
കുടിവെള്ള ചാർജ്ജ് വർദ്ധനവ് നടപ്പാക്കില്ല എന്ന 2016 ലെ ഇടതു മുന്നണി സർക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കിയത് കാരണം ജീവനക്കാരുടെയും പെൻഷൻകാരുടെയും 800 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാണെന്നും ആയത് എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ധനകാര്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വേണ്ടി 45000 കോടി രൂപായുടെ ജലജീവൻ മിഷൻ അടക്കമുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും നിര്വഹണത്തിനുള്ള സെന്റേജ് ചാർജ്ജ് വാട്ടർ അതോറിറ്റിക്ക് നൽകുന്നില്ലെന്നും കത്തിൽ പറഞ്ഞു. ഈ പദ്ധതികളുടെ സെന്റേജ് ചാർജ്ജ് മാത്രം ലഭ്യമാക്കിയാൽ തന്നെ 2000 കോടിയോളം രൂപ വാട്ടർ അതോറിറ്റിക്ക് വന്നു ചേരും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ ജലനിധി ദേവസ്വം ബോർഡ് തുടങ്ങിയവയിൽ നിന്നും കൃത്യമായി വെള്ളക്കരം കേരള വാട്ടർ അതോറിറ്റിയിൽ ലഭിക്കുന്നില്ല. കൂടാതെ വൈദ്യുതി ചാർജ് കാലാകാലങ്ങളിൽ വർധിപ്പിക്കുന്നത് കാരണമുണ്ടാകുന്ന അധിക ചെലവും കേരള വാട്ടർ അതോറിറ്റിയ്ക്ക് വഹിക്കുന്നതിനുള്ള സംവിധാനം ഇല്ല. സർക്കാർ വകുപ്പുകൾ പണം നൽകാത്തതിന്റെ ബാധ്യതയും ജീവനക്കാർ വഹിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് സംഘടന പറഞ്ഞു . എത്രയും പെട്ടന്ന് സർക്കാർ പെൻഷൻകാരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങളും ജി പി എഫ് തുകയിൽ നിന്ന് വകമാറ്റിയ തുകയും ഉൾപ്പടെയുള്ള 800 കോടി രൂപ ലഭ്യമാക്കണമെന്ന് സംഘടനാ ആവശ്യപ്പെട്ടു.
