1956 ൽ തിരുവിതാംകൂർ -കൊച്ചി പ്രവിശ്യകളുമായി മലബാർ സംയോജിപ്പിച്ചതോടുകൂടിയാണ് 892 വില്ലേജ് പഞ്ചായത്തുകളുമായി കേരള സംസ്ഥാനം രൂപീകൃതമാകുന്നത്. അന്ന് അധികാരത്തിൽ വന്ന ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ നേതൃത്വത്തിൽ തന്നെ ഭരണപരമായ വികേന്ദ്രീകരണം നടപ്പിലാക്കുന്നത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന്ന് ഡോ. ബൽവന്ത്രായി മെഹ്ത അധ്യക്ഷനായി ഒരു സമിതിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ട് കേരള പഞ്ചായത്ത് രാജ് ബിൽ (1958), ജില്ല കൗൺസിൽ (1959) എന്നീ രണ്ട് ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടു. പക്ഷേ ഈ ബില്ല് നിയമമാകുന്നതിന് മുൻപ് തന്നെ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിടുകയാണ് ഉണ്ടായത്. പിന്നീട് 1960ൽ അധികാരത്തിൽ വന്ന സർക്കാർ പഞ്ചായത്ത് രാജ് ആക്ട്(1960) എന്ന പേരിൽ ഒരു നിയമം 1962 ജനുവരി 1 ന് പ്രാബിൽ പ്രാബല്യത്തിൽ കൊണ്ട് വരുകയും ഗ്രാമപഞ്ചായത്തുകളിലേക്ക് ഇലക്ഷൻ നടത്തുകയും ചെയ്തു. 922 പഞ്ചായത്തുകളുമായി 1963 ജനുവരി 1 ന്ന് സംസ്ഥാനത്ത് ആദ്യമായി തദ്ദേശസ്ഥാപനങ്ങൾ നിയമപരമായി നിലവിൽ വന്നു. പിന്നീട് 1964 ൽ വന്ന സർക്കാർ ബ്ലോക്ക്- ജില്ലാ പരിഷത്തുക്കൾ കൂടി കൊണ്ട് വരുന്നതിന് നടപടികൾ സ്വീകരിച്ചു. ഈ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ വീണ്ടും സംസ്ഥാന മന്ത്രിസഭയെ ദുർബലപ്പെടുത്തുന്ന നടപടികൾ ഉണ്ടായത്. പിന്നീട് 1967 ൽ വീണ്ടും അധികാരത്തിൽ വന്ന ഇഎംഎസ് മന്ത്രിസഭ വീണ്ടും പഞ്ചായത്ത് രാജ്
ബില്ല് നടപ്പിലാക്കുന്നതിനു വേണ്ടി നടപടികൾ സ്വീകരിച്ചെങ്കിലും 1970 ൽ മന്ത്രിസഭാ പിരിച്ചുവിടപ്പെട്ടു. 