Education

ലോക ജലദിനം 2024 ജലം ലോക സമാധാനത്തിന്

ലോക ജലദിനം 2024 ജലം ലോക സമാധാനത്തിന്

*ലോകജലദിനം - ജലം ലോകസമാധാനത്തിന്*

മാർച്ച് 22 ലോകജലദിനമാണ്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ‘ജലം സമാധാനത്തിന്’ എന്നതാണ് ഈ വർഷത്തെ ലോകജലദിനാചരണത്തിന്‍റെ പ്രമേയം. 1992ൽ ബ്രസീലിലെ റിയോയിൽ നടന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്‍റ് ആൻഡ് ഡവലപ്‌മെന്‍റ് ലോകജലദിനമെന്ന ആശയം മുന്നോട്ട് വച്ചു. തൊട്ടടുത്ത വർഷം മുതൽ മാർച്ച് 22 ലോകജലദിനമായി ആചരിക്കുവാൻ ആരംഭിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ (Sustainable development goals) ആറാമത്തേതാണ് ശുദ്ധജലവും ശുചിത്വവും (Clean water and sanitation). ജലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി യു.എൻ വാട്ടർ എന്ന ഒരു സംഘടന തന്നെ ഐക്യരാഷ്ട്രസഭക്ക് കീഴിൽ പ്രവർത്തിച്ചു വരുന്നു. രാജ്യാന്തരതലത്തിൽ ജലം എത്ര പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്നതിന്‍റെ സൂചനയാണ് ഇതെല്ലാം.

ജലം ജീവന്‍റെ അടിസ്ഥാനമാണെന്ന് നമുക്കറിയാം. മനുഷ്യന്‍റെ സാമൂഹ്യജീവിതത്തിലും ജലലഭ്യത വലിയൊരു പങ്ക് വഹിക്കുന്നു. ലോകത്തെ പ്രധാന നദികളിൽ 286 എണ്ണം ഒന്നിലധികം രാജ്യങ്ങളിലൂടെ ഒഴുകുന്നവയാണ്. ഇവയിൽ 13 എണ്ണം അഞ്ചോ അതിലധികമോ രാജ്യങ്ങളിലൂടെ കടന്നു പോകുന്നു. ഈ നദികളിൽ പലതിലെയും ജലം പങ്ക് വയ്ക്കുന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങൾ തമ്മിൽ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ രാജ്യത്തും സംസ്ഥാനത്തും നദീജല തർക്കങ്ങൾ നമുക്കറിവുള്ളതാണല്ലോ. ജലം സംഘർഷത്തിന് കാരണമാവുക മാത്രമല്ല, സമാധാനത്തിനുള്ള ഉപകരണമാക്കി മാറ്റാനും സാധിക്കും. ഇതാണ് ഇത്തവണത്തെ ലോകജലദിനാചരണത്തിന്‍റെ പശ്ചാത്തലം.

ഭൂമുഖത്ത് ലഭ്യമായ ജലത്തിന്‍റെ സിംഹഭാഗവും സമുദ്രത്തിലും ഹിമപാളികളിലുമാണ്. ആകെ ജലത്തിന്‍റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് മനുഷ്യന് നേരിട്ട് ഉപയോഗിക്കാൻ കഴിയുന്നത്. ജലചക്രത്തിലൂടെ ജലം നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഈ ജലചക്രത്തിനിടയിൽ മണ്ണിലും ജലാശയങ്ങളിലും ജലമെത്തുമ്പോൾ മാത്രമാണല്ലോ മനുഷ്യോപയോഗത്തിന് സാദ്ധ്യതയുണ്ടാവുക.

നാം ഏറ്റവുമധികം ജലം ഉപയോഗപ്പെടുത്തുന്നത് കാർഷികാവശ്യങ്ങൾക്ക് വേണ്ടിയാണ്. കുടിക്കുവാനും കുളിക്കുവാനും ആഹാരം പാകം ചെയ്യാനും വ്യക്തിശുചിത്വത്തിനും പരിസരശുചിത്വത്തിനും വിനോദത്തിനും യാത്ര ചെയ്യുന്നതിനും അങ്ങനെ എണ്ണിയാലൊടുങ്ങാത്തതാണ് ജലത്തിന്‍റെ ഉപയോഗങ്ങൾ. കുടിവെള്ളമെന്നത് മനുഷ്യന്‍റെ പ്രാഥമികമായ ആവശ്യമായതിനാൽ തന്നെ ഏറ്റവും വലിയ തോതിൽ ഉപയോഗിക്കപ്പെടുന്നു എന്നതാണ് വസ്തുത . ദേശീയ ജലനയമനുസരിച്ച് പ്രഥമപരിഗണനയുള്ളതും കുടിവെള്ളത്തിനാണ്.

ജലം സമാധാനത്തിനുള്ള ഉപാധി എന്നതാണ് ഈ വർഷത്തെ ജലദിനത്തിന്റെ പ്രമേയം. ജലവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ പല തലങ്ങളിൽ സംഭവിക്കുന്നു. ഒന്നിലധികം രാജ്യങ്ങളിലൂടെ ഒഴുകുന്ന മഹാനദികളിലെ ജലം പങ്ക് വക്കുന്നത് സംബന്ധിച്ച് രാജ്യങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടാകുന്നു. തുർക്കി, സിറിയ,ഇറാക്ക് തുടങ്ങിയ രാജ്യങ്ങൾ നേരിടുന്ന നതീജല തർക്കങ്ങൾ ഉദാഹരണങ്ങളാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ നമുക്ക് സുപരിചിതമാണ്. കാവേരി നദീജല തർക്കവും മുല്ലപ്പെരിയാർ തർക്കവും ഇതിന് ഉദാഹരണങ്ങളാണ്. സംസ്ഥാനാതിർത്തികൾക്കുള്ളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും വിരളമല്ല. ഛത്തീസ്ഗഡിലെ ശിവനാഥ് നദിയിലെ ജലം ഉപയോഗിക്കാനുള്ള അവകാശം ഒരു സ്വകാര്യകമ്പനിക്ക് നൽകുകയുണ്ടായി. അതിനെ തുടർന്ന് പൊതുജനങ്ങൾക്ക് നദീജലം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. പ്ലാച്ചിമടയിൽ പെപ്സി കമ്പനി ഭൂജലചൂഷണം നടത്തിയതിനെതിരെ നടന്ന പോരാട്ടങ്ങൾ നമ്മുടെ കാലഘട്ടത്തിൽ ജലത്തിന്റെ അവകാശത്തിനായി നടന്ന പോരാട്ടമായിരുന്നു. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിലെ കൊച്ചബാംബ നഗരത്തിൽ കുടിവെള്ളവിതരണത്തിനപള്ള അവകാശം ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിക്ക് നൽകിയതും തുടർന്ന് മഴവെള്ളത്തിന് പോലും ജനങ്ങൾ വില നൽകേണ്ടി വന്നതും അതിനെതിരെ നടന്ന പോരാട്ടം രാജ്യത്തെ ഭരണമാറ്റത്തിന് തന്നെ കാരണമായിത്തീർന്നതും ലോകശ്രദ്ധയാകർഷിച്ചിരുന്നു.

