സംഘടനാ വാർത്തകൾ

ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര കാര്യാലയത്തിലേക്കും മാർച്ചും ധർണ്ണയും

ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര കാര്യാലയത്തിലേക്കും മാർച്ചും ധർണ്ണയും

വാട്ടർ അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെ മറച്ചു വച്ച് കൊണ്ട് ജൽ ജീവൻ ജീവൻ പദ്ധതിയുടെ കേവലം ഒരു നടത്തിപ്പ് ഏജൻസി മാത്രമായ വാട്ടർ അതോറിറ്റിയുടെ റവന്യൂ പണയപ്പെടുത്തിക്കൊണ്ട്  അതോറിറ്റി ചെയർമാന്റെ ചേമ്പറിൽ 25/9/2024, 7/10/2024, 8/10/2024 തീയതികളിൽ നടന്ന  ചർച്ചകളുടെ അടിസ്ഥാനത്തിൽ എന്ന സൂചിപ്പിച്ച് കൊണ്ട് കേരള വാട്ടർ അതോറിറ്റിയുടെ മാനേജിംഗ് ഡയറക്ടർ സർക്കാരിലേക്ക് ഇക്കഴിഞ്ഞ ദിവസം അയച്ച കത്തിൽ ഗ്രാമീണ ശുദ്ധജലവിതരണത്തിനായി നടപ്പാക്കുന്ന ജലജീവൻ പദ്ധതികളുടെ പൂർത്തീകരിക്കുന്നതിനായി HUDCO/LIC/NABARD എന്നിങ്ങനെയുള്ള കേന്ദ്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന സർക്കാരിന്റെ മാച്ചിങ് ഫണ്ട് കണ്ടെത്തുന്നതിനായി 12000 കോടി രൂപ വായ്പ എടുക്കുന്നതിന് ശുപാര്ശ ചെയ്തതായി കാണുന്നു.

ജലജീവൻ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനുള്ള ഇമ്പ്ലിമെന്ററിംഗ് ഏജൻസികളിലൊന്നായ കേരള വാട്ടർ അതോറിറ്റിക്ക് പദ്ധതിയുടെ മൂലധന നിക്ഷേപം കണ്ടെത്തുന്നതിനുള്ള ബാധ്യത ഇല്ലെന്നിരിക്കെ കേരള വാട്ടർ അതോറിറ്റിയിൽ നിന്നുള്ള വായ്പാ ശുപാർശയിൽ നിഗൂഢത നിലനിൽക്കുന്നു.  മേൽ പരാമർശിത കത്തിൽ വായ്പ തുകയുടെ തിരിച്ചടവിന് വെള്ളക്കരം മാത്രം തികയാത്തതിനാൽ സർക്കാർ ഗ്രാന്റ് കൃത്യമായി നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ വാട്ടർ അതോറിറ്റിക്ക് അർഹമായ നോൺപ്ലാൻ ഗ്രാന്റ് പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ് ഇന്നുള്ളത്.

നിലവിലുള്ള വെള്ളക്കരം ഉപയോഗപ്പെടുത്തി ഓപ്പറേഷൻസ് & മെയിന്റനൻസ് നടത്തുന്നതിന് സാധിക്കാത്ത സാഹചര്യത്തിൽ ശമ്പളത്തിന്റെ ഭാഗമായ ജിപിഎഫ് നിക്ഷേപം, പെൻഷൻകാർക്ക് നൽകേണ്ട കമ്യൂട്ടേഷൻ, ഡി സി ആർ ജി, ജി പി എഫ് ക്ലോഷർ തുടങ്ങിയവയുടെ തുക നൽകാതെ അത് ഉപയോഗിച്ചാണ് വാട്ടർ അതോറിറ്റിയുടെ നിത്യനിദാന ചെലവുകൾക്ക് പണം കണ്ടെത്തുന്നത്. ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സാഹചര്യത്തിൽ ജല അതോറിറ്റി എം ഡി നൽകിയ നിർദ്ദേശങ്ങൾ വാട്ടർ അതോറിറ്റിയുടെ സാമ്പത്തിക സുസ്ഥിരതയെ ഇല്ലാതാക്കും.

