സംഘടനാ വാർത്തകൾ

അക്വ സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

അക്വ സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

കേരള ജല അതോറിറ്റിയിലെ സൂപ്രണ്ടിംഗ് എൻജിനീയർ/ഡെപ്യൂട്ടി ചീഫ് എൻജിനീയർ തസ്തികയിലുള്ള ഓഫീസർമാരുടെ സ്ഥലമാറ്റ ഉത്തരവിൽ കേരള സർക്കാരിന്റെ സ്ഥലമാറ്റ മാനദണ്ഡങ്ങൾ പരിഗണിക്കാത്തതിൽ സംഘടന ശക്തമായി പ്രതിഷേധിക്കുന്നു. എക്സിക്യൂട്ടീവ് എൻജിനീയർ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരുടെ പ്രമോഷൻ, സ്ഥലമാറ്റം എന്നിവ ജലവിഭവ വകുപ്പ് നേരിട്ടാണ് നടത്തുന്നത്. എന്നാൽ കേരള സർക്കാരിന്റെ 2017 ലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവ് പ്രകാരമുള്ള സ്ഥലമാറ്റ മാനദണ്ഡങ്ങൾ ഈ തസ്തികകളുടെ കാര്യത്തിൽ പരിഗണിക്കുന്നില്ല എന്നത് അത്യന്തം ഖേദകരമാണ്. വർഷങ്ങളായി ജലഭവനിൽ ഒരേ സീറ്റിൽ തുടരുന്ന സൂപ്രണ്ടിംഗ് എൻജിനീയർ/ഡെപ്യൂട്ടി ചീഫ് എൻജിനീയർ റാങ്കിലെ ഉദ്യോഗസ്ഥർ ഉണ്ടെന്നിരിക്കെ അവരെയൊന്നും സ്ഥലമാറ്റത്തിന് പരിഗണിച്ചിട്ടില്ല. എന്നാൽ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ജലവിഭവ വകുപ്പിന്റെ ഇംഗിതത്തിന് വഴങ്ങുന്ന ചില ഓഫീസർമാരെ മാത്രം തിരഞ്ഞെടുത്ത് സ്ഥലമാറ്റം നൽകുകയും അല്ലാത്തവർക്ക് അനാവശ്യമായ സ്ഥലമാറ്റം നൽകുകയോ അല്ലെങ്കിൽ മാനുഷിക പരിഗണന നൽകാതെ പീഡിപ്പിക്കുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് ജലവിഭവ വകുപ്പ് മാറുന്നത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ സർക്കാർ ജീവനക്കാരോടുള്ള നയങ്ങൾക്ക് വിരുദ്ധമാണ്.

അഞ്ചു വർഷത്തിൽ കൂടുതൽ ഒരു സ്റ്റേഷനിൽ നിർബന്ധമായും ജോലി ചെയ്യരുത് എന്ന കർശന മാനദണ്ഡം നിലനിൽക്കെ ഇതെല്ലാം കാറ്റിൽ പറത്തി, അതിൽ കൂടുതൽ കാലയളവിൽ വിവിധ തസ്തികളിൽ ഒരേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമാന റാങ്കിലെ ഉദ്യോഗസ്ഥർ അവിടെ തന്നെ തുടരുമ്പോൾ ഇത്തരം സ്ഥലമാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് അത്യന്തം ജുഗുപ്സാവഹമാണ്. അതുപോലെതന്നെ ഒരേ ഓഫീസിൽ ജോലി ചെയ്യുന്ന വ്യക്തിക്ക് പ്രമോഷൻ നൽകുമ്പോൾ അതേ ഓഫീസിൽ തന്നെ ചില പ്രത്യേക താല്പര്യങ്ങൾക്ക് അനുസൃതമായി പോസ്റ്റിംഗ് നൽകുന്നതും ഒട്ടും ആശാസ്യമല്ല. ഇതൊക്കെ സർക്കാർ നയങ്ങൾ നടപ്പാക്കുന്നതിന് വേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന ഓഫീസർമാരോട് ജലവിഭവ വകുപ്പ് കാണിക്കുന്ന കടുത്ത അനീതിയാണെന്ന് സംഘടന വിലയിരുത്തുന്നു. ആയതിനാൽ സർക്കാർ ഉത്തരവ് GO (Rt) 517-2025/WRD തീയതി 29/05/2025 പ്രകാരം പുറപ്പെടുവിച്ച സൂപ്രണ്ടിംഗ് എൻജിനീയർ/ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരുടെ സ്ഥലമാറ്റ-പ്രമോഷൻ ഉത്തരവുകൾ പുനഃപരിശോധിക്കണമെന്ന് സംഘടന ജലവിഭവ വകുപ്പിനോട് ആവശ്യപ്പെടുന്നു.

ഹോം സ്റ്റേഷനിൽ നിന്ന് പുറത്തുള്ള ജില്ലകളിൽ പോയി ജോലി ചെയ്യുന്ന  ഉദ്യോഗസ്ഥരേ ബോധപൂർവ്വം തഴയാനേ ഇത്തരം ഉത്തരവുകൾ ഉതകുകയുള്ളൂ എന്നും ഇത്തരത്തിലുള്ള പക്ഷപാതപരമായ സ്ഥലം മാറ്റങ്ങൾ ജീവനക്കാരുടെ ആത്മവീര്യം തകർക്കുമെന്നും അക്വ ഓർമ്മപ്പെടുത്തുന്നു.  വർഷങ്ങളോളം അതേ സീറ്റിൽ ജോലി ചെയ്യുന്നവരേ മാറ്റിയാൽ പ്രശ്നപരിഹാരവും തുല്യനീതിയും ഉണ്ടാവും എന്നിരിക്കേ ജലവിഭവവകുപ്പ് ചില നിക്ഷിപ്ത താല്പര്യക്കാരുടെയും  തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നത് ഇടതുപക്ഷ സർക്കാരിന് അവമതിപ്പ് ഉണ്ടാക്കും. സ്ഥാപനത്തിൻ്റെ നന്മയ്ക്കും, സമത്വം, തുല്യനീതിക്കായി സംഘടന നൽകുന്ന അപേക്ഷ പരിഗണിക്കാത്ത പക്ഷം ശക്തമായ സമരപോരാട്ടങ്ങൾക്ക് നിർബന്ധിതരാവും എന്ന് ഓർമ്മപ്പെടുത്തുന്നു.                                                                                                          

                                                                       ജനറൽസെക്രട്ടറി           

                                                                                       (അക്വ)