വാർത്തകൾ

ജല ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല റിവ്യൂ എന്ന പേരിൽ ഉദ്യോഗസ്ഥരുടെ മേൽ നടത്തുന്ന പരസ്യ അവഹേളനങ്ങളിൽ അക്വ പ്രതിഷേധിക്കുന്നു

ജല ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല റിവ്യൂ എന്ന പേരിൽ ഉദ്യോഗസ്ഥരുടെ മേൽ നടത്തുന്ന പരസ്യ അവഹേളനങ്ങളിൽ അക്വ പ്രതിഷേധിക്കുന്നു

അക്വ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന 

----------------------

ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല റിവ്യൂ എന്ന പേരിൽ ഉദ്യോഗസ്ഥരുടെ മേൽ നടത്തുന്ന പരസ്യ അവഹേളനങ്ങളിൽ അക്വ പ്രതിഷേധിക്കുന്നു

ജലജീവൻ പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനവുമായി ബന്ധപ്പെട്ട് ജലഭവനിൽ നിന്നും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസർമാരെ പരസ്യമായി യോഗങ്ങളിൽ വച്ച് അവഹേളിക്കുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് റിവ്യൂ എന്ന പേരിൽ നടത്തിയ പ്രകടനം എല്ലാ പരിധികളും ലംഘിക്കുന്ന രീതിയിലായിരുന്നു. സീനിയറായ അസിസ്റ്റന്റ് എഞ്ചിനീയറെ യോഗത്തിനിടയിൽ സംസാരിച്ചു എന്ന പേരിൽ സ്റ്റേജിൽ ജീവനക്കാർക്ക് അഭിമുഖമായി ഇരുത്തി പരിഹസിക്കുകയും എക്സിക്യൂട്ടീവ് എഞ്ചിനീയറെ പരസ്യമായി അപമാനിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെയും ജലജീവൻ വോളന്റീയർമാരുടെയും സാന്നിധ്യത്തിൽ ആയിരുന്നു ഈ അവഹേളനങ്ങൾ എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഈ രീതി അംഗീകരിക്കാനാവില്ല. 

 

പദ്ധതി പ്രവർത്തനങ്ങളുടെ നിശ്ചലാവസ്ഥ ഫീൽഡിലെ ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവയ്ക്കുവാനും ജല ഭവനിലെ മേലുദ്യോഗസ്ഥരുടെ ആസൂത്രണ പിഴവ് മനഃപ്പൂർവ്വം മറച്ച് വയ്ക്കുന്നതിനും വേണ്ടി നടത്തുന്ന ഇത്തരം റിവ്യൂ ആഭാസങ്ങളിൽ സംഘടന ശക്തമായി പ്രതിഷേധിക്കുന്നു.

 

ജെ.ജെ.എം പദ്ധതിയുടെ ആരംഭകാലം മുതൽ തന്നെ ഹെഡ് ഓഫീസിൽ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ഇന്ന് ആ പദ്ധതിയിലുണ്ടായിട്ടുള്ള പ്രശ്നങ്ങൾക്ക് കാരണക്കാരാവുകയും ചെയ്തവരാണ് ഇപ്പോൾ ഫീൽഡ് ജീവനക്കാർക്കെതിരെ അട്ടഹാസം നടത്തുന്നത്. JJM ൻ്റെ പ്രവർത്തനങ്ങൾ ഒരു വർഷം വൈകി ആരംഭിക്കാൻ തന്നെ കാരണം ഹെഡ് ഓഫീസിലെ വീഴ്ചയായിരുന്നു. ഒരു വർഷം പിന്നിട്ട് നിന്ന ശേഷം യുദ്ധകാല അടിസ്ഥാനത്തേക്കാൾ വേഗതയിൽ ഫീൽഡിലെ എല്ലാ എഞ്ചിനീയർമാരും അവരുടെ വ്യക്തി ജീവിതവും കുടുംബ ജീവിതവും ത്യജിച്ച് നേടിയെടുത്തതാണ് ജെ.ജെ.എം ൻ്റെ നിലവിലെ പുരോഗതി. പക്ഷേ അതിൻ്റെ പൂർത്തികരണ കാലഘട്ടത്തിൽ പാകപ്പിഴകൾ ഉണ്ടായതും, പദ്ധതി നടത്തിപ്പ് വഴി തെറ്റിയതും HO യിൽ നിന്നുള്ള ഏകപക്ഷീയമായ തിട്ടൂരങ്ങൾ കാരണമാണ്. റേറ്റ് റിവിഷൻ, QCBS ടെൻഡർ, LS ടെണ്ടർ പെട്ടന്ന് നിർത്തലാക്കിയത്, ടെണ്ടർ വ്യവസ്ഥയിൽ സാമ്പത്തിക മാനദണ്ഡങ്ങൾ ഒഴിവാക്കിയത് തുടങ്ങി അനാവശ്യവും അപ്രായോഗികവുമായ നടപടികളാണ് ജൽ ജീവൻ പദ്ധതിയെ താളം തെറ്റിച്ചത്. ഈ SPMU ടീമിന് ഒരു NH / PWD / Rail way / Forest അനുമതി വാങ്ങി നൽകാൻ കഴിയാതിരുന്നത് അവരുടെ പരാജയമാണ്. PWD മാനദണ്ഡങ്ങൾ ലംഘിച്ച് ബില്ലെഴുതാനും, ഭൂമി ഇല്ലാതെ TS കൊടുക്കാനും, വെള്ളമില്ലാതെ കണക്ഷൻ നൽകാനും സമ്മർദ്ദം ചെലുത്തിയവർ ഇപ്പോൾ തിരിഞ്ഞുനിന്ന് ഫീൽഡ് ഓഫീസർമാരെ ആക്ഷേപിക്കുകയാണ്. ഫണ്ട് കൊടുക്കാൻ കഴിയാതെ കരാറുകാർ കോടതിയെ സമീപിച്ചതും, പണി ചെയ്യാത്തതും എഗ്രിമെൻ്റ് വയ്ക്കാത്തതുമായ നിരവധി കേസുകളിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ HO യിൽ നിന്നും രേഖാമൂലം നിർദ്ദേശം നൽകുമ്പോൾ തന്നെ കരാറുകാരോട് അപേക്ഷപൂർവ്വം പറഞ്ഞ് പണികൾ ചെയ്യിപ്പിക്കാനുള്ള സമ്മർദ്ദവും അപകടത്തിലേയ്ക്കാണെത്തിക്കുന്നതെന്ന് തിരിച്ചറിയണം. 

