
കേരള വാട്ടർ അതോറിറ്റിയും സിവറേജ് മേഖലയും
ബൈജു. വി, സൂപ്രണ്ടിംഗ് എഞ്ചിനീയർ
മാർച്ച് 22 ലോകജലദിനമാണ്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ‘ജലം സമാധാനത്തിന്’ എന്നതാണ് ഈ വർഷത്തെ ലോകജലദിനാചരണത്തിന്‍റെ പ്രമേയം. 1992ൽ ബ്രസീലിലെ റിയോയിൽ നടന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്‍റ് ആൻഡ് ഡവലപ്‌മെന്‍റ് ലോകജലദിനമെന്ന ആശയം മുന്നോട്ട് വച്ചു. തൊട്ടടുത്ത വർഷം മുതൽ മാർച്ച് 22 ലോകജലദിനമായി ആചരിക്കുവാൻ ആരംഭിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ (Sustainable development goals) ആറാമത്തേതാണ് ശുദ്ധജലവും ശുചിത്വവും (Clean water and sanitation). ജലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി യു.എൻ വാട്ടർ എന്ന ഒരു സംഘടന തന്നെ ഐക്യരാഷ്ട്രസഭക്ക് കീഴിൽ പ്രവർത്തിച്ചു വരുന്നു. രാജ്യാന്തരതലത്തിൽ ജലം എത്ര പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്നതിന്‍റെ സൂചനയാണ് ഇതെല്ലാം.
കേരളം ജീവിതഗുണനിലവാരത്തിന്‍റെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കാൻ കഴിയുന്ന നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം പൊതുസമൂഹത്തിന് ലഭ്യമാക്കുന്ന കാര്യത്തിലും നാം ഏറെ ദൂരം മുന്നോട്ട് പോയിട്ടുണ്ട്. എന്നാൽ മലിനജലനിർമ്മാർജനത്തിന്‍റെ കാര്യത്തിൽ സമാനമായ മുന്നേറ്റം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല.
വ്യക്തിശുചിത്വത്തിന്‍റെ കാര്യത്തിൽ മലയാളി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. എന്നാൽ പരിസരശുചിത്വത്തിന്‍റെ കാര്യത്തിൽ ഇനിയും ഏറെ ദൂരം നമുക്ക് മുന്നേറേണ്ടതുണ്ട്.
നാം ഉപയോഗിക്കുന്ന ജലത്തിന്‍റെ ഏതാണ്ട് 80 ശതമാനവും മലിനജലമായി മാറുകയാണ് ചെയ്യുക. ഈ മലിനജലം മറ്റ് മനുഷ്യർക്കും സമൂഹത്തിനും മറ്റ് ജീവജാലങ്ങൾക്കും പ്രകൃതിക്ക് തന്നെയും ഹാനികരമാകാത്ത വിധത്തിൽ നിർമാർജനം ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മലിനജല നിർമാർജനത്തിന് വിവിധ മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. മലിനജലം എവിടെയാണോ ഉണ്ടാകുന്നത് അവിടെത്തന്നെ അത് നിർമാർജനം ചെയ്യുന്നതാണ് ഓൺസൈറ്റ് സാനിറ്റേഷൻ. വീടുകളിലുള്ള സെപ്റ്റിക് ടാങ്ക്, പിറ്റ്, ട്വിൻ പിറ്റ്, ടൂ പിറ്റ് ലാട്രിൻ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇവ ശാസ്ത്രീയമായി നിർമിക്കാത്ത പക്ഷം ഇവയിൽ നിന്നുള്ള ലീച്ചേറ്റ് ഭൂജലത്തിൽ കലരാനിടയാവുകയും അത് ഭൂജലം മലിനമാകുന്നതിന് കാരണമായിത്തീരുകയും ചെയ്യും. കേരളത്തിലെ കിണറുകലിൽ ഭൂരിഭാഗത്തിലും ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്ന റിപ്പോർട്ടുകൾ ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്.