അക്വയുടെയും വാട്ടർ അതോറിറ്റിയിലെ പ്രധാനപ്പെട്ട സംഘടനകളുടെയും നേതൃത്വത്തിൽ സംയുക്ത സമിതി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾ നടത്തിയ ശേഷമാണ് ശമ്പള കമീഷൻ റിപ്പോർട്ടിന്റെ അനോമലി കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിൽ ഇരിക്കുകയുമാണ്. ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്നതും പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതുമായ എ ഡി ബി വായ്പയുടെ  നിബന്ധനകൾക്കെതിരെയുള്ള സമരങ്ങളെ തുടർന്നുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് വീണ്ടും റവന്യൂ പണയപ്പെടുത്താൻ സന്നദ്ധമാണ് എന്നറിയിച്ച് നിർദ്ദേശം  നൽകിയത്.   ഇത് വിഷയത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.

 കേന്ദ്രസർക്കാരിന്റെ അതിതീവ്ര സ്വകാര്യവത്കരണത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണം തകർക്കുന്ന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. ഇത്തരം നയങ്ങളെ പ്രതിരോധിച്ച് കൊണ്ട് ബദൽ നയങ്ങളുമായി മുന്നേറുന്ന കേരളവും ജല അതോറിറ്റിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കേവലം 55 എൽ പി സി ഡി നിരക്കിൽ കുടിവെള്ളം നൽകുന്നതിനുള്ള തുകയുടെ 45% മാത്രമാണ് ജലജീവൻ മിഷനിൽ  കേന്ദ്ര സർക്കാരിന്റെ വിഹിതം. എന്നാൽ ടി പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഭൂമി വാങ്ങുന്നതിനോ 100 എൽ പി സി ഡി നിരക്കിൽ വെള്ളം നൽകുന്നതിനുള്ള വിഹിതമോ പദ്ധതി നടത്തിപ്പിനായി കേരള വാട്ടർ അതോറിറ്റി ചിലവാക്കുന്ന മാനവവിഭവ ശേഷിയുടെ വിഹിതമോ കേന്ദ്ര വിഹിതത്തിൽപ്പെടുന്നില്ല. 50: 50 എന്ന പ്രഖ്യാപിക്കപ്പെട്ട ജലജീവൻ പദ്ധതിയുടെ കേന്ദ്ര വിഹിതം യാഥർത്ഥത്തിൽ 25% മാത്രമാണ് എന്ന്  ഇതിൽ നിന്നും  വ്യക്തമാണ് 

ഗ്രാമപ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്കും പൈപ്പിലൂടെ കുടിവെള്ളം എത്തിച്ച് കൊടുക്കും എന്ന വാഗ്ദാനം ശുദ്ധജലം പണയവസ്തുവാക്കുന്ന തരത്തിലേക്ക് കൊണ്ടെത്തിക്കുകയും അതിലൂടെ കേരള വാട്ടർ അതോറിറ്റിയിലെ ജീവനക്കാരെ  പ്രതിസന്ധിയിലാക്കുകയും ഈ പ്രതിസന്ധിയെ മുതലെടുത്ത് പൊതുജലവിതരണം സ്വകാര്യ കോർപറേറ്റുകളുടെ കയ്യിലേക്ക് എത്തിക്കു കയും  മാത്രമാണ് വാട്ടർ അതോറിറ്റി മാനേജ്‌മെന്റിന്റെ ഈ നടപടികളിലൂടെ സംഭവിക്കുക. വാട്ടർ അതോറിറ്റി റവന്യുവിലൂടെ ഓപ്പറേറ്റിങ് ചിലവുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന നമ്മുടെ സ്ഥാപനം ജൽ ജീവൻ മിഷൻ പദ്ധതിയിൽ എൽ എസ്  ജി ഡി നൽകേണ്ട മൂലധന നിക്ഷേപത്തിന്റെ ബാധ്യത ഏറ്റെടുക്കുന്നതിനുള്ള യാതൊരു നീക്കത്തെയും അംഗീകരിക്കാൻ കഴിയില്ല.

ജെജെഎം പദ്ധതിയുടെ മാച്ചിംഗ് ഗ്രാന്റിനായി വാട്ടർ അതോറിറ്റിയെയും ശുദ്ധജലത്തെയും പണയപ്പെടുത്തുന്ന നീക്കത്തിനെതിരെയും ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിനായും അക്വ 12/11/2024 ന് ജില്ലാ കേന്ദ്രങ്ങളിൽ ശക്തായ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു