സംഘടനാ വാർത്തകൾ

ADB പദ്ധതി : ജലവിഭവ വകുപ്പ് മന്ത്രി വിളിച്ച മീറ്റിംഗിൽ ജീവനക്കാരുടെ സംഘടനകൾ ആശങ്കകൾ അറിയിച്ചു

ADB പദ്ധതി : ജലവിഭവ വകുപ്പ് മന്ത്രി വിളിച്ച മീറ്റിംഗിൽ ജീവനക്കാരുടെ സംഘടനകൾ ആശങ്കകൾ അറിയിച്ചു

 എഡിബി സഹായത്തോടെ കൊച്ചിയിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി സംബന്ധിച്ച് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത സമിതി നേതാക്കളുമായി ജലവിഭവ വകുപ്പ് മന്ത്രി ചർച്ച നടത്തി. സംഘടനകൾ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ പരിഗണിച്ച് നിലവിലെ ടെണ്ടർ റദ്ദാക്കുകയും ദോഷകരമായ നിബന്ധനകൾ ഒഴിവാക്കി റീടെണ്ടർ ചെയ്യുകയും വേണമെന്ന് സംഘടനകൾ ഏകകണ്ഠമായി ആവശ്യപ്പെട്ടു. 10 വർഷത്തേക്ക് കൊച്ചിയിലെ കുടിവെള്ള വിതരണവും പരിപാലനവും സൂയസ് കമ്പനിക്ക് കരാർ വ്യവസ്ഥയുടെ ഭാഗമായി ഏൽപ്പിക്കുന്നത് കുടിവെള്ള വിതരണം സ്വകാര്യവൽക്കരിക്കുന്നതിന് തുല്യമാണെന്ന് സംഘടനകൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

ഇതുപോലെയുള്ള പ്രധാന വിഷയങ്ങളും നയപരമായ കാര്യങ്ങളും സംഘടനകളുമായി ചർച്ച ചെയ്യുവാൻ തയ്യാറാകാത്തതിൽ സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി. യഥാസമയം സംഘടനകളുമായി ചർച്ച നടത്തുവാൻ സന്നദ്ധമായിരുന്നെങ്കിൽ ഇപ്പോൾ ടെണ്ടറിൽ വന്നിട്ടുള്ള പ്രശ്നങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയുമായിരുന്നു.

പദ്ധതിയുടെ ഡിപിആറിൽ വിതരണം ചെയ്യുന്ന ജലത്തിന്‍റെ ഗുണനിലവാരം മോശമാണെന്ന പരാമർശമുണ്ട്. എന്നാൽ ജലമലിനീകരണം സംബന്ധിച്ച പ്രശ്നങ്ങൾ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. തെറ്റിദ്ധാരണാജനകമായ പരാമർശമാണിത്. 

ടെൻഡർ വ്യവസ്ഥകൾ പരിപൂർണ്ണമായും കരാറുകാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന രീതിയിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത് എന്ന് വസ്തുതകൾ നിരത്തി സംഘടനകൾ യോഗത്തിൽ അറിയിച്ചു. നിലവിൽ 51% വരുമാനരഹിത ജലം (നോൺ റവന്യൂ വാട്ടർ) ഉണ്ട് എന്നും ആയതിൽ 43% പൂർണ്ണമായും ജല ചോർച്ചകൾ മൂലം സംഭവിക്കുന്നതും ആണെന്ന പരാമർശം ഡിപിആറിൽ ഉണ്ട്. ഇത് സംബന്ധിച്ച യാതൊരു പഠനവും നടത്താതെയാണ് ഈ പരാമർശം നടത്തിയിരിക്കുന്നത്. പ്രതിദിനം 87 ദശലക്ഷം ലിറ്റർ വെള്ളം കൊച്ചി കോർപ്പറേഷൻ പരിധിയിൽ ചോർച്ച സംഭവിക്കുന്നുണ്ടെങ്കിൽ ഭൂമിശാസ്ത്രപരമായി വെള്ളക്കെട്ടിന് സാധ്യതയുള്ള കോർപ്പറേഷനിൽ ഇതിനകം തന്നെ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു എന്ന് യോഗത്തിൽ സംഘടനകൾ ചൂണ്ടികാട്ടി.