മലിനജലം പൈപ്പുകളിലൂടെ ശേഖരിച്ച് മലിനജലശുദ്ധീകരണശാലയിലെത്തിച്ച് ശുദ്ധീകരിച്ച് നിർമാജനം ചെയ്യുന്നതാണ് സെൻട്രലൈസ്ഡ് സാനിറ്റേഷൻ. കേരളത്തിലെ ആദ്യത്തെയും ഏറ്റവും നന്നായി പ്രവർത്തിക്കുന്നതുമായ മലിനജലശുദ്ധീകരണശാലയിലാണ് നാം ഇന്നീ പരിപാടി നടത്തുന്നത്. കേരള വാട്ടർ അതോറിറ്റി സെൻട്രലൈസ്ഡ് സാനിറ്റേഷൻ മേഖലയിലാണ് ഇന്നുവരെ ഇടപെടലുകൾ നടത്തിയിട്ടുള്ളത്. എന്നാൽ ഈ ഇടപെടലുകൾ വളരെ പരിമിതമായ തലത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ.
തിരുവനന്തപുരം കൊച്ചി, ഗുരുവായൂർ നഗരങ്ങളിൽ മാത്രമാണ് ഇന്ന് സിവറേജ് സംവിധാനം നിലവിലുള്ളത്.തിരുവനന്തപുരം നഗരത്തിൽ പോലും ഏതാണ്ട് 40 ശതമാനം പ്രദേശങ്ങളിൽ മാത്രമാണ് സിവറേജ് സംവിധാനം നിലവിലുള്ളത്. കണക്ഷനുകളുടെ എണ്ണം പരിശോധിച്ചാൽ ഇത് വീണ്ടും കുറവാണെന്ന് കാണാം. കൊല്ലത്ത് സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന്‍റെ നിർമാണം അന്തിമഘട്ടത്തിലാണ്. എന്നാൽ അതിലേക്ക് മലിനജലം എത്തിക്കാനുള്ള പൈപ്പുകൾ സ്ഥാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം
1930കളിലാണ് തിരുവനന്തപുരത്ത് സിവറേജ് സംവിധാനം സ്ഥാപിക്കുന്നതിനെ പറ്റിയുള്ള ആലോചനകൾ ആരംഭിച്ചത്. 1945ൽ ഈ നഗരത്തിൽ സിവറേജ് സംവിധാനം ആരംഭിച്ചു. സിവറേജ് സംവിധാനത്തിനായി നഗരത്തെ പല സോണുകളായി വിഭജിച്ചിട്ടുണ്ട്. നഗരത്തിന്‍റെ ഹൃദയഭാഗങ്ങൾ ഉൾപ്പെടുന്ന എ ബ്ലോക്കിലാണ് ഏറ്റവുമാദ്യം സീവേജ് ലൈനുകൾ സ്ഥാപിച്ചത്. കവടിയാർ, വെള്ളയമ്പലം, തമ്പാനൂർ, പഴവങ്ങാടി, ചാല, മണക്കാട്, പുത്തൻചന്ത, പാളയം, ജഗതി എന്നിവയാണ് എ ബ്ലോക്കിൽ ഉൾപ്പെടുന്നത്.
ശ്രീകണ്ഠേശ്വരം, പേട്ട, പട്ടം മുതലായ ഭാഗങ്ങൾ ഉൾപ്പെടുന്ന ബി പ്ലോക്ക് 1965ലും ചാക്ക, ശ്രീവരാഹം തുട്ങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന സി ബ്ലോക്ക് 1970ലും കേശവദാസപുരം, മുട്ടട, ഉള്ളൂർ, കുമാരപുരം തുടങ്ങിയ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഡി ബ്ലോക്ക് 1994ലും ശാസ്തമംഗലം, പേരൂർക്കട, മരുതൻകുഴി, പാങ്ങോട്, വട്ടിയൂർക്കാവ് തുടങ്ങിയ പ്രദേശങ്ങളുൾക്കൊള്ളുന്ന ഇ ബ്ലോക്ക് ഭാഗികമായി 1990ലും കമ്മീഷൻ ചെയ്തു.
