വാർത്തകൾ

പുതിയ ടെക്നിക്കൽ മെമ്പറെ അടിയന്തിരമായി നിയമിക്കുക

പുതിയ ടെക്നിക്കൽ മെമ്പറെ അടിയന്തിരമായി നിയമിക്കുക

അക്വ സംസ്ഥാന കമ്മറ്റി പുറത്തിറക്കുന്നപ്രസ്താവന

----------

മെയ് മാസം 31ന്ന് കേരള വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച ടെക്നിക്കൽ മെമ്പറെ വീണ്ടും 3 മാസത്തേക്ക് പുനർ നിയമിച്ച ജലവിഭവ വകുപ്പിന്റെ ഉത്തരവിനെതിരെ അക്വ കടുത്ത അതൃപ്തി അറിയിച്ചതാണ്. സർക്കാർ പുറത്തിറക്കിയ ഉത്തരവിലെ പ്രസക്തഭാഗം ചുവടെ ചേർക്കുന്നു...

 

    Government are pleased to extend the term of Sri Sethukumar S. Technical Member, Kerala Water Authority, for a period of three calendar months from 01.06.2024, after his retirement from service on 31.05.2024'

നിലവിലെ ആക്ട് പ്രകാരം ചീഫ് എഞ്ചിനീയർമാരിൽ ഒരാളെ മാത്രമേ ടെക്നിക്കൽ മെമ്പറായി നിയമിക്കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത് എന്നിരിക്കെ മേൽ ഉത്തരവിൽ സർക്കാർ തന്നെ സൂചിപ്പിച്ച വിരമിച്ച ആൾക്ക് പുനർ നിയമനം നൽകിയത് തികച്ചും നിയമ വിരുദ്ധമാണ്. 

45000 കോടിയിലധികം അടങ്കൽ വരുന്ന ജല ജീവൻ പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആദ്യമായി ഇദ്ദേഹത്തിൻ്റെ മുൻഗാമിയായ ടെക്നിക്കൽ മെമ്പർക്ക് ഇതുപോലെ സേവനം നീട്ടി നൽകിയ അവസരത്തിലും സംഘടന പ്രതിഷേധം അറിയിച്ചിരുന്നു. അതിൻ്റെ ഭാഗമായാണ് ടിയാനു അവസരം ഉണ്ടായതും അന്നു തൻ്റെ അവസരം നഷ്ടപ്പെടുപ്പോൾ നീതി തേടിയ അദ്ദേഹം മറ്റുള്ളവരുടെ അവസരം തട്ടിയെടുക്കുന്നത് ലജ്ജാകരമാണ്. പരിണിത പ്രഞ്ജരില്ലായെന്ന വാദഗതി ഉയർത്തി ഇനിയും ഇത്തരം കരാർ നിയമനങ്ങൾ തുടരുന്നത് അംഗീകരിക്കുവാൻ കഴിയുന്നതല്ല. കേരളത്തിലെ മറ്റു എഞ്ചീനീയറിംഗ് വകുപ്പുകളിൽ ഒന്നും തന്നെ ഇത്തരം കരാർ നിയമനങ്ങൾ നടക്കുന്നില്ല / നടത്തുന്നുമില്ല

  അന്യായമായി സർവീസ് നീട്ടി കിട്ടിയ ഇദ്ദേഹത്തിന് വീണ്ടും കൂടുതൽ കാലം നൽകുന്ന നടപടിയുടെ അവസാനഘട്ടത്തിലാണ് വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെൻ്റും ചില തൽപര കക്ഷികളും എന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് അക്വ സംസ്ഥാന സമിതി സംഘടനയുടെ വിയോജിപ്പ് സർക്കാരിനെ രേഖാമൂലം അറിയിക്കുന്നത്. KWA യിലെ അസിസ്റ്റന്റ് എഞ്ചിനീയർ മുതൽ ചീഫ് എഞ്ചിനീയർ വരെയുള്ള 5 തസ്തികളിലെ ഓരോ ഓഫീസർമാരുടെ പ്രമോഷൻ സാധ്യത ഇല്ലാതാകുന്നതും, അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ PSC റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഒരു ഉദ്യോഗാർത്ഥിക്ക് അസിസ്റ്റന്റ് എഞ്ചിനീയർ ആയി ജോലിയിൽ കയറാനുള്ള സാധ്യതയും ഇത്തരത്തിൽ കരാർ നിയമനം പുതുക്കി നൽകുന്നതിലൂടെ ഇല്ലാതാകുന്നുണ്ട്. 

ഇതിലുപരി സാങ്കേതിക വിഭാഗം തലവൻ എന്ന നിലക്ക് മേഖലക്ക് ഗുണപരമായ ഒരു തീരുമാനവും ജല അതോറിറ്റിയുടെ ഉന്നമനത്തിനോ, ജല ജീവൻ പദ്ധതിയുടെ പുരോഗതിക്ക് വേണ്ടിയോ, ഫണ്ട് ലഭ്യത ഉറപ്പുവരുത്തുവാനോ ഇപ്പോൾ സേവനം നീട്ടി നൽകിയ ടെക്നിക്കൽ മെമ്പറുടെ ഭാഗത്ത്‌ നിന്നും യാതൊ വിധ പരിശ്രമം പോലും ഉണ്ടായിട്ടില്ല. എന്നാൽ തന്നിൽ നിക്ഷിപ്തമല്ലാത്ത ഓഫീസർമാരുടെ സ്ഥലം മാറ്റ ഉത്തരവുകളിൽ തന്നിഷ്ടക്കാരേയും / സ്വജന പക്ഷക്കാരേയും ഉൾകൊള്ളിക്കാനുള്ള ഇടപെടലാണ് അദ്ദേഹം നടത്തിവരുന്നത്.  അതിലുപരി ജന വിരുദ്ധവും, സ്ഥാപനത്തിന്റെ നിലനിൽപ്പ് അപകടത്തിലാക്കുകയും ചെയ്യുന്ന ADB പദ്ധതിക്ക് പരവതാനി വിരിക്കുന്ന പ്രവൃത്തികൾ  ഇദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നുണ്ട്. 

മേൽ പശ്ചാത്തലത്തിൽ ഇനിയും ടെക്നിക്കൽ മെമ്പർ പദവിയിൽ സേവനം നീട്ടി നൽകാതെ നിലവിലെ ചീഫ് എഞ്ചിനീയർമാരിൽ നിന്നും പുതിയ ഒരാൾക്ക് നിയമനം നൽകണമെന്ന് അക്വ അഭ്യർത്ഥിക്കുന്നു. എൽ ഡി എഫ് സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായി ഇനിയും ടെക്നിക്കൽ മെമ്പർ പദവിയിൽ കരാർ നിയമനം നടത്തുന്ന പ്രവണത ആവർത്തിച്ചാൽ ആയതിനെ നിയമ പരമായും സംഘടനാപരമായും ശക്തമായി പ്രതിരോധിക്കുമെന്ന് അക്വ സംസ്ഥാന സമിതി പ്രസ്താവിക്കുന്നു. ജീവനക്കാരുടെ താല്പര്യം അവഗണിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടാകാതിരിക്കാൻ ബഹു : ജല വിഭവ വകുപ്പ് മന്ത്രി തന്നെ ഈ വിഷയത്തിൽ ഇടപെടണമെന്നും അക്വ സംസ്ഥാന സമിതി അവശ്യപ്പെടുന്നു.