ജലലഭ്യത, ലഭ്യമായ ജലത്തിന്റെ ഗുണനിലവാരം, ജലസ്രോതസുകളുടെ ഉടമസ്ഥത, ജലത്തിന്മേലുള്ള അവകാശത്തിന്റെ പ്രശ്നങ്ങൾ എന്നിങ്ങനെ ജലസംഘർഷങ്ങൾക്ക് പല മാനങ്ങളുണ്ട് എന്ന് മേൽപറഞ്ഞ വിവരണത്തിൽ നിന്ന് വ്യക്തമാണ്. കാലാവസ്ഥാവ്യതിയാനവും ജലസംരക്ഷണത്തിന്റെ അഭാവവും ജലഭ്യത ക്കുറവിന് കാരണമായിത്തീരുന്നു. ഇപ്പോൾ നമ്മുടെ നാട്ടിൽ അനുഭവപ്പെടുന്ന അത്യുഷ്ണം ഇതേപടി തുടരുകയാണെങ്കിൽ കടുത്ത വരൾച്ചയാണ് നമ്മെ കാത്തിരിക്കുന്നത്. കേരളം ജലസമൃദ്ധമാണെന്ന് നാം പറയാറുണ്ടെങ്കിലും നമ്മുടെ മിക്ക നദികളും വേനൽക്കാലത്ത് വറ്റിപ്പോവുകയോ നീരൊഴുക്ക് കുറയുകയോ ചെയ്യുന്നവയാണ്. പെരിയാർ മാത്രമാണ് ഇതിന് അപവാദം. ഭൂജലലഭ്യതയുടെ കാര്യത്തിലും ആശങ്കാജനകമായ വസ്തുതതകൾ പുറത്ത് വന്നിട്ടുണ്ട്. 2022ൽ കേന്ദ്ര ഭൂജല ബോർഡ് നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ 3 പ്രദേശങ്ങൾ –ക്രിട്ടിക്കൽ– എന്ന വിഭാഗത്തിലാണ് പെടുത്തിരിക്കുന്നത്. 27 പ്രദേശങ്ങൾ –സെമി ക്രിട്ടിക്കൽ– വിഭാഗത്തിൽ പെടുന്നതായും ഈ റിപ്പോർട്ടിൽ പറയുന്നു.

ജലലഭ്യത പോലെ തന്നെ സംഘർഷങ്ങൾക്ക് വഴി വയ്ക്കുന്ന മറ്റൊരു ഘടകം ജലത്തിന്‍റെ ഗുണനിലവാരമാണ്. ഓരോ ആവശ്യത്തിനും ഉപയോഗിക്കുമ്പോൾ ജലത്തിന് ഉണ്ടായിരിക്കേണ്ട ഗുണനിലവാരമെന്താണെന്ന് ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നിർവചിച്ചിട്ടുണ്ട്. കുടിവെള്ളത്തിന്‍റെ കാര്യത്തിൽ ഗുണനിലവാരം പരമപ്രധാനമാണ്. കുടിവെള്ളം ശുദ്ധവും സുരക്ഷിതവുമല്ലെങ്കിൽ ജലജന്യരോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായിത്തീരും. ലോകത്ത് ജലജന്യരോഗങ്ങൾ കാരണം പ്രതിവർഷം 10 ലക്ഷം പേർ മരണമടയുന്നതായി ലോകാരോഗ്യസംഘടന പറയുന്നു. ഇതിൽ നാല് ലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു. 

ചില പ്രത്യേക പ്രദേശങ്ങളിൽ പ്രകൃതിയിൽ കാണപ്പെടുന്ന ഫ്ലൂറൈഡ്, ആഴ്സെനിക് തുടങ്ങിയ ചില രാസപദാർത്ഥങ്ങൾ ജലമലിനീകരണത്തിന് കാരണമായിത്തീരുന്നു. കേരളത്തിൽ ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ചില പ്രപദേശങ്ങളിൽ ഫ്ലൂറൈഡിന്‍റെ സാന്നിദ്ധ്യം കണ്ടുവരുന്നുണ്ട്. ശാസ്ത്രീയമായ മാലിന്യസംസ്കരണത്തിന്‍റെ അഭാവമാണ് ജലമലിനീകരണത്തിന്‍റെ പ്രധാന കാരണം. നാം ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങൾ മറ്റുള്ളവർക്കും സമൂഹത്തിനും പ്രകൃതിക്കും അപകടം വരുത്തിവയ്ക്കാത്ത വിധത്തിൽ സംസ്കരിക്കുന്നതിനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന ബോധം ഇനിയും നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായിത്തീർന്നിട്ടില്ല. നമ്മുടെ ജലാശയങ്ങൾ പലപ്പോഴും മാലിന്യം നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളായിത്തീരാറുണ്ട്. കക്കൂസ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഇനിയും വേണ്ടത്ര പ്രചാരത്തിലായിട്ടില്ല. ഇതോടൊപ്പം  ജനസംഖ്യാ വർദ്ധനവ്, കൂടി വരുന്ന ജനസാന്ദ്രത, ഇവ കാരണം തുണ്ട് വൽകരിക്കപ്പെടുന്ന പുരയിടങ്ങൾ എന്നിവ കൂടി ചേരുമ്പോൾ കക്കൂസ് മാലിന്യങ്ങൾ ഭൂജലത്തിലും അതു വഴി കിണറുകളിലും എത്തിച്ചേരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഈ സാചര്യത്തിൽ ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നതിനും മലിനജലം ശാസ്ത്രീയമായി നിർമ്മാർജനം ചെയ്യുന്നതിനും പ്രത്യേകം പ്രാധാന്യമുണ്ട്.

