്കാരുടെ GPF വിഹിതം വകമാറ്റിയ ഇനത്തിൽ ഉള്ള 480 കോടി രൂപയും തിരികെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രതീക്ഷിത റെവന്യു വരുമാനം ഉപയോഗിച്ച് വായ്പയും പലിശയും തിരിച്ചടയ്ക്കാൻ കഴിയുമെന്ന നിർദ്ദേശം യുക്തിരഹിതമാണ്.
ജെ.ജെ.എം. പദ്ധതിയുടെ ഭാഗമായി പൊതുടാപ്പുകൾ നിർത്തലാക്കിയതോടെ പഞ്ചായത്തുകളിൽ നിന്ന് വാട്ടർ അതോറിറ്റിക്ക് ലഭിക്കേണ്ട നല്ലൊരു തുക നഷ്ടമായി. പകരമായി നൽകിയ കണക്ഷനുകളിൽ ഭൂരിപക്ഷവും ബി.പി.എൽ കുടുംബങ്ങൾക്കാണ് എന്നതിനാൽ തന്നെ വലിയ സാമ്പത്തികനഷ്ടമാണ് വാട്ടർ അതോറിറ്റിക്ക് ഇപ്പോൾ തന്നെ ഉണ്ടായിട്ടുള്ളത്. സർക്കാരിന്‍റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായാണ് ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി ജലം നൽകുന്നതെങ്കിലും ആയതിനുള്ള സാമ്പത്തികസഹായം നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഭാവിയിലുള്ള കണക്ഷനുകളുടെ നെറ്റ് റവന്യൂ മാത്രം ഉപയോഗിച്ച് വായ്പ തിരിച്ചടക്കാൻ കഴിയില്ല എന്നത് പകൽ പോലെ വ്യക്തമാണ്. ആ കണക്ഷനുകൾ മാത്രം എങ്ങനെ വേർതിരിച്ച് അതിന്‍റെ നെറ്റ് റവന്യൂ കണക്കാക്കുമെന്നതും സംശയകരമാണ്.
മേൽ പറഞ്ഞ രീതിയിൽ റവന്യൂവിൽ നിന്ന് വായ്പ തിരിച്ചടവ് നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായാൽ സർക്കാർ പലിശ രഹിത ബ്രിഡ്ജ് ലോൺ നൽകുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. അതായത് സർക്കാർ ഗാരണ്ടി എന്നത് പേരിൽ മാത്രമൊതുങ്ങുമെന്നും ബ്രിഡ്ജ് ലോൺ തിരിച്ചടക്കേണ്ട ബാദ്ധ്യത കൂടി വാട്ടർ അതോറിറ്റിക്ക് വന്നുചേരുമെന്നും വ്യക്തമാണ്. ഇത് വാട്ടർ അതോറിറ്റിയെ ഗുരുതരമായ കടക്കെണിയിലേക്ക് നയിക്കും. ഇതിന് പുറമേയാണ് ഗാരണ്ടി കമ്മീഷൻ കൂടി വാട്ടർ അതോറിറ്റിയുടെ ബാദ്ധ്യതയായി മാറുന്നത്.
നോൺ പ്ലാൻ ഗ്രാന്‍റ്, ബി.പി.എൽ ആനുകൂല്യങ്ങൾക്കുള്ള ധനസഹായം എന്നിവ സർക്കാർ യഥാസമയം നൽകാതിരിക്കുകയും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും റവന്യൂവിൽ നിന്ന് കണ്ടെത്തേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. വൈദ്യുതി ചാർജ് അടക്കുന്നതിനുള്ള എസ്ക്രോ അക്കൗണ്ട്, എ.ഡി.ബി പദ്ധതിയിൽ 7 വർഷത്തിന് ശേഷമുള്ള പരിപാലനച്ചിലവ് എന്നിവയും റവന്യൂവിൽ നിന്നാണ് ചിലവാക്കേണ്ടത്. പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പോലും യഥാസമയം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ മേൽ പറഞ്ഞ രീതിയിൽ വാട്ടർ അതോറിറ്റി കടക്കെണിയിലാകുന്നത് കേരളത്തിൽ പൊതുജലവിതരണത്തിന്‍റെ മരണമണിയാകുമെന്നതിൽ സംശയമില്ല.
