സംഘടനാ വാർത്തകൾ

Kochi Water Summit

Kochi Water Summit

കൊച്ചി വാട്ടർ സമ്മിറ്റ്

2025 മാർച്ച് 22

മഹാകവി ജി ഓഡിറ്റോറിയം

 

മാർച്ച് 22 ലോകജലദിനമാണ്. ജലദിനത്തിന്‍റെ ഭാഗമായി അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) കൊച്ചിനഗരത്തിലെ കുടിവെള്ളമേഖല നേരിടുന്ന പ്രശ്നങ്ങ്ങളും അതിന്റെ പരിഹാര നിർദേശങ്ങളും ചർച്ച ചെയ്യുന്നതിന് കൊച്ചി വാട്ടർ സമ്മിറ്റ് സംഘടിപ്പിക്കുന്നു.

1914 ൽ കേരളത്തിൽ ആദ്യമായി പൈപ്പിലൂടെയുള്ള കുടിവെള്ളവിതരണം ആരംഭിച്ചത് കൊച്ചി നഗരത്തിന് വേണ്ടിയാണ്. എന്നാൽ ഇന്ന് നഗരങ്ങളിലെ കുടിവെള്ള വിതരണം വലിയ വെല്ലുവിളികൾ നേരിടുന്നു. അതിവേഗം വർദ്ധിക്കുന്ന ജനസാന്ദ്രത, ദ്രുതഗതിയിലുള്ള വികസന പ്രവർത്തനങ്ങൾ, നഗരവാസികളുടെ വർദ്ധിതമായ അഭിലാഷങ്ങൾ, പരിമിതമായ സാമ്പത്തിക സ്രോതസുകൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങി നഗരമേഖലയിലെ അടിസ്ഥാനസൗകര്യവികസനപ്രവർത്തനങ്ങൾ നേരിടുന്ന വെല്ലുവിളികളെല്ലാം കുടിവെള്ളമേഖലയും അഭിമുഖീകരിക്കുന്നുണ്ട്. കുടിവെള്ളത്തെ കച്ചവടച്ചരക്കാക്കി മാറ്റുന്ന അന്താരാഷ്ട്ര കുത്തകക്കമ്പനികളുടെ ലാഭക്കണ്ണുകൾ ഈ നഗരത്തിലും എത്തിയിരിക്കുന്നു എന്നതും നാം തിരിച്ചറിയണം. ഏറ്റവും നവീനമായ സാങ്കേതികവിദ്യയടക്കം ഉപയോഗപ്പെടുത്തി കുടിവെള്ളവിതരണം ഏറ്റവും കാര്യക്ഷമമായും ഫലപ്രദമായും നടത്തുന്നതിന് കേരള വാട്ടർ അതോറിറ്റി പ്രതിജ്ഞാബദ്ധമാണ്. 

ഈ മേഖലയിലെ സ്ഥാപനങ്ങളെ നയിക്കുന്നവരും, ജനപ്രതിനിധികളും, മുൻകാല കേരള വാട്ടർ അതോറിറ്റിയിലെ സാങ്കേതിക വിദഗ്ദരും സിവിൽ സൊസൈറ്റിയും റസിഡന്‍റ്സ് അസോസിയേഷനുകളും ശാസ്ത്രജ്ഞരും നിലവിലെ ഉദ്യോഗസ്ഥരും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റെല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. ഈ കാഴ്ചപ്പാടോടെ മേൽ പറഞ്ഞ എല്ലാ വിഭാഗത്തിലും പെട്ടവരുടെ ഒരു കൂട്ടായ്മയാണ് അക്വ ലോകജലദിനത്തിൽ സംഘടിപ്പിക്കുന്നത്.

വിവിധ വിഷയങ്ങൾ സംബന്ധിച്ച് 10 അവതരണങ്ങളും തുടർന്ന് ചർച്ചയും അതിനെ തുടർന്ന് പത്തോളം വിദഗ്ദ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചയും എന്ന രീതിയിലാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്. കൊച്ചി മേയർ ശ്രീ. എം അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ ശ്രീ. കെ. ജെ. മാക്സി എം.എൽ.എ, ശ്രീ. ജോർജ് ഫെർണാണ്ടസ് എക്സ്. എം.എൽ.എ എന്നിവരും കൗൺസിലർമാർ, ട്രേഡ് യൂണിയൻ നേതാക്കൾ, റസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ, ശാസ്ത്രസാഹിത്യ പരിഷത്ത് നേതാക്കൾ, ശാസ്ത്രജ്ഞർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു. 

കൊച്ചി നഗരത്തിലെയും പശ്ചിമ കൊച്ചിയിലെയും, വൈപ്പിനേലേയും കുടിവെള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനും പരിഹാര നിർദ്ദേശങ്ങൾ തയ്യാറാക്കാനും വേണ്ടി സംഘടിപ്പിക്കുന്ന ഈ സമ്മിറ്റ് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഈ സമ്മിറ്റിൽ താങ്കൾ പങ്കെടുക്കണമെന്നും വിലയേറിയ അഭിപ്രായങ്ങൾ പങ്ക് വയ്ക്കണമെന്നും സംഘടനയ്ക്കു വേണ്ടി അഭ്യർത്ഥിക്കുന്നു.