*പൈപ്പിലൂടെയുള്ള കുടിവെള്ളവിതരണം*
കേരളത്തിൽ പൈപ്പിലൂടെയുള്ള കുടിവെള്ളവിതരണം ആരംഭിച്ചത് ഒരു നൂറ്റാണ്ട് മുമ്പാണ്. 1914 ൽ കൊച്ചി നഗരത്തിന് വേണ്ടി ആദ്യമായി ആരംഭിച്ച ചൊവ്വരെ കുടിവെള്ള വിതരണപദ്ധതിയുടെ ജലശുദ്ധീകരണശാല ആലുവക്കടുത്തുള്ള ചൊവ്വരയിലായിരുന്നു. 1935ൽ തിരുവനന്തപുരത്ത് വെല്ലിംഗ്ടൺ വാട്ടർ വർക്സ് പ്രവർത്തനമാരംഭിച്ചു. അതിനു ശേഷമുള്ള കാലയളവിൽ വലിയ മാറ്റങ്ങളാണ് കുടിവെള്ളമേഖലയിലുണ്ടായത്.

തുടക്കത്തിൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഭാഗമായും പിന്നീട് പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്‍റായുമാണ് കുടിവെള്ളമേഖലയിലെ സർക്കാർ പ്രവർത്തനങ്ങൾ നടന്നിരുന്നത്. 1984ൽ കുടിവെള്ളവിതരണരംഗത്ത് സ്വയംഭരണസ്ഥാപനം എന്ന രീതിയിൽ കേരള വാട്ടർ ആന്‍റ് വേസ്റ്റ് വാട്ടർ അതോറിറ്റി രൂപീകൃതമായി. പിന്നീട് 1986ൽ കേരള വാട്ടർ സപ്ലൈ ആന്‍റ് സിവറേജ് ആക്റ്റ് നിയമസഭ അംഗീകരിക്കുകയും കേരള വാട്ടർ അതോറിറ്റി നിലവിൽ വരികയും ചെയ്തു. 

ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം പൊതുസമൂഹത്തിന് ലഭ്യമാക്കുകയെന്ന ഭരണകൂടത്തിന്‍റെ ചുമതല കേരള സർക്കാരിന് വേണ്ടി നിറവേറ്റുന്ന സ്ഥാപനമാണ് കേരള വാട്ടർ അതോറിറ്റി. സംസ്ഥാനത്തുടനീളം പ്രവർത്തന മേഖലയുള്ള രാജ്യത്തെ ഒരേയൊരു കുടിവെള്ള വിതരണ സ്ഥാപനമാണിത്. ചെന്നൈ, ബംഗലൂരു, മുംബൈ, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളിലെല്ലാം കുടിവെള്ളവിതരണത്തിന് പ്രത്യേകസംവിധാനങ്ങളാണുള്ളത്. തമിഴ്നാട്ടിൽ ചെന്നൈക്ക് വേണ്ടി ചെന്നൈ മെട്രോ വാട്ടർ സപ്ലൈ ആന്‍റ് സിവറേജ് ബോർഡ് പ്രവർത്തിക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിലെ കുടിവെള്ളവിതരണം തമിൾനാട് വാട്ടർ സപ്ലൈ ആന്‍റ് ഡ്രെയിനേജ് ബോർഡിന്‍റെ (ട്വാഡ് ബോർഡ്) ചുമതലയാണ്. പല നഗരങ്ങളിലും ജലവിതരണം നടത്തുന്നത് അതാത് മുനിസിപ്പാലിറ്റികളാണ്. മറ്റ് സം്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. ഇവയിൽ നിന്ന് വ്യത്യസ്തമായി നഗരപ്രദേശമെന്നും ഗ്രാമ പ്രദേശമെന്നും വ്യത്യാസമില്ലാതെ സംസ്ഥാനത്തെമ്പാടും കുടിവെള്ളവിതരണം നടത്തുന്ന സ്ഥാപനമായി വളരുവാൻ വാട്ടർ അതോറിറ്റിക്ക് കഴിഞ്ഞു.