സീവേജ് ശുദ്ധീകരിക്കുന്നതിന് തുടക്കകാലത്ത് സീവേജ് ഫാം ആണ് ഉണ്ടായിരുന്നത്. 2013ൽ മുട്ടത്തറയിൽ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് പ്രവർത്തനമാരംഭിച്ചു. 107 ൺ.എൽ.ഡി ശേഷിയുള്ള ഈ ശുദ്ധീകരണശാലയിൽ ഇപ്പോൾ 60 എം.എൽ.ഡിയോളം മലിനജലം മാത്രമേ എത്തിച്ചേരുന്നുള്ളൂ. നഗരത്തിന്‍റെ ഭൂരിഭാഗം പ്രദേശത്തും ഇനിയും സീവേജ് ലൈനുകൾ സ്ഥാപിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം. കഴക്കൂട്ടം ഭാഗത്ത് സീവേജ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തി തിരുവനന്തപുരം പ്രോജക്റ്റ് ഡിവിഷൻ ചെയ്തു വരുന്നു. മറ്റ് പ്രദേശങ്ങളിൽ സീവേജ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള പ്രോജക്റ്റ് റിപ്പോർട്ടുകൾ സിവറേജ് വെർട്ടിക്കൽ വിഭാഗം തയ്യാറാക്കി വിവിധ ഫണ്ടിംഗ് ഏജൻസികൾക്ക് സമർപ്പിച്ചിട്ടുണ്ട്.
സിവറേജ് വെർട്ടിക്കൽ
കേരള വാട്ടർ അതോറിറ്റി സ്വിവറേജ് മേഖലയിൽ ഗൗരവമായി ഇടപെടുന്നതിന്‍റെ ഭാഗമായി 2020ൽ സ്വിവറേജ് വെർട്ടിക്കൽ വിഭാഗം രൂപീകരിച്ചു. വാസ്കോൺ ചീഫ് എഞ്ചിനീയർക്ക് കീഴിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് സർക്കിൾ ഓഫീസുകളും ജില്ലകളിൽ അസിസ്റ്റന്‍റ് എഞ്ചിനീയർമാരുടെ ക്യാമ്പ് ഓഫീസുകളും എന്ന ഘടനയാണ് സിവറേജ് വെർട്ടിക്കലിനുള്ളത്. 2024 ജനുവരിയിൽ തൃശൂർ സിവറേജ് സർക്കിളിനെ മൂവാറ്റുപുഴ പി.എച്ച് സർക്കിളായി മാറ്റുകയുണ്ടായി.
തിരുവനന്തപുരം സിവറേജ് സർക്കിൾ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളാണ് ഇപ്പോൾ തിരുവനന്തപുരം സർക്കിളിന്‍റെ പരിധിയിൽ ഉൾപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷന് പുറമേ നെയ്യാറ്റിൻകര, വർക്കല മുനിസിപ്പാലിറ്റികൾക്കുള്ള ഡി. പി. ആറുകളും തയ്യാറാക്കിയിട്ടുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനെ 10 ക്ലസ്റ്ററുകളായി തിരിച്ചാണ് ഡി. പി. ആർ തയ്യാറാക്കിയിരിക്കുന്നത്. ഈ ക്ലസ്റ്ററുകളിലെ ഡി. പി. ആർ സ്വഛ് ഭാരത് മിഷനിലും ജിക്ക, യു.ഐ.ഡി.എഫ് ഫണ്ടിംഗുകൾക്കും സമർപ്പിച്ചിട്ടുണ്ട്. ക്ലസ്റ്റർ 2, ക്ലസ്റ്റർ 3 (ഭാഗികം), ക്ലസ്റ്റർ 4, ക്ലസ്റ്റർ 9(ഭാഗികം) എന്നിവ ജിക്കക്കും ക്ലസ്റ്റർ 1 ന്‍റെ ചില ഭാഗങ്ങൾ യു.ഐ.ഡി.എഫിനും ക്ലസ്റ്റർ 1, 3 എന്നിവയുടെ അവശേഷിക്കുന്ന ഭാഗങ്ങൾ കോർപ്പറേഷനുമാണ് സമർപ്പിച്ചിരിക്കുന്നത്. ക്ലസ്റ്റർ 5, 6, 7, 8, 9 സോൺ 2 എന്നിവിടങ്ങളിൽ ഭൂമി ലഭ്യമാകാത്ത പ്രശ്നമുണ്ട്. ഇതുവരെയും പദ്ധതി രൂപീകരണത്തിൽ മാത്രമാണ് സിവറേജ് വെർട്ടിക്കൽ ശ്രദ്ധിച്ചിരുന്നത്. അതിനോടൊപ്പം പദ്ധതി നിർവഹണം കൂടി സിവറേജ് വെർട്ടിക്കൽ ഏറ്റെടുക്കുന്നത് സംബന്ധിച്ച ആലോചനകൾ നടന്നുവരികയാണ്.