ജല ജീവൻ മിഷൻ 2028 വരെ നീട്ടിയെന്ന പ്രഖ്യാപനമുണ്ടായെങ്കിലും കഴിഞ്ഞ ഒരു വർഷമായി കേന്ദ്രസർക്കാർ ജെ.ജെ.എം പദ്ധതിയിൽ ഒരു സംസ്ഥാനത്തിനും വിഹിതം നൽകിയിട്ടില്ല. നിലവിലുള്ള കേരളത്തിലെ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കുടിശിക തുക 45 ശതമാനം കേന്ദ്രസർക്കാർ നൽകേണ്ടതാണ്. “The outstanding payments after utilizing the first phase of the loan may be met from the awaited Central share” എന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ആദ്യഘട്ടമായി 5000 കോടി രൂപയാണ് വായ്പയെടുക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. 2024 ഒക്ടോബറിന് ശേഷം കേന്ദ്രസർക്കാർ ജെ.ജെ.എം ഇനത്തിൽ ഒരു തുകയും ചിലവാക്കിയിട്ടില്ലെന്നിരിക്കെ, ഈ 5000 കോടി രൂപക്ക് ആനുപാതികമായ കേന്ദ്രവിഹിതം ലഭിക്കുമെന്നതിൽ യാതൊരു ഉറപ്പുമില്ലെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ വിഹിതം നൽകാത്തതിനാൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ മന്ദഗതിയിലോ നിർത്തിവെച്ച അവസ്ഥയിലോ ആണ്.
ഈ സാഹചര്യത്തിൽ ജലജീവൻ മിഷന്‍റെ സാമ്പത്തിക ബാദ്ധ്യത വാട്ടർ അതോറിറ്റിക്ക് മേൽ കെട്ടിവച്ച് സ്ഥാപനത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
ഒപ്പം താഴെ പറയുന്ന ആവശ്യങ്ങളും ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നു.
1. ജെ.ജെ.എം. പദ്ധതിയിൽ നൽകിയ കണക്ഷനുകളിൽ വെള്ളമെത്തിക്കാനാവശ്യമായ മിനിമം പദ്ധതികൾ മാത്രമേ ഇനി ഏറ്റെടുക്കാവൂ. ഇതുവരെ എഗ്രിമെന്‍റ് വയ്ക്കാത്ത പദ്ധതികൾ ഇതിന് അനുസരണമായി പുനഃക്രമീകരിക്കണം.
2. ഇങ്ങനെ ഒഴിവാക്കപ്പെടുന്ന പദ്ധതികൾക്ക് മറ്റ് ഫണ്ടിംഗ് സ്രോതസുകൾ കണ്ടെത്തണം.
3. ജെ.ജെ.എം പദ്ധതിയിൽ 15 ശതമാനം പഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃവിഹിതവും ഉൾപ്പെട്ടിരുന്നു. ഇത് പൂർണമായും ലഭ്യമാക്കണം. ഗുണഭോക്തൃവിഹിതം സർക്കാരോ പഞ്ചായത്തോ വഹിക്കണം.
4. ഫിനാൻസ് കമ്മീഷൻ ഗ്രാന്‍റ്, എം.എൽ.എ ഫണ്ട് തുടങ്ങിയവ ഇതിനായി വിനിയോഗിക്കണം.
5. ജെ.ജെ.എം പദ്ധതികളുടെ ജി.എസ്.ടിയിലെ സംസ്ഥാന വിഹിതം ഉപേക്ഷിക്കുകയോ ആയത് ജെ.ജെ.എം പദ്ധതിക്കായി തന്നെ മാറ്റി വയ്ക്കുകയോ ചെയ്യണം.
6. റോഡുകൾ നന്നാക്കുന്നതിന് PWD യ്ക്ക് നൽകിയ തുകയുടെ UC ലഭ്യമാക്കി അധിക തുക PWD യിൽ തിരികെ ഈടാക്കി പദ്ധതിയ്ക്കായി ഉപയോഗിക്കണം.
7. ജെ..ജെ.എം. പദ്ധതി പൂർത്തീകരണത്തിന് വായ്പ എടുക്കേണ്ടത് അനിവാര്യമാണെങ്കിൽ ആയത് സർക്കാർ തന്നെ എടുക്കുകയോ മറ്റ് ഫണ്ടിംഗ് സ്രോതസുകൾ കണ്ടെത്തുകയോ വേണം.
ഈ വിഷയത്തിൽ അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ ഞങ്ങളുമായി ചർച്ച ചെയ്യാനും ഈ വിഷയത്തിൽ സുതാര്യമായ സമീപനം സ്വീകരിക്കാനും തയ്യാറാകണമെന്നും പൊതു ജല വിതരണം തകർക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഇല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം നടത്തുവാൻ ഞങ്ങൾ നിർബന്ധിതരാവുമെന്നും അറിയിക്കുന്നു.
ജനറൽ സെക്രട്ടറി
അക്വാ
19/09/2025