ഈയിടെ തമിഴ്നാട്ടിൽ പ്രളയത്തിന്‍റെ ഫലമായി കുടിവെള്ളവിതരണസംവിധാനങ്ങൾ താറുമാറായപ്പോൾ അവർക്ക് സഹായഹസ്തവുമായെത്തിയത് വാട്ടർ അതോറിറ്റിയായിരുന്നു. കേരള സർക്കാരിന്‍റെ നിർദ്ദേശപ്രകാരം വാട്ടർ അതോറിറ്റിയുടെ ഒരു പ്രത്യേകസംഘം ഉടനടി തമിഴ്നാട്ടിലേക്ക് തിരിക്കുകയും ആവശ്യമായ പുനർനിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഈ പ്രവർത്തനത്തിൽ ഈ സ്ഥാപനത്തിലെ ഓഫീസർമാരുടെ സംഘടനയായ അക്വ പ്രധാന പങ്ക് വഹിച്ചു എന്നത് ഞങ്ങൾക്ക് അഭിമാനകരമായ വസ്തുതയാണ്.  കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങളിലൂടെ കേരള വാട്ടർ അതോറിറ്റി നേടിയെടുത്ത സാങ്കേതികവൈദഗ്ദ്ധ്യവും കേരള സർക്കാരിന്‍റെ ഇച്ഛാശക്തിയുമാണ് ഇത്തരമൊരു പ്രവർത്തനം ഏറ്റെടുക്കാൻ നമ്മെ പ്രാപ്തരാക്കിയത്.

കഴിഞ്ഞ പത്ത് വർഷക്കാലത്ത് കേരളത്തിന്‍റെ കുടിവെള്ളമേഖലയിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടായി. കിഫ്ബി, റീബിൽഡ് കേരള, സംസ്ഥാന പദ്ധതി എന്നിവയിലൂടെ 8039 കോടി രൂപയുടെ പദ്ധതികൾ കേരള വാട്ടർ അതോറിറ്റി ഏറ്റെടുക്കുകയുണ്ടായി. ഇവയിൽ ആകെ ഏറ്റെടുത്ത ചെറുതും വലുതുമായ 4141 പദ്ധതികളിൽ 3373 എണ്ണം പൂർത്തിയായിക്കഴിഞ്ഞു. ജലജീവൻ മിഷനിലൂടെ ഗ്രാമപ്രദേശങ്ങളിൽ പുതുതായി 19.24 ലക്ഷം കണക്ഷനുകൾ നൽകിയിട്ടുണ്ട്. നഗരപ്രദേശങ്ങൾക്കുള്ള അമൃത് പദ്ധതിയും കേരള വാട്ടർ അതോറിറ്റി മുഖാന്തിരമാണ് നടപ്പാക്കുന്നത്. 