പ്രശ്നങ്ങൾ
കുടിവെള്ളവിതരണത്തിൽ ഒരു നൂറ്റാണ്ടിലധികം നീണ്ട പ്രവർത്തനപരിചയം വാട്ടർ അതോറിറ്റിക്ക് ഉണ്ട്. അതിനാൽ തന്നെ സംസ്ഥാനത്ത് ആ മേഖലയിൽ ഏറ്റവുമധികം സാ്കേതിക വൈദഗ്ദ്ധ്യം അവകാശപ്പെടാൻ നമുക്ക് കഴിയും. എന്നാൽ സിവറേജിന്‍റെ സ്ഥിതി ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഈ മേഖലയിൽ നാം നേരിടുന്ന ചില പ്രശ്നങ്ങൾ ചുവടേ കാണിച്ചിരിക്കുന്നു
1. സിവറേജ് മേഖലയിൽ അനുയോജ്യമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കേരളത്തിൽ ആകെ 4 സിവറേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾ മാത്രമാണ് ഇന്നുള്ളത്. തിരുവനന്തപുരം മുട്ടത്തറക്ക് പുറമെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊച്ചിയിലും ഗുരുവായൂരിലുമാണ് സിവറേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾ പ്രവർത്തിക്കുന്നത്. ഇവ തന്നെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. അനുയോജ്യ സാ്കേതികവിദ്യകൾ തിരഞ്ഞെടുക്കുന്നതിനും അവയുടെ നിർമാണത്തിലും പ്രവർത്തനത്തിലും കൃത്യത പാലിക്കാനുതകുന്ന സ്ഥാപനപരവും ഭരണപരവുമായ സങ്കേതങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്.
2. സിവറേജ് ലൈനുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ നാം ഏറെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. വളരെ ആഴത്തിൽ കുഴിയെടുക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ഏറെ കാലം റോഡ് കുഴിച്ചിടേണ്ടി വരുന്ന അവസ്ഥ, സാമൂഹ്യമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവ കാരണം സിവറേജ് നെറ്റ് വർക്ക് സ്ഥാപിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ട്. കൊല്ലം ഇതിന് ഉദാഹരണമാണ്.
3. സിവറേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിനൊപ്പം നെറ്റ് വർക്കും കൂടി ചേർക്കുമ്പോൾ ഭീമമായ തുക നിർമാണത്തിനായി വേണ്ടിവരും. സ്വഛ് ഭാരത് മിഷൻ നിബന്ധനയനുസരിച്ച് ദശലക്ഷം ലിറ്ററിന് 2 കോടി എന്ന നിരക്കിൽ തുക ക്രമീകരിക്കേണ്ടതുണ്ട്. ഇതിനായി നഗരത്തിന്‍റെ ഹൃദയഭാഗത്ത് മാത്രം നെറ്റ് വർക്ക് സ്ഥാപിക്കുകയും മറ്റ് ഭാഗങ്ങളിൽ നിന്നുള്ള സെപ്റ്റിക് ടാങ്ക് മാലിന്യം വണ്ടികളിൽ കൊണ്ട് വന്ന് കോട്രീറ്റ്മെന്‍റ് നടത്തുകയും ചെയ്യുന്ന സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്.
4. എസ്.ടി.പിക്ക് വലിയ ചിലവ് വരുന്നു എന്നതും അതിന്‍റെ പ്രവർത്തനത്തിലെ സങ്കീർണതയും കാരണം തദ്ദേശഭരണസ്ഥാപനങ്ങൾ എസ്.ടി.പി സ്ഥാപിക്കുന്നതിന് താൽപര്യം കാണിക്കാത്ത അവസ്ഥ ഇന്നുണ്ട്. സെപ്റ്റിക് ടാങ്ക് മാലിന്യം കൊണ്ട് വന്ന് സംസ്കരിക്കുന്നതിനുള്ള ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾക്കാണ് തദ്ദേശഭരണസ്ഥാപനങ്ങൾ മുൻഗണന നൽകുന്നത്.
