സംഘടനാ വാർത്തകൾ

പൊതുസ്ഥലംമാറ്റം അട്ടിമറിക്കുന്നതിനെതിരെ അക്വ പ്രതിഷേധ ധർണ്ണ നടത്തി

പൊതുസ്ഥലംമാറ്റം അട്ടിമറിക്കുന്നതിനെതിരെ അക്വ പ്രതിഷേധ ധർണ്ണ നടത്തി

സർക്കാരിന്റെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ലംഘിച്ചാൽ ശക്തിയായ പ്രക്ഷോഭം നടത്തും - സി.കെ. ഹരീന്ദ്രൻ എം.എൽ.എ

 

വാട്ടർ അതോറിറ്റി ജീവനക്കാർക്ക് സ്വസ്ഥമായും സന്തോഷത്തോടെയും ജോലി ചെയ്യാൻ അവസരം നൽകുന്ന രീതിയിൽ നീതിപൂർവകമായി പൊതുസ്ഥലം നടപ്പാക്കണമെന്ന് സി. കെ. ഹരീന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. തൊഴിലെടുക്കുന്ന എല്ലാവർക്കും തൊഴിൽ സുരക്ഷയും മികച്ച സേവനവും വേതനവും, വിവേചന രഹിതമായ തൊഴിലിടവും ഉറപ്പാക്കുകയെന്നതാണ് കേരള സർക്കാരിന്റെ നയം. അതിനാലാണ് 2017 ൽ പൊതു സ്ഥലമാറ്റത്തിനുള്ള മാനദണ്ഡങ്ങൾ ഉത്തരവായി ഇറക്കിയത്. സർക്കാർ നയത്തിന് വിരുദ്ധമായി ഇടപെടാൻ ആരെങ്കിലും ശ്രമിച്ചാൽ നിയമപരമായും സംഘടിതമായും അക്വയും പൊതുപ്രസ്ഥാനവും പ്രതികരിക്കും.

 

വാട്ടർ അതോറിറ്റിയിൽ കൃത്യമായ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കാതെ പതിറ്റാണ്ടുകൾ തുടരുന്നവർക്ക് അന്യായ സംരക്ഷണം നൽകുകയാണ്. സുതാര്യമായ സംവിധാനം ഇല്ലാത്ത ജനറൽ ട്രാൻസ്ഫർ നടപടികൾ വൈര്യനിര്യാതന നാടുകടത്തലുകൾക്കും സ്വജനപക്ഷപാതത്തിനുമാണ് തൽപരകക്ഷികൾ വിനിയോഗിക്കുന്നത്. അർഹത അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ക്യുലിസ്റ്റ് പരസ്യം ചെയ്യാനും അതനുസരിച്ച് അപേക്ഷകളിൽ മാറ്റം വരുത്താനും അനുവാദം നൽകിക്കൊണ്ട് സൗഹാർദ്ദപൂർണ്ണമായ നടപടികൾ കൈകൊള്ളാൻ മാനേജ്മെൻ്റ് തയ്യാറാകണം. ഇല്ലാത്ത പക്ഷം അതിശക്തമായ പ്രക്ഷോഭത്തിന് അക്വ തയ്യാറാകുമെന്ന് അക്വ ഭാരവാഹികൾ പറഞ്ഞു. നിലവിൽ ഇറക്കിയ ഡ്രാഫ്റ്റ്‌ ലിസ്റ്റുകളിലെ സുതാര്യത എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ പ്രസിദ്ധീകരിക്കാൻ മാനേജ്മെന്റിനോട് അക്വ ആവശ്യപ്പെട്ടു.

 

അക്വ പ്രസിഡന്റ് സന്തോഷ് കുമാർ ഇ. എസ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി തമ്പി, ട്രഷറർ രഞ്ജിവ് എസ്, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ട്രഷറർ ഒ.ആർ. ഷാജി, ഷിഹാബുദ്ദീൻ എ, സരിതാഭാദുരി, ജോയ് എച്ച് ജോൺസ് എന്നിവർ സംസാരിച്ചു.