1971ൽ അധികാരത്തിൽ വന്ന അച്യുതമേനോൻ മന്ത്രിസഭ കേരള ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റീവ് ബിൽ (1971) കൊണ്ട് വരികയും 1979 ൽ എ കെ ആന്റണി മന്ത്രിസഭാ ഇതൊരു ആക്ട് ആയി പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. പക്ഷേ സാങ്കേതിക കാരണങ്ങൾ നിമിത്തം ഈ നിയമം പ്രാബല്യത്തിൽ വരുത്തുകയുണ്ടായില്ല.1986 ൽ അധികാരത്തിൽ വന്ന ഇ കെ നായനാർ മന്ത്രിസഭ മുൻ ചീഫ് സെക്രട്ടറി ശ്രീ വി രാമചന്ദ്രന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. ഈ റിപ്പോർട്ട് പ്രകാരം 1991 ൽ ഡിസ്റ്റിക് കൗൺസിൽ പ്രാബല്യത്തിൽ വന്നു. 1992 ൽ അധികാരത്തിൽ വന്ന സർക്കാർ ഈ വികേന്ദ്രീകരണ ശ്രമങ്ങളെ അട്ടിമറിച്ചു . ഈ ഘട്ടത്തിലാണ്, കേന്ദ്രസർക്കാർ ചരിത്ര പ്രാധാന്യമുള്ള 73, 74 ഭരണഘടന ഭേദഗതികൾ കൊണ്ടുവരുന്നത്. 1996ൽ വീണ്ടും അധികാരത്തിൽ വന്ന ഇ കെ നായനാർ സർക്കാർ അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. സെൻ കമ്മിറ്റി റിപ്പോർട്ട് എന്നറിയപ്പെട്ടത് ഈ കമ്മറ്റി സമർപ്പിച്ച നിർദ്ദേശങ്ങളായിരുന്നു. അധികാര വികേന്ദ്രീകരണങ്ങളിൽ കാതലായ മാറ്റങ്ങൾക്കാണ് ഈ കമ്മിറ്റി ശുപാർശകൾ നൽകിയത്. 73, 74 ഭരണഘടന ഭേദഗതികൾ അധികമായി ചേർത്ത 11 ആം ഷെഡ്യൂൾ, ആർട്ടിക്കിൾ 243 എന്നിവയുടെ അടിസ്ഥാനത്തിൽ കേരള പഞ്ചായത്ത് രാജ് ആക്റ്റ് മുനിസിപ്പാലിറ്റി ആക്ട്(1994) നിലവിൽ വന്നു. സെൻ കമ്മറ്റി റിപ്പോർട് പ്രകാരം സമഗ്രമായ അധികാര വികേന്ദ്രീകരണമാണ് പിന്നീട് വിവിധ ഭേദഗതികൾ വരുത്തി പ്രാദേശിക ഭരണകൂടങ്ങൾക്ക് കൂടുതൽ അധികാരം നൽകി. സെൻ കമ്മറ്റി റിപ്പോർട് പ്രകാരം നടത്തിയ ഭേദഗതികളിലൂടെ, വിദ്യാഭ്യാസം, കൃഷി, ആരോഗ്യ തുടങ്ങി പ്രധാനപെട്ട വകുപ്പുകളെല്ലാം പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളിൽ വന്നപ്പോൾ, കുടിവെള്ളമേഖലയിലെ അന്നത്തെ ഉദ്യോഗസ്ഥവൃന്ദം ഈ കൂടിച്ചേരലിന് എതിരായി നിന്നു. നിയമത്തിലെ 3rd ഷെഡ്യൂൾ (Sub Section (1) of Section 166 C-VIII പ്രകാരം അതാത് തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന കുടിവെള്ള പദ്ധതികളുടെ പരിപാലനവും, നിർവഹണവും പഞ്ചായത്തുകളിൽ നിക്ഷിപ്തമാണ്. പക്ഷെ, ജല അതോറിറ്റി സംവിധാനം പഞ്ചായത്ത് ഭരണ സമിതിയുടെ നിയന്ത്രണത്തിലേക്കോ, അധികാര പരിധിയിലേക്കോ വന്നില്ല.
