Education

തിരുവനന്തപുരം നഗരത്തിൽ പൈപ്പിലൂടെ ശുദ്ധജല വിതരണം ആരംഭിച്ചിട്ട് 2023 ഡിസംബർ 11 ന് 90 വർഷം തികയുന്നു.

തിരുവനന്തപുരം നഗരത്തിൽ പൈപ്പിലൂടെ ശുദ്ധജല വിതരണം ആരംഭിച്ചിട്ട്  2023 ഡിസംബർ 11 ന് 90 വർഷം തികയുന്നു.


 തിരുവനന്തപുരം നഗരത്തിന് കുടിവെള്ളമെത്തിക്കുന്നതിന് 15 കിലോമീറ്റർ അകലെ അരുവിക്കരയിൽ ഒരു തടയണ കെട്ടി പ്രാഥമികമായ ശുദ്ധീകരണം നടത്തി 33 ഇഞ്ച് കാസ്റ്റ് അയൺ പൈപ്പിലൂടെ  ജലം വെള്ളയംപലത്ത് ഫിൽറ്റർ ഹൗസിൽ ഗ്രാവിറ്റിയിൽ എത്തിച്ച് പരുക്കൻ മണലിലൂടെയും കല്ലുകളിലൂടെയും കടത്തിവിട്ട് അണുനശീകരണം നടത്തി വിതരണം നടത്താൻ ആരംഭിച്ചിട്ട് തിങ്കളാഴ്ച 90 വർഷം തികയുന്നു.

90 വർഷങ്ങൾക്ക് മുൻപ് 1933 ഡിസംബർ 11 ന് അന്നത്തെ വൈസ്രോയിയായിരുന്ന വെല്ലിങ്ടൺ വെള്ളയംപലത്ത് നടന്ന ചടങ്ങിൽ ടാപ്പ് തുറന്ന് വെള്ളം കൈകളിലെടുത്താണ് ഉദ്ഘാടനം ചെയ്തത്. ഒട്ടേറെ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം 1928 ലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറായത്. 1961 ൽ നഗരത്തിന്റെ ജനസംഖ്യ 1,35,000 പേരാകും എന്ന് കണക്ക് കൂട്ടിയാണ് പ്രതിദിനം 20 ദശലക്ഷം ലിറ്റർ (20 MLD) വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ ആരംഭിച്ചത്. വെള്ളത്തിൽ ക്ളോറിൻ കലർത്തി അണു നശീകരണം നടത്തി ജലവിതരണം ആരംഭിച്ചിട്ട് 31 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് കേരളത്തിലെ ഒരു പ്രദേശത്ത് ഇത്തരത്തിൽ ഒരു ബൃഹദ് പദ്ധതി ആരംഭിക്കുന്നത്. 1850 ൽ ലണ്ടനിൽ കുടിവെള്ളത്തിൽ മലിനജലം കലർന്നത് കൊണ്ടാണ് പകർച്ചപനി പടർന്നു പിടിച്ചതെന്ന് 1854 ൽ ജോൺ സനോയാണ് കണ്ടുപിടിച്ചത്. ഇത് അണുക്കൾ വെള്ളത്തിൽ കലരുന്നത് കൊണ്ടാണെന്ന് കണ്ടെത്തിയത് 1864 ൽ ലൂയി പാസ്റ്ററാണ്. 1881 ൽ വെള്ളത്തിൽ ക്ളോറിൻ കലർത്തിയാൽ അണുക്കളെ ഇല്ലായ്മ ചെയ്യാം എന്ന് റോബർട്ട് കോഷ് (Robert Koch) കണ്ടെത്തിയിരുന്നു .  

 1902 ലാണ് ബൽജിയത്തെ മിഡിൽ കർക്ക് എന്ന സ്ഥലത്ത് ബൃഹദ് പദ്ധതിയിൽ ക്ളോറിൻ കലർത്തി ജലവിതരണം ആരംഭിച്ചത്. ഇതിനെ തുടർന്നാണ് ലോകമെമ്പാടും വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റുകളും ജലവിതരണ സംവിധാനങ്ങളും വ്യാപകമാകാൻ തുടങ്ങിയത്. 
ഇന്ന് വിവിധ പദ്ധതികളിലൂടെ തിരുവനന്തപുരം നഗരത്തിൽ മാത്രം 375 ദശലക്ഷം ലിറ്റർ വെള്ളം (375 MLD) വിതരണം ചെയ്യുന്നു.