5. എസ്.ടിപി യും നെറ്റ് വർക്കും അടങ്ങുന്ന വലിയ പദ്ധതികൾ മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്ന നയപരമായ തീരുമാനം വാട്ടർ അതോറിറ്റി മുമ്പ് എടുത്തിരുന്നു. എന്നാൽ ഈ സമീപനം സമകാലീന യാഥാർത്ഥ്യത്തിന് നിരക്കുന്നതോ ശാസ്ത്രീയമോ അല്ല. അതിനാൽ ഈ സമീപനം മാറ്റാനും എഫ്.എസ്.ടി.പി, നേച്ചർ ബേസ്ഡ് ട്രീറ്റ്മെന്‍റ് അടക്കമുള്ള മേഖലകളിലേക്ക് കടന്നു ചെല്ലാനും നാം തയ്യാറാകേണ്ടതുണ്ട്.
6. സിവറേജ് പദ്ധതികൾക്ക് ഏറ്റവും വലിയ പ്രതിബന്ധമാകുന്നത് എസ്.ടി.പി, എഫ്.എസ്.ടി.പി എന്നിവക്കാവശ്യമായ സ്ഥലം ലഭ്യമാകാത്തതാണ്. പരിസരമലിനീകരണത്തിനുള്ള സാദ്ധ്യതകൾ സംബന്ധിച്ച ആശങ്കകളാണ് ഇതിന് പിന്നുലുള്ളത്. തിരുവന്തപുരം, കൊച്ചി അടക്കമുള്ള സ്ഥലങ്ങളിൽ ഖരമാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടുണ്ടായ ദുരനുഭവങ്ങൾ അടക്കം പൊതുസമൂഹത്തിന്‍റെ മുന്നിലുണ്ട്. ഈ മനോഭാവം മാറ്റുവാനായി പ്രചാരണപ്രവർത്തനങ്ങളും വിദ്യാഭ്യാസപ്രവർത്തനങ്ങളും ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.
7. എഞ്ചിനീയർമാർക്കും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരിശീലനപരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ട്. ഡിസൈൻ അടക്കമുള്ള് മേഖലകളിൽ പുതിയ സാങ്കേതികവിദ്യകളുടെ പ്രയോജനം നമുക്ക് ലഭിക്കാൻ ഉതകുന്ന വിധത്തിൽ ഈ മേഖലയിലെ വിദഗ്ദ്ധരുമായി സുദൃഢമായ ദീർഘകാല ബന്ധം സ്ഥാപിക്കേണ്ടതുണ്ട്.
8. ഫണ്ട് ലഭ്യമാകുന്നതനുസരിച്ച് പ്രജക്റ്റുകൾ രൂപീകരിക്കുന്ന രീതിക്ക് പകരം ഓരോ നഗരപ്രദേശത്തെയും ആവശ്യങ്ങൾക്കനുസരിച്ച് ഓൺസൈറ്റ്, ഓഫ്സൈറ്റ് സംവിധാനങ്ങളും എസ്.ടി.പി, എഫ്.എസ്.ടി.പി, നോച്ചർ ബേസ്ഡ് ട്രീറ്റ്മെന്‍റ്, കോട്രീറ്റ്മെന്‍റ് എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള മാസ്റ്റർപ്ലാനിന്‍റെ അടിസ്ഥാനത്തിൽ പദ്ധതി രൂപീകരണം നടത്തണം.
മേൽ പറഞ്ഞ നിർദ്ദേശങ്ങൾ സമഗ്രമല്ല. ഈ മേഖലയിൽ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളും പൊതുസംഘടനകളും ശാസ്ത്രപ്രസ്ഥാനങ്ങളും ഒക്കെ ഇടപെടേണ്ടതായിട്ടുണ്ട്. അതിനുള്ള തുടക്കമാകട്ടേ ഈ സെമിനാർ.
