വാർത്തകൾ

ആലപ്പുഴ സൂപ്രണ്ടിങ് എഞ്ചിനീയർ തിരുവനന്തപുരത്തിരുന്നു ഭരിക്കാൻ ഉത്