*മലിനജല സംസ്കരണം*

കുടിവെള്ളത്തിന്‍റെ കാര്യത്തിൽ നമ്മുടെ സംസ്ഥാനം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ 80 ശതമാനവും മലിനജലമായി പുറത്തുവരികയാണ് ചെയ്യുക. എന്നാൽ മലിനജലനിർമാർജനത്തിന്‍റെ കാര്യത്തിൽ നമുക്ക് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. കേരളത്തിൽ തിരുവനന്തപുരത്താണ് കേന്ദ്രീകൃത സിവറേജ് സംവിധാനം ആരംഭിച്ചത്. ആദ്യകാലത്ത് സ്വീവേജ് ഫാം എന്ന പ്രകൃതിദത്ത രീതി ഉപയോഗിച്ചാണ് മലിനജലം നിർമാർജനം ചെയ്തിരുന്നത്. പിന്നീട് തിരുവനന്തപുരത്ത് മുട്ടത്തറയിൽ ഒരു സ്വിവറേജ് ടേ്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിച്ചു. പ്രതിദിനം 109 ദശലക്ഷം ലിറ്റർ മലിനജലം ഇവിടെ ശുദ്ധീകരിക്കാൻ കഴിയും. എന്നാൽ നഗരത്തിൽ വളരെ കുറച്ച് ഭാഗത്ത് മാത്രമാണ് മലിനജലം പ്ലാന്‍റിലെത്തിക്കാനുള്ള പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. അത് കാരണം പ്ലാന്‍റ്ന്‍റെ ശേഷി പൂർണമായി വിനിയോഗിക്കാൻ ഇന്ന് കഴിയുന്നില്ല.

തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലും ഗുരുവായൂരും സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾ പ്രവർത്തിക്കുന്നുണ്ട്. കൊല്ലത്ത് സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന്‍റെ പ്രവൃത്തി പൂർത്തിയായി വരുന്നു. 

ഈ മേഖലയിൽ ഗൗരവമായ ഇടപെടൽ ആരംഭിക്കുന്നതിന്‍റെ ഭാഗമായി വാട്ടർ അതോറിറ്റിയിൽ സിവറേജ് വെർട്ടിക്കൽ എന്ന വിഭാഗം രൂപീകരിച്ചു. എല്ലാ നഗരപ്രദേശങ്ങളിലും ഈ സംവിധാനം ഏർപ്പെടുത്തുന്നതിനായി പഠനങ്ങൾ നടത്തുകയും റിപ്പോർട്ടുകൾ തയ്യാറാക്കി വിവിധ ഏജൻസികൾക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാഷണൽ റിവർ കൺസർവേഷൻ പ്രോജക്റ്റ്, സ്വഛ് ഭാരത് മിഷൻ, അമൃത് തുടങ്ങിയവയിൽ നിന്നുള്ള സാമ്പത്തികസ്രോതസുകൾ ഈ മേഖലയിൽ പ്രതീക്ഷിക്കപ്പെടുന്നു.

*ഉടമസ്ഥതയും അവകാശവും*

വെള്ളത്തിന്‍റെ ലഭ്യതയും ഗുണനിലവാരവും പോലെ തന്നെ പ്രധാനമാണ് അതിന്‍റെ ഉടമസ്ഥത ആർക്കെന്ന പ്രശ്നം. ലഭ്യത കുറയുന്ന ഏതൊരു വിഭവത്തേയും പോലെ തന്നെ ജലത്തേയും ലാഭമുണ്ടാക്കാനുള്ള ഉപാധിയായാണ് ആഗോളമൂലധനശക്തികൾ കാണുന്നത്. ഇതിന് ഉതകുന്ന വിധത്തിൽ ജലനയരൂപീകരണം നടത്തുന്നതിനുള്ള ശക്തമായ ഇടപെടലുകൾ വലിയ ബഹുരാഷ്ട്ര കുടിവെള്ള കമ്പനികൾ ആഗോളതലത്തിൽ നിരന്തരമായി നടത്തിവരികയാണ്. വേൾഡ് വാട്ടർ കൗൺസിൽ എന്ന പാരീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയും അതിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന വേൾഡ് വാട്ടർ ഫോറത്തിന്‍റെ യോഗങ്ങളും ഇക്കാര്യത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു. പലപ്പോഴും വേൾഡ് വാട്ടർ ഫോറം രൂപീകരിക്കുന്ന ജലനയം വലിയ മാറ്റങ്ങളൊന്നുമില്ലാതെ പല രാജ്യങ്ങളും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളും അംഗീകരിക്കുന്നതായി കാണാം. ഇന്ത്യയുടെ 2012ലെ ദേശീയ ജലനയവും ഇതിൽ നിന്ന് വ്യത്യസ്തമല്ല.

