
അക്വ സംസ്ഥാന കമ്മറ്റി പ്രസ്താവന
സ്ഥലം മാറ്റ ഉത്തരവുകളിലെയും നിയമനങ്ങളിലെയും അട്ടിമറി:
ചീഫ് എഞ്ചിനീയറെ (എച് ആർ ഡി) ചുമതലകളിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തുക.
ഭരണഘടനാപരമായ സംവരണാവകാശവും മാനദണ്ഡപ്രകാരമുള്ള സ്ഥലംമാറ്റങ്ങളും അട്ടിമറിക്കുന്ന ചീഫ് എഞ്ചിനീയറെ തൽസ്ഥാനത്തുനിന്നും മാറ്റി നിർത്തി ബന്ധപ്പെട്ട കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് അക്വ സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു.
1. 2017 ൽ പുറത്തിറങ്ങിയ അസിസ്റ്റൻറ് എഞ്ചിനീയർ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തിയപ്പോൾ ഈഴവ -2, ലാറ്റിൻ കാത്തലിക്-1 , വിശ്വകർമ്മ - 1, ജനറൽ - 1 എന്നിങ്ങനെ 5 ഒഴിവുകൾ എൻ ജെ ഡി ആയിരുന്നു.
എന്നാൽഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ല. ഇപ്പോൾ 2023 ൽ പുറത്തിറങ്ങിയ അസിസ്റ്റൻറ് എഞ്ചിനീയർ റാങ്ക് ലിസ്റ്റിൽ നിന്ന് 2022 ഡിസംബർ 31 വരെ റിപ്പോർട്ട് ചെയ്ത വേക്കൻസികളുടെ അടിസ്ഥാനത്തിലാണ് 73 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചത്. ഇതിൽ 6 പേർ ഡിപ്പാർട്ട്മെന്റ് ക്വാട്ടയിൽ പെട്ടവരും 67 പേർ നേരിട്ടുള്ള ഡിഗ്രി ക്വാട്ടയിൽ പെട്ടവരുമാണ്. ഈ 67 ഒഴിവുകളിൽ 3 എണ്ണം പിഎസ് സി നേരത്തേ തന്നെ എൻജെഡിയായി ഉൾപ്പെടുത്തിയിരുന്നതാണ്. ബാക്കിയുള്ള 64 ഒഴിവുകൾ പുതിയ ഒഴിവുകളായാണ് റിപ്പോർട്ട് ചെയ്തത്.
നിലവിലെ റാങ്ക് ലിസ്റ്റിലുള്ളവർ പരാതി നൽകിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. പരാതി ലഭിച്ച ശേഷവും വേണ്ടത്ര പരിശോധന നടത്താതെ 4 ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. വീണ്ടും പരാതിക്കാർ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് അഞ്ചാമത്തെ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നത്.
2. നിയമിക്കപ്പെട്ട പുതിയ അസിസ്റ്റൻറ് എഞ്ചിനീയർമാർക്കുള്ള ഡിപ്പാർട്ട്മെന്റ് തല പരിശീലന പരിപാടി ഒരു കാറ്റഗറി സംഘടനയുടെ അംഗത്വം എടുപ്പിക്കുന്നതിന് വേണ്ടി നടത്തുന്നരീതിയിലാണ് ക്രമീകരിച്ചത്. ഈ കാറ്റഗറി സംഘടനയുടെ മുൻകാല ഭാരവാഹികളെയും മറ്റൊരു കാറ്റഗറി സംഘടനയുടെ ജനറൽസെക്രട്ടറിയും പ്രസിഡന്റുമായിരുന്നവരെയും മാത്രം ഫാക്കൽറ്റികളായി ഉൾപ്പെടുത്തിയത് ഇക്കാര്യത്തിലുള്ള ചീഫ് എഞ്ചിനീയ (എച് ആർ ഡി) റുടെ നിഗൂഢ താൽപര്യങ്ങളും പക്ഷപാതിത്തവും മറ നീക്കി പുറത്തു കാണിക്കുന്നു.
3. പരിശീലന പരിപാടി സമാപിക്കുന്നതിന്റെ തലേദിവസം വൈകിട്ട് ഈ കാറ്റഗറി സംഘടന മസ്കറ്റ് ഹോട്ടലിൽ നടത്തിയ പരിപാടിയിൽ ആളെ പങ്കെടുപ്പിക്കുന്നതിന് ആ സംഘടനയിലെ അംഗങ്ങൾക്ക് ട്രയിനിംഗ് സെന്ററിൽ വന്ന് നോട്ടീസ് വിതരണം ചെയ്യാനും പരിപാടിക്ക് ക്ഷണിക്കാനും അവസരമുണ്ടാക്കിക്കൊടുത്തത് ഇദ്ദേഹത്തിന്റെബോധപൂർവമായ പ്രവൃത്തിയാണ്.പരിപാടിയിൽ പുതിയ AE മാർ പലരും പങ്കെടുക്കാൻ വിസ്സമ്മതിച്ചെങ്കിലും കാറ്റഗറി സംഘടനയുടെ പ്രവർത്തകർക്ക് ട്രയിനിംഗിന് വന്ന AE മാർ താമസിക്കുന്ന ഹോസ്റ്റ ൽ റൂമിൽ അതിക്രമിച്ച് കയറാനും എ.ഇ മാരെ ഭീഷണിപ്പെടുത്താനും അവസരമുണ്ടാക്കുകയും ചെയ്തു. മസ്കറ്റ് ഹോട്ടലിലെ പരിപാടിക്ക് ഫാക്കൽറ്റികളായി വന്നവർ (വിരമിച്ചവർ ഉൾപ്പടെ)പങ്കെടുക്കുകയും ആ സംഘടനയിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്തു.
4.പുതിയ അസിസ്റ്റൻറ് എഞ്ചിനീയർമാർക്ക് 27 ന് ബഹു. മന്ത്രി നിയമന ഉത്തരവ് നൽകുകയും അതനുസരിച്ച് പലരും 28, 29 തീയതികളിൽ തന്നെ വിവിധ ജില്ലകളിലായി ജോയിൻ ചെയ്യുകയുമുണ്ടായെങ്കിലും 30-ാം തീയതി അവരിൽ പലരെയും സ്ഥലം മാറ്റിക്കൊണ്ട് വീണ്ടും ഉത്തരവിറക്കി. ഇതിൽ കൊല്ലം ജില്ലയിൽ നിയമനം ലഭിച്ച 4 പേരിൽ 3 പേരെയും സ്ഥലംമാറ്റി. മറ്റൊരു ഗുരുതരമായ സ്ഥിതിവിശേഷം രണ്ടാം റാങ്ക് ലഭിച്ച ശ്രീ.നന്ദു എന്നവരെ കടയ്ക്കൽ സെക്ഷനിൽ നിന്ന് പത്തനംതിട്ട ജില്ലയിലേക്കും കടയ്ക്കലിലേക്ക് ശ്രീ.അനു എന്നവരെയും അവരുടെ രണ്ടുപേരുടെയും അപേക്ഷയോ അനുവാദമോ ഇല്ലാതെ അവർക്ക് അസൗകര്യവും ബുദ്ധിമുട്ടുമുണ്ടാക്കുന്ന വിധത്തിൽ പരസ്പരം മാറ്റി നിയമിച്ചത് പ്രതിഷേധകരമാണ്. ഇത് സർക്കാരിനെയും വാട്ടർ അതോറിറ്റിയെയും നാണം കെടുത്തിയിരിക്കുന്നു. ഇതിലും എച് ആർ ഡി വിഭാഗത്തിനും ആയതിന്റെ പൂർണ്ണ ചുമതല നിർവഹിക്കുന്ന HRD ചീഫ് എഞ്ചിനീയർക്കും ഉത്തരവാദിത്തം ഉണ്ട്.
5. എൻ.ജെ.ഡി റിപ്പോർട്ട് ചെയ്യാത്തതുമായി ബന്ധപ്പെട്ട് 2020ൽ ജോലിയിലുണ്ടായിരുന്ന ക്ളാർക്കിനും ജൂനിയർ/സീനിയർ സൂപ്രണ്ടിനും അഡ്മിനിസ്ട്രറ്റീവ് ഓഫീസർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത് ആരോപണവിധേയനായ ചീഫ് എഞ്ചിനീയർ തന്നെയാണ്. യഥാർത്ഥത്തിൽ ഒഴിവുകൾ പിഎസ് സിയെ നിശ്ചിത പ്രഫോർമയിൽ അറിയിക്കുവാനുള്ള ചുമതല എച് ആർ ഡി വിഭാഗത്തിലെ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ, ചീഫ് എഞ്ചിനീയർ എന്നിവർക്കാണെന്നിരിക്കെ കീഴ്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കി ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകുന്ന ഈ നടപടിയെ ഗൗരവപൂർവം കാണേണ്ടതുണ്ട്. സ്ഥലംമാറ്റ മാനദണ്ഡത്തിലും ഒഴിവുകൾ പിഎസ് സിയെ അറിയിക്കുന്നതിലും സുതാര്യമായ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള സർക്കാരിന്റെ പ്രതിച്ഛായ മോശപ്പെടുത്താനുള്ള പദ്ധതിയാണ് എച് ആർ ഡി ചീഫ് എഞ്ചിനീയറുടെ ഭാഗത്ത് നിന്ന് തുടരെ ഉ ണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സംഘടന സംശയിക്കുന്നു.
ചെറിയ കാരണങ്ങൾ സൂചിപ്പിച്ചുകൊണ്ട് താഴേക്കിടയിലെ ഓഫീസർമാർക്കെതിരെ സൂപ്പർവൈസറി ലാപ്സ് എന്ന രീതിയിൽ നടപടിയെടുത്ത് അവരെ നിരന്തരം ബുദ്ധിമുട്ടിക്കുകയും അവരുടെ പ്രമോഷൻ അവസരങ്ങൾ തടയുകയും ചെയ്യുന്ന ചീഫ് എഞ്ചിനീയർ തന്റെ ഭാഗത്ത് നിന്നും സംഭവിക്കുന്ന ഗുരുതരമായ തെറ്റുകൾക്ക് താഴേക്കിടയിലെ ജീവനക്കാർക്കെതിരെ നടപടി എടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
ചീഫ് എഞ്ചിനീയർ (എച് ആർ ഡി) യായി നിലവിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിനെതിരെ മുമ്പും അനവധി ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. അതിൽ അക്വ നൽകിയ പരാതികൾ ഇപ്പോൾ അന്വേഷണത്തിലാണ്.
ഈ സാഹചര്യത്തിൽ ആരോപണവിധേയനായ ചീഫ് എഞ്ചിനീയറെ തൽസ്ഥാനത്തുനിന്നും മാറ്റി നിർത്തി അദ്ദേഹത്തിന്റെ വീഴ്ചകളിൽ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് സംഘടന ആവശ്യപ്പെടുന്നു.
സന്തോഷ്‌കുമാർ ഇ എസ്
ജനറൽ സെക്രട്ടറി
