
അക്വാ സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
--------------------
ജലജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാനവിഹിതം കണ്ടെത്താനായി വായ്പയെടുക്കണമെന്നും അതിന്‍റെ തിരിച്ചടവ് വാട്ടർ അതോറിറ്റിയുടെ റവന്യൂവിൽ നിന്ന് കണ്ടെത്തണമെന്നുമുള്ള മാനേജ്മെന്‍റിന്‍റെ നിർദ്ദേശത്തിൽ അക്വ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകളുടെയും ഗുണഭോക്താക്കളുടെയും സംയുക്ത ധനസഹായത്തോടുകൂടി എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി വിഭാവനം ചെയ്ത പദ്ധതി ആണല്ലോ ജല ജീവന്‍ മിഷൻ പദ്ധതി. പദ്ധതി വിഭാവനം ചെയ്തതനുസരിച്ച് ഇതിൻറെ ഉടമസ്ഥാവകാശം പൂർണമായും പ്രാദേശിക സർക്കാരുകളിൽ നിക്ഷിപ്തമാണ്. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾക്ക് നൽകേണ്ട സാമ്പത്തിക വിഹിതത്തിൽ വൻ കുറവു വരുത്തിയത് കാരണം സംസ്ഥാന സർക്കാരിന് പദ്ധതി വിഹിതം കണ്ടെത്തുന്നതിൽ വലിയ കാലതാമസം നേരിടുന്നത് പദ്ധതിയുടെ സാമ്പത്തിക പുരോഗതിയും അതുവഴി പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതിയും വളരെയധികം മന്ദീഭവിക്കാൻ കാരണമായിട്ടുണ്ട്.
എന്നാൽ ഈ പദ്ധതിക്ക് വേണ്ട 15% പ്രാദേശിക സർക്കാർ വിഹിതവും 10% ഗുണഭോക്തൃ വിഹിതവും നേടിയെടുക്കുന്നതിന് കേരള ജല അതോറിറ്റി മാനേജ്മെൻറ് ഇതേവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല എന്നത് പദ്ധതി നടത്തിപ്പിലെ വലിയ കെടുകാര്യസ്ഥതയാണ്. ഇവ നേടിയെടുക്കുവാൻ ശ്രമിക്കുന്നതിന് പകരം സംസ്ഥാന സർക്കാർ വിഹിതം കണ്ടെത്തുന്നതിലേക്കായി HUDCO, LIC, NABARD എന്നിവിടങ്ങളിൽ നിന്നും വായ്പ സ്വീകരിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് 10/10/2024 ൽ കേരള ജല അതോറിറ്റി മാനേജിങ് ഡയറക്ടർ സർക്കാരിലേക്ക് കത്ത് എഴുതിയിരിക്കുകയാണ്. ഇതിന്‍റെ തിരിച്ചടവ് വാട്ടർ അതോറിറ്റിയുടെ റവന്യൂവിൽ നിന്ന് കണ്ടെത്താമെന്ന നിർദ്ദേശം ഈ സ്ഥാപനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. 2023 ൽ ജല ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി അതോറിറ്റിയുടെ റവന്യൂ വരുമാനത്തിൽ നിന്നും തുക കണ്ടെത്തിയത് സ്ഥാപനത്തിൻറെ സാമ്പത്തിക സുരക്ഷയെ ബാധിച്ചിരുന്നു എന്നതും കൂട്ടി വായിക്കേണ്ടതാണ്.
മെയിൻറനൻസ് കരാറുകാരുടെ തുക, ജീവനക്കാരുടെ ആനുകൂല്യങ്ങൾ, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ, കെഎസ്ഇബി ചാർജ് എന്നിവ നൽകുന്നതിന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജല അതോറിറ്റി ഇത്തരം വായ്പകൾ കൂടി നേടിയെടുക്കുവാൻ സ്ഥാപനത്തെ പണയപ്പെടുത്തിയാൽ അത് സ്ഥാപനത്തിൻറെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മാത്രമല്ല കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ നോൺ പ്ലാൻ ഗ്രാൻ്റ് അതോറിറ്റിക്ക് ലഭിക്കുന്നതും ഇല്ല. സംസ്ഥാന സർക്കാരിൻറെ സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായ ബിപിഎൽ ആനുകൂല്യം വരെ ജല അതോറിറ്റിയുടെ ബാധ്യതയാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. പൂർണമായും പ്രാദേശിക സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള ജല ജീവൻ മിഷൻ ആസ്തികൾ പദ്ധതിയുടെ വിഭാവന അനുസരിച്ച് പ്രവർത്തി പൂർത്തീകരണത്തോടെ പ്രാദേശിക സർക്കാറുകൾക്ക് കൈമാറേണ്ടതാണ് എന്നിരിക്കെ ഇതിനുവേണ്ടി ജല അതോറിറ്റിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനുള്ള ഇത്തരം നീക്കങ്ങൾ മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഉന്നത മാനേജ്മെൻറ്ൻ്റെ വലിയ പരാജയമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിലവിലെ വെള്ളക്കരത്തിൽ നിന്നും ജല അതോറിറ്റിക്ക് ദൈനംദിന ചിലവുകൾ നടത്തുവാൻ തന്നെ മാർഗമില്ലാതെ ഇരിക്കുമ്പോൾ ഇത്തരം വായ്പകളുടെ തിരിച്ചടവ് വലിയ സാമ്പത്തിക അരാജകത്വത്തിലേക്ക് സ്ഥാപനത്തെ തള്ളി വിടും എന്ന് നിസംശയം പറയുവാൻ കഴിയും.
മാത്രമല്ല ഇത്തരം സമീപനങ്ങൾക്ക് മുന്നിട്ടിറങ്ങുമ്പോൾ സ്ഥാപനത്തിലെ തൊഴിലാളികളുമായും, മറ്റിതര ജീവനക്കാരുമായും, അവരുടെ സംഘടനകളുമായും യാതൊരുവിധ ആശയവിനിമയങ്ങളും ചർച്ചകളും നടത്തിയിട്ടില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ആയതിനാൽ സുതാര്യത ഇല്ലാതെ മാനേജ്മെൻറ് സ്വീകരിക്കുന്ന ഇത്തരം നടപടികളിൽ നിന്നും അടിയന്തിരമായി പിന്മാറണമെന്ന് സംഘടന ഇതിനാൽ അറിയിക്കുന്നു.
ജനറൽ സെക്രട്ടറി
അക്വ
26/10/2024