ഈ അന്താരാഷ്ട്ര നയങ്ങൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെന്ന പോലെ കേരളത്തിലും നടപ്പാക്കുന്നതിന് ഒളിഞ്ഞും തെളിഞ്ഞുമുള്ള പല ശ്രമങ്ങളും മുൻകാലങ്ങളിൽ നടന്നിട്ടുണ്ട്. കുടിവെള്ള വിതരണപദ്ധതികളുടെ നിർമാണ ചിലവിന്‍റെ ഒരു ഭാഗവും പരിപാലന ചിലവ് പൂർണമായും ഗുണഭോക്താക്കൾ വഹിക്കണമെന്ന വേൾഡ് വാട്ടർ ഫോറത്തിന്‍റെ നയം നടപ്പാക്കുന്ന ജലനിധി പദ്ധതി ഇക്കൂട്ടത്തിൽ പെടുന്നു.

പിന്നീട് സപ്തധാര, സിയാൽ മോഡൽ കുടിവെള്ള കമ്പനി തുടങ്ങി വിവിധ രീതികളിൽ ഈ നയങ്ങൾ കേരളത്തിൽ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ നടന്നു. അപ്പോഴെല്ലാം ഈ ശ്രമങ്ങളെ ചെറുത്ത് പരാജയപ്പെടുത്താൻ കേരളത്തിലെ പൊതുസമൂഹത്തിന് കഴിഞ്ഞു. എന്നിരുന്നാലും ആ ശ്രമങ്ങൾ ഇന്നും വിവിധ രൂപത്തിൽ തുടരുകയാണ്. ദേശീയജലനയത്തിന്‍റെയും വിദേശവായ്പകളോടുള്ള സമീപനത്തിന്‍റെയും മറ പിടിച്ച് ചില ഉന്നത ഉദ്യോഗസ്ഥർ വഴി മേൽ പറഞ്ഞ നയങ്ങൾ ഒളിച്ചു കടത്താനുള്ള ശ്രമം നടത്തിയതിന്‍റെ ഒടുവിലെ ഉദാഹരണമാണ് കൊച്ചിയിലെ നിർദിഷ്ട എഡിബി പദ്ധതി.

*ലാഭമോ നഷ്ടമോ*

1984ൽ കേരള വാട്ടർ അതോറിറ്റി രൂപീകൃതമായതു മുതൽ തന്നെ ഇതിനെ സർക്കാരിൽ നിന്ന് വ്യത്യസ്തമായ സ്വയംഭരണസ്ഥാപനമായി കണ്ട് ഈ സ്ഥാപനം ലാഭത്തിലോ നഷ്ടത്തിലോ എന്ന കണക്കെടുപ്പും ആരംഭിച്ചു. കേരള സർക്കാരിന്‍റെ പ്രാഥമികമായ ഉത്തരവാദിത്വം സർക്കാരിന് വേണ്ടി നടപ്പാക്കുന്ന സ്ഥാപനമാണിതെന്ന സത്യം ഇത്തരം ചർച്ചകളിൽ മറച്ചു വയ്ക്കപ്പെട്ടു. യഥാർത്ഥത്തിൽ 1984ൽ ലോകബാങ്കിന്‍റെ വായ്പ എടുക്കുന്നതിനുള്ള ഉപാധിയായിരുന്നു കുടിവെള്ളമേഖലയിൽ സ്വയംഭരണസ്ഥാപനം വേണമെന്നത്. 