ആയതിനാൽ തന്നെ ഇല്ലാത്ത ചോർച്ച ഉണ്ടെന്നു വരുത്തി തീർത്ത് ആയത് പരിഹരിച്ചുകൊണ്ട് കൊച്ചിയിൽ 24 X 7 കുടിവെള്ള വിതരണം സാധ്യമാകും എന്ന് പറയുന്നത് തികച്ചും സാങ്കൽപ്പികമാണെന്നും ആയതിനാൽ തന്നെ ഇതിനുവേണ്ടി ചിലവഴിക്കപ്പെടുന്ന നൂറുകണക്കിന് കോടി രൂപ വലിയ സാമ്പത്തിക ധൂർത്തായി പിൽക്കാലത്ത് വിലയിരുത്തപ്പെടും എന്ന് യോഗത്തിൽ സംഘടനകൾ പറഞ്ഞു.

വരുമാനരഹിതജലം 51 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറക്കുക എന്നതാണ് കരാറുകാരന്‍റെ പ്രധാന ദൗത്യം. ഇതിലൂടെ കൊച്ചി നഗരത്തിലെ കുടിവെള്ളവിതരണം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് ഇപ്പോഴത്തെ ടെണ്ടറിൽ വിഭാവനം ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ സ്ഥിതി മെച്ചപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ മാത്രമേ 190 എം.എൽ.ഡി പ്ലാന്‍റ് ടെണ്ടർ ചെയ്യുകയുള്ളൂ എന്ന് ഒക്ടോബർ 18ന് അഡിഷണൽ ചീഫ് സെക്രട്ടറി നടത്തിയ യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതിന് ശേഷം പുതിയ പ്ലാന്‍റ് അടുത്ത വർഷം ഫെബ്രുവരിയോടെ ടെണ്ടർ ചെയ്യണമെന്ന ഉത്തരവാണ് ജോയിന്‍റ് എംഡി പുറത്തിറക്കിയത്. ഈ രണ്ട് പ്രവൃത്തികളും സമാന്തരമായി പുരോഗമിക്കുന്ന സാഹചര്യമുണ്ടായാൽ സൂയസിന്‍റെ പ്രവൃത്തി എത്രത്തോളം ഫലപ്രദമാകുന്നുണ്ട് എന്ന് വിലയിരുത്താൻ കഴിയാതെ വരും. 

പുതിയ സ്രോതസ് ഇല്ലാതെ ഇത്തരമൊരു പദ്ധതി വിജയിക്കില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഇപോപഴത്തെ പദ്ധതിക്ക് സമാന്തരമായി 190 എം.എൽ.ഡി ശുദ്ധീകരണശാല നിർമ്മിച്ച് വീണ്ടും അധികമായി കോർപ്പറേഷന് കുടിവെള്ളം നൽകണമെന്ന് പറയുന്നത്. ഇത് നിലവിൽ വിഭാവനം ചെയ്ത ടെണ്ടറിലെ പ്രവൃത്തികൾ 24X7 എന്ന തോതിൽ കുടിവെള്ളമെത്തിക്കുന്നതിന് പര്യാപ്തമല്ല എന്ന സംഘടനകളുടെ വാദം ശരിവയ്ക്കുന്നതാണ്. ഒന്നുകിൽ നിലവിൽ പരിഗണനയിലിരിക്കുന്ന ടെണ്ടറിൽ ഉൾപ്പെടുന്ന പ്രവൃത്തിയിലൂടെ അല്ലെങ്കിൽ പുതുതായി 190 എം.എൽ.ഡി ശുദ്ധീകരണശാല നിർമിക്കുന്നതിലൂടെ കൊച്ചിയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണാമെന്ന് എ.ഡി.ബി കൺസൾട്ടന്‍റ് തയ്യാറാക്കിയ പദ്ധതിരേഖയിൽ സൂചിപ്പിക്കുന്നു എന്നിരിക്കേ രണ്ട് പദ്ധതികളും ഒരുമിച്ച് നടപ്പാക്കുന്നത് അനാവശ്യവും പൊതുസമൂഹത്തെയും ജനപ്രതിനിധികളെയും കബളിപ്പിക്കുന്നതിന് സമാനവുമാണെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു.

നിലവിലെ ടെൻഡർ വ്യവസ്ഥകൾ അനുസരിച്ച് പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ദേശീയപാത പുരാവസ്തു വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിൽ നിന്നും അനുമതി വാങ്ങി നൽകേണ്ടത് വാട്ടർ അതോറിറ്റിയുടെ ഉത്തരവാദിത്വമാണ്. കരാറുകാരൻ ഇക്കാര്യം ആവശ്യപ്പെട്ടാൽ ഒരുമാസത്തിനകം അനുമതി ലഭ്യമാക്കണമെന്നാണ് ടെണ്ടർ വ്യവസ്ഥ. മുൻകാല അനുഭവങ്ങൾ പരിഗണിക്കുമ്പോൾ ഇത് സാധ്യമല്ല എന്ന് സംഘടനകൾ പറഞ്ഞു. ഇത്തരം സാങ്കേതികമായ തടസ്സങ്ങൾ മുൻനിർത്തി കരാർ വ്യവസ്ഥ അനുസരിച്ച് പരിപാലന ചിലവ് പൂർണമായും കൂടാതെ അധിക നഷ്ടപരിഹാരം കരാർ കമ്പനിക്ക് ലഭിക്കുന്നതിനും ടെണ്ടറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത് വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവയ്ക്കും എന്ന് സംഘടനകൾ യോഗത്തിൽ അറിയിച്ചു.

മാത്രമല്ല, പദ്ധതി സംബന്ധിച്ച ആർബിട്രേഷൻ നടത്തേണ്ട സാഹചര്യമുണ്ടായാൽ ആയത് നടത്തേണ്ടത് സിംഗപ്പൂരിലായിരിക്കും. ഇത് വാട്ടർ അതോറിറ്റിക്ക് ദോഷകരമായിരിക്കും.

പദ്ധതിയുടെ കൺസൾട്ടന്‍റായി തിരഞ്ഞെടുത്ത കമ്പനി മുമ്പ് ജിക്ക പദ്ധതിയിൽ കൺസൾട്ടന്‍റായി പ്രവർത്തിച്ച കൺസോർഷ്യത്തിലെ അംഗമായിരുന്നു. അത് സംബന്ധിച്ച് പോലീസ് വിജിലൻസിൽ കേസ് നിലവിലുണ്ട്. അവരെ സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടും ആ കമ്പനിയെ തിരഞ്ഞെടുത്തത് ദുരൂഹമാണ്.

തുടർന്ന് ദോഷകരമായ ചില ടെണ്ടർ വ്യവസ്ഥകൾ പ്രത്യേകമായി സംഘടനകൾ ചൂണ്ടിക്കാണിച്ചു. വിതരണ ശൃംഖല 10 വർഷത്തേക്ക് കരാറുകാർക്ക് കൈമാറണം (6.2.2), പുതിയ കണക്ഷൻ നൽകുന്നതും ഡിസ്കണക്ഷൻ നടത്തുന്നതും പരാതി പരിഹാരവും ഉൾപ്പെടെ കരാറുകാരന്‍റെ ഉത്തരവാദിത്വം (6.2.5), എ.സി പൈപ്പുകളുടെ 20 ശതമാനം മാത്രം മാറ്രിയാൽ മതി (6.4.9.2.4), 1.46 ലക്ഷം കണക്ഷനുകളും മീറ്ററുകളും മാറ്റി സ്ഥാപിക്കണം (6.4.10.2), ഒരു സോണിലെ 70 ശതമാനം പ്രവൃത്തി കരാറുകാരൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ അവരുടേതല്ലാത്ത കാരണത്താൽ ബാക്കി പ്രവൃത്തികൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും മുഴുവൻ തുകയും നൽകണം (6.7.4.5), ജീവനക്കാരെ പുനർവിന്യസിക്കും (6.10.2.3) തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു.