 

 പത്തനംതിട്ടയിലെ JJM പ്രവർത്തികളുടെ പുരോഗതി ഉറപ്പാക്കേണ്ട വ്യക്തി തന്നെ നാട് നീളെ നടന്ന് അതേ റാങ്കിലുള്ള ഉദ്യോഗസ്ഥരെയടക്കം വ്യക്തിഹത്യ ചെയ്യുന്നു. ഇതിന് നേതൃത്വം നൽകുന്ന DCE ഫീൽഡിലോ / JJM പ്രവർത്തികളിലോ പരിണിത പ്രജ്ഞനല്ല. താൻപ്രമാണിത്തം കാണിക്കാൻ ടിയാൻ JJM റിവ്യൂവിൻ്റെ പേരിൽ കാട്ടിക്കൂട്ടുന്ന മാനുഷിക, ധാർമ്മിക ലംഘനങ്ങളും, വ്യക്തി ഹത്യകളും പരിധി കടന്നിരിക്കുന്നു. പദ്ധതി പ്രവർത്തനങ്ങളിൽ വന്നിട്ടുള്ള അപാകതകൾ കൂടിയാലോചനകളിലൂടെ എല്ലാവരേയും യോജിപ്പിച്ച് പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം ഫീൽഡ് ജീവനക്കാരെ അവഹേളിച്ച് സംതൃപ്തിയടയുന്ന മനോവൈകൃതം ഇനി അനുവദിക്കില്ല.  

 

ഇത്തരം നടപടികൾ തുടരുകയാണെങ്കിൽ റിവ്യൂ ബഹിഷ്കരണം ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധ നടപടികളിലേക്ക് മുന്നിട്ടിറങ്ങുവാൻ സംഘടന നിർബന്ധിതമാകും. ചട്ടം അനുശാസിക്കുന്ന നടപടികൾക്കപ്പുറത്തേക്ക് പരസ്യ അപമാനങ്ങളും അവഹേളനങ്ങളും ഒഴിവാക്കിക്കൊണ്ട് മിഷൻ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ഏകോപിപ്പിക്കുന്നതിന് വേണ്ട നേതൃത്വം നൽകേണ്ടവർ ഇത്തരം നടപടികളിൽ നിന്ന് പിന്തിരിയണമെന്നും സംഘടന ആവശ്യപ്പെടുന്നു.

 

നവീൻ ബാബു വ്യക്തിഹത്യയുടെ രക്ഷസാക്ഷിയായി മുന്നിൽ നിൽക്കുമ്പോൾ യാതൊരു നിയമപരമായ അധികാരവുമില്ലാത്ത ഈ DCE യുടെ പേക്കൂത്തുകൾ തുടർന്നാൽ ടിയാനെതിരെ റിവ്യൂ യോഗങ്ങളിൽ പ്രതിഷേധം ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവരെ ഓർമിപ്പിക്കുന്നു. ബഹു.വകുപ്പ് മന്ത്രിക്ക് വേണ്ടി മന്ത്രിയുടെ APS നടത്തുന്ന റിവ്യൂവിൽ ഇല്ലാത്ത അധികാരം കാണിച്ച് ടിയാൻ നടത്തുന്ന വ്യക്തി ധ്വംസനം നിർത്തണമെന്നും റിവ്യൂ ടീമിൽ നിന്ന് ടിയാനെ ഒഴിവാക്കി നിർത്തണമെന്നും അക്വ ആവശ്യപ്പെടുന്നു. ഇദ്ദേഹത്തെ പത്തനംതിട്ടയിൽ ശബരിമല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തണമെന്നും ജെ.ജെ.എം റിവ്യൂ നടത്താൻ ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തണമെന്നും അക്വ ആവശ്യപ്പെടുന്നു. ടിയാൻ നടത്തിയ അധിക്ഷേപങ്ങളിൽ പരസ്യമായി മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും റിവ്യൂ യോഗങ്ങളിൽ നടത്തേണ്ടിവരുമെന്ന് ബന്ധപ്പെട്ടവരെ വിനീതമായി ഓർമ്മിപ്പിക്കുന്നു.

 

ജനറൽ സെക്രട്ടറി

9-12-2024