ആയിരം ലിറ്റർ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുമ്പോൾ വാട്ടർ അതോറിറ്റിക്ക് ഏതാണ്ട് 23 രൂപ ചിലവാകുന്നുണ്ട്. വാട്ടർ ചാർജ് ഇനത്തിൽ ലഭിക്കുന്ന തുക പരിശോധിച്ചാൽ അത് 1000 ലിറ്ററിന് ഏതാണ്ട് 13 രൂപ നിരക്കിലാണെന്ന് കാണാം. കേരള സർക്കാരിന് വേണ്ടി സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ ലാഭനഷ്ട കണക്കുകൾക്ക് ഇവിടെ പ്രസക്തിയില്ല. ഉദാഹരണത്തിന് ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് പ്രതിമാസം 15,000 ലിറ്റർ ജലം സൗജന്യമായി വിതരണം ചെയ്തു വരുന്നു. വരൾച്ചാ സമയങ്ങളിലും മറ്റ് അടിയന്തിര ഘട്ടങ്ങളിലും തദ്ദേശ ഭരണസ്ഥാപനങ്ങളുമായി ചേർന്ന് തികച്ചും സൗജന്യമായി ടാങ്കറുകളിൽ ആവശ്യക്കാർക്ക് വെള്ളമെത്തിച്ചു കൊടുക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും പ്രളയകാലത്തുമെല്ലാം തടസങ്ങളില്ലാതെ ശുദ്ധജലം ഉറപ്പ് വരുത്തുവാൻ കഴിഞ്ഞത് ഈ സ്ഥാപനത്തിന്‍റെ കാര്യക്ഷമതക്ക് ഉദാഹരണമാണ്.

മേൽ പറഞ്ഞ രീതിയിൽ സമൂത്തിന്‍റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ ഈ സ്ഥാപനത്തിന് കഴിയുന്നത് കേരള സർക്കാരിന്‍റെ ഭാഗമാണ് ഈ സ്ഥാപനമെന്നതിനാലാണ്. ഈ മേഖലയിലെ ആഗോള മൂലധനശക്തികളുടെ അജണ്ടകൾ മേൽക്കൈ നേടുകയാണെങ്കിൽ ഇത്തരത്തിലുള്ള സാമൂഹ്യ ഇടപെടലുകൾ അന്യമായിത്തീരുന്ന അലവസ്ഥയുണ്ടാകും. അതിനെതിരെ ജാഗ്രത പാലിക്കേണ്ടത് പൊതുസമൂഹത്തിന്‍റെ കടമയാണ്.

*ജലദിനത്തിന്‍റെ സന്ദേശം*

സമാധാനത്തിനായി ജലം എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ഈ ജലദിനത്തിന്‍റെ പ്രമേയം ഇവിടെ അർത്ഥവത്തായി തീരുകയാണ്. ജലത്തിന്‍റെ ലഭ്യത, ഗുണനിലവാരം, പൊതുസമൂഹത്തിന് ജലത്തിന്മേലുള്ള അവകാശവും ഉടമസ്ഥതയും എന്നിവയെല്ലാം ഉറപ്പാക്കുന്നതിലൂടെ മാത്രമേ ജലവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ഒഴിവാക്കാൻ കഴിയൂ. ഇതിനാകട്ടേ, പൊതുസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. കാരണം രാഷ്ട്രീയമോ ഭരണപരമോ ആയ അതിർത്തികൾ ജലത്തിന് ബാധകമല്ല എന്നത് തന്നെ. 

ഭൂമുഖത്തെ ജലം മനുഷ്യന് മാത്രമല്ല, മറ്റെല്ലാ ജീവജീലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന ബോധം കൂടി നമുക്കുണ്ടാകണം. അപ്പോൾ മാത്രമേ പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്വങ്ങൾ നമുക്ക് നിറവേറ്റാൻ കഴിയൂ.

സന്തോഷ്‌കുമാർ ഇ എസ്
ജനറൽ സെക്രട്ടറി
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് (അക്വ )
18/03/2024.