
വാട്ടർ അതോറിറ്റിയുടെ കേന്ദ്ര കാര്യാലയമായ ജലഭവനിൽ മാത്രം 22 വർഷമായി ജോലി ചെയ്യുന്ന എഞ്ചിനീയറെ മാറ്റാതെ പരിരക്ഷയ്ക്ക് അർഹതയുള്ളവരെ ജില്ല വിട്ട് സ്ഥലംമാറ്റുന്ന ജലവിഭവവകുപ്പിന്റെ ട്രാൻസർ നോംസ് അട്ടിമറിക്കുന്ന നടപടിക്കെതിരെ അക്വ മുഖ്യമന്ത്രിക്ക് പരാതി നൽകി. സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സർക്കാരിനെ നാണംകെടുത്തുന്ന രീതിയിലുള്ള വിചിത്ര ഉത്തരവുകളാണ് ജലവിഭവവകുപ്പിൽ നിന്നുണ്ടാകുന്നത്.
പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി ഡപ്യൂട്ടി ചീഫ് എഞ്ചിനീയർമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും 5 വർഷത്തിൽ കൂടുതൽ ഒരു സ്റ്റേഷനിൽ ജോലി ചെയ്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയതെങ്കിലും ഡ്രാഫ്റ്റോ ക്യൂ ലിസ്റ്റോ പ്രസിദ്ധീകരിക്കാതെയാണ് അന്തിമ ഉത്തരവ് പുറത്തിറക്കിയത്.
നേരത്തെ തന്നെ മിശ്രവിവാഹിത എന്ന പരിഗണന ലഭിക്കേണ്ട സീനിയറായ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറെ ആലപ്പുഴയ്ക്ക് പോസ്റ്റ് ചെയ്തിരുന്നു. അവരെക്കാൾ ജൂനിയറായ ഒരു പരിഗണനയ്ക്കും അർഹതയില്ലാത്ത ജൂനിയറായ വനിതയെ ഹെഢ് ഓഫീസിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവരെക്കാളെല്ലാം ജൂനിയറായ 22 വർഷമായി ഹെഡ് ഓഫീസിൽ മാത്രം ജോലി ചെയ്തു വരുന്നയാളെ ജലവിഭവവകുപ്പ് ചെയർമാന്റെ പ്രത്യേക താല്പര്യപ്രകാരം സെക്രട്ടറി പോസ്റ്റിൽ പ്രമോഷൻ നൽകി കുടിയിരുത്തി. ഇയാളെ ഹെഢ് ഓഫീസിൽ മുൻകാലങ്ങളിൽ ഇരുത്തി സംരക്ഷിക്കാൻ വാട്ടർ അതോറിറ്റി ചെയ്ത പ്രവൃത്തികൾ കേട്ടാൽ ആരും മൂക്കത്ത് വിരൽ വച്ച് പോകും. മാനേജിംഗ് ഡയറക്ടറുടെ ടെക്നിക്കൽ അസിസ്റ്റന്റ് ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറായിരുന്നു. എന്നാൽ ഇദ്ദേഹം എക്സിക്യൂട്ടിവ് എഞ്ചിനീയറായി പ്രമോഷൻ ആയതോടെ അദ്ദേഹത്തെ തിരുവനന്തപുരത്ത് തന്നെ പ്രതിഷ്ഠിക്കാൻ ഈ പോസ്റ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടേതാക്കി മാറ്റി. ഇപ്പോഴത്തെ സ്ഥലംമാറ്റത്തിൽ പട്ടികജാതി വിഭാഗത്തിന്റെയും മിശ്രവിവാഹിതന്റെയും സംരക്ഷണം ലഭിക്കേണ്ടയാളെ പത്തനംതിട്ടയിലേക്ക് മാറ്റിയിരുന്നു. ഇതിൽ ആക്ഷേപം ഉന്നയിച്ച് അദ്ദേഹം ഹൈക്കോടതിയിൽ പരാതി നൽകുകയും സ്ഥലംമാറ്റം സ്റ്റേ ചെയ്യുകയും ചെയ്തു.
ഇദ്ദേഹത്തെ പോലെ പരിഗണന ലഭിക്കേണ്ട ആലപ്പുഴ സൂപ്രണ്ടിങ്ങ് എഞ്ചിനീയർക്കും തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിക്കാൻ കോടതി ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ ഇത് പാലിക്കാനെന്ന പേരിൽ വനിതാ സൂപ്രണ്ടിങ്ങ് എഞ്ചിനീയറെ അപമാനിക്കുന്ന രീതിയിൽ ആലപ്പുഴ സൂപ്രണ്ടിങ്ങ് എഞ്ചിനീയറുടെ തസ്തിക തിരുവനന്തപുരത്തേക്ക് മാറ്റുക എന്ന കേട്ടുകേൾവിയില്ലാത്ത ഉത്തരവാണ് ജലവിഭവവകുപ്പ് പുറത്തിറക്കിയത്.വാട്ടർ അതോറിറ്റി എഞ്ചിനീയർമാരുടെ പ്രമോഷൻ പോസ്റ്റിലെ സാധ്യത ഇല്ലാതാക്കുന്നതിന് അടുത്തൂൺ പറ്റിയ ചീഫ് എഞ്ചിനീയറെ ടെക്നിക്കൽ മെമ്പറായി നിയമിച്ചതിനെതിരെയും അക്വ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
എഡിബി പദ്ധതിയുടെ മറവിൽ സൂയസ് കമ്പനിയെ എറണാകുളത്തെ ജലവിതരണം ഏൽപ്പിക്കുന്നതിന് വേണ്ടി കീഴ് വഴക്കം ലംഘിച്ചു കൊണ്ട് ടെക്നിക്കൽ മെമ്പർക്ക് വിരമിച്ചതിന് ശേഷം കാലാവധി നീട്ടി നൽകിയ പ്രവൃത്തിയും അസാധാരണ സ്ഥലംമാറ്റ ഉത്തരവുകളും നഗ്നമായ അഴിമതികൾക്ക് വേണ്ടിയാണെന്ന് ഒറ്റനോട്ടത്തിൽ ആർക്കും തിരിച്ചറിയാൻ കഴിയും. ഇതിലും രസകരമായ മറ്റൊരു സംഭവം, ആരോപണ വിധേയനായ ചെയർമാൻ ജീവനക്കാരുടെ എതിർപ്പ് നേരിടുന്നത് ഭയന്ന് ബോർഡ് യോഗം ചേരുന്ന മുറി ഇരുമ്പ് കമ്പികൾ കൊണ്ട് മറതീർക്കുവാൻ നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചിരുന്നു എന്നതാണ്. ജീവനക്കാരുടെ എതിർപ്പിനെത്തുടർന്ന് നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതിനാൽ ഇനി ബോർഡ് യോഗം വാട്ടർ അതോറിറ്റിയിൽ വച്ച് ചേരണ്ട എന്ന തീരുമാനം ചെയർമാൻ കൈക്കൊണ്ടു. ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ(ജനറൽ) - കാലാവധി നീട്ടികിട്ടിയ ദിവസവേതന ടെക്നിക്കൽ മെമ്പർ - മന്ത്രി ആഫീസിലെ ചിലർ-ചെയർമാൻ എന്നിവരുടെ അച്ചുതണ്ടാണ് ഈ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത് എന്ന് സംഘടന ആരോപിക്കുന്നു.