കേരള വാട്ടർ അതോറിട്ടി 1984 ഏപ്രിൽ 1 ന്ന് ഒരു ഓർഡിനൻസ് വഴി നിലവിൽ വരികയും 1986 ൽ വാട്ടർ സപ്ലൈ സീവറേജസ് ആക്ട് (1986) പ്രകാരം ഒരു സ്റ്റാറ്റ്യൂറ്ററി ബോഡിയായി മാറുകയും ചെയ്തു. 1935 വരെ പഴയ ട്രാവൻകൂർ പ്രവിശ്യയുടെ കീഴിൽ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗമായിട്ടായിരുന്നു കുടിവെള്ള മേഖല നിലനിന്നിരുന്നത്.1935 വാട്ടർ വർക്സ് ആൻഡ് ഡ്രെയിനേജ് എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് നിലവിൽ വന്നു. രാജ്യം സ്വതന്ത്ര്യമായതിനെ തുടർന്ന് 1954 ൽ കേന്ദ്ര സർക്കാർ സംസ്ഥാന തലങ്ങളിൽ കുടിവെള്ള പദ്ധതികൾ വിഭവനം ചെയ്യുന്നതിന് നിർദ്ദേശം നൽകി. തുടർന്ന്, 1956 ൽ PHED എന്ന വകുപ്പ് സ്ഥാപിതമായി. തുടക്കത്തിൽ എൽ ഐ സി യുടെയും കേന്ദ്രസർക്കാരിന്റെ എ ആർ ഡബ്ല്യു എസ് പി പദ്ധതിയിലും ഉൾപ്പെടുത്തി കുറെയേറെ കുടിവെള്ള പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കിയെങ്കിലും. പദ്ധതികൾ കൂടുതൽ സമഗ്രവും വ്യാപകവും ആക്കുന്നതിന് സാമ്പത്തികം സർക്കാരിന് ഒരു ബാധ്യതയായി. ഇതിന്റെ വെളിച്ചത്തിലും, വിവിധ കമ്മറ്റി റിപ്പോർട്ടുകൾ പരിഗണിച്ചും 1984 ൽ ഒരു ഓർഡിനൻസിലൂടെ PHED എന്ന വകുപ്പ്, കേരള വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ അതോറിറ്റിയായും, 1986 ലെ വാട്ടർ സപ്ലേ ആന്റ് സീവറേജസ് ആക്ട് പ്രകാരം കേരള വാട്ടർ അതോറിറ്റി ആയും രൂപാന്തരപ്പെട്ടു.
1992 ലെ ഭരണഘടന ഭേദഗതികളും, 1994ലെ പഞ്ചായത്തീരാജ് നിയമവും 1984 ലെ കേരള വാട്ടർ സപ്ലൈസ ആൻഡ് സീവറേജസ് ആക്ടിന്റെ നിയമ സാധുത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. പഞ്ചായത്ത് രാജ് നിയമത്തിലെ, കുടിവെള്ള മേഖലയുമായി ബന്ധപ്പെട്ട കർക്കശമായ നിയമവ്യവസ്ഥകളുടെ പോരായ്മ കൊണ്ടാണ് ഒരുപക്ഷേ ഈ സ്ഥാപനം ഇന്നും സർക്കാർ നിയന്ത്രിതമായ ഒരു സ്വയംഭരണ സ്ഥാപനമായി നിലനിൽക്കുന്നത്. പുതിയ JJM / അമൃത് പദ്ധതികളുടെ പശ്ചാത്തലത്തിൽ കുടിവെള്ള പദ്ധതികൾ സമഗ്രവും, വ്യാപകവുമായി മാറുമ്പോൾ ഈ സ്ഥാപനത്തിന്റെ ജനകീയമായ നിലനിൽപ്പ് പരിശോധിക്കപ്പെടേണ്ടതുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പൂർത്തീകരണത്തോടെ, പദ്ധതികളുടെ തുടർ പ്രവർത്തനവും പരിപാലനവും പഞ്ചായത്തുകളിൽ നിക്ഷിപ്തമാക്കണമെന്നുള്ള കേന്ദ്രസർക്കാർ നിർദ്ദേശം തന്നെ വന്നു കഴിഞ്ഞു. സാങ്കേതികത്വം പറഞ്ഞുകൊണ്ട്, ഭരണഘടന സാധുതയില്ലാത്ത വാദങ്ങൾ നിരത്തിയും മുന്നോട്ടുപോകുക സാധ്യമല്ല. വികേന്ദ്രീകരണം എന്നത് ഒരു യാഥാർത്ഥ്യമാണ്, ഒരു സംവിധാനത്തിന്റെ സുതാര്യത ഉറപ്പുവരുത്താൻ ജനകീയമായ ഇടപെടലുകൾക്ക് എന്നും അവസരങ്ങൾ ഉണ്ടാക തന്നെ വേണം.
സന്തോഷ്‌കുമാർ ഇ എസ്
ജനറൽ സെക്രട്ടറി
അക്വ.