ഈ പദ്ധതിയിൽ പ്രൈസ് വേരിയേഷൻ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്ത് വർഷത്തെ കരാറായതിനാൽ ആ കാലഘട്ടത്തിനിടയിൽ കരാറുകാർക്ക് നൽകേണ്ട തുകയിൽ വലിയ വർദ്ധനവ് ഉണ്ടാകും. ഇത് പൊതു ഖജനാവിന് വലിയ ഭാരമായി മാറും.

ഓരോ വർഷവും 30 കോടി രൂപ ഓപ്പറേഷൻ സർവീസ് കോസ്റ്റ് (പരിപാലന ചിലവ്) ആയി നൽകണം. ഒരു പ്രവൃത്തിയും ചെയ്തില്ലെങ്കിലും ഇതിൽ 80 ശതമാനം തുക അവർക്ക് ലഭിക്കുമെന്നതാണ് വ്യവസ്ഥ. 

പദ്ധതി വിഭാവനം ചെയ്യുന്നത് കൊച്ചി കോർപ്പറേഷന് വേണ്ടിയാണെങ്കിലും ഭാവിയിൽ ഇത് മറ്ര് മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ വാട്ടർ അതോറിറ്റിക്ക് തീരുമാനിക്കാം എന്ന വ്യവസ്ഥയും ടെണ്ടറിൽ ഉണ്ട് (6.7.2.6). 

കോർപ്പറേഷൻ പരിധിയിലെ 5700 ൽ പരം പൊതുടാപ്പുകൾ പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് നിലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ അധികജലം കണ്ടെത്തുന്നത് എന്ന വസ്തുത കോർപ്പറേഷൻ അധികാരികളെയും കൊച്ചിയിലെ ജനങ്ങളെയും ഇതുവരെ ധരിപ്പിച്ചിട്ടില്ല എന്നും ആയതിനാൽ തന്നെ അപ്രായോഗികവും അശാസ്ത്രീയവുമായ നിബന്ധനകൾ മുൻനിർത്തി കൊച്ചിയിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുമെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്നും ആയതിനാൽ തന്നെ ജല അതോറിറ്റിയിലെ മുഴുവൻ ട്രേഡ് യൂണിയൻ - ഓഫീസർ സംഘടനകളും നവംബർ 22 ന് കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ വച്ച് നടത്തുന്ന കുടിവെള്ള സംരക്ഷണ സദസുമായും തുടർന്ന് 26ന് സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളുമായും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് യോഗത്തിന് ശേഷം സംഘടനാ നേതാക്കൾ അറിയിച്ചു.

സംഘടനകൾ മുന്നോട്ട് വച്ച ആശങ്കകൾ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്നും ആയതിന്‍റെ അടിസ്ഥാനത്തിൽ തുടർ ചർച്ചകൾക്ക് സർക്കാർ സന്നദ്ധമാണെന്നും ജലവിഭവവകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ അറിയിച്ചു.

ഇന്ന് നടന്ന ചർച്ചയിൽ സംയുക്ത സമിതി അംഗങ്ങളായ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു), കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി), ഓൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി), അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ), എഞ്ചിനീയേഴ്സ് ഫെഡറേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി എന്നീ സംഘടനാ നേതാക്കളും വാട്ടർ അതോറിറ്റിയിലെ മറ്റ് സംഘടനകളും പങ്കെടുത്തു. ജലവിഭവവകുപ്പ് മന്ത്രിയെ കൂടാതെ അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ജീവൻ ബാബു എന്നിവരും പങ്കെടുത്തു.

 

കേരള വാട്ടർ അതോറിറ്റി സംയുക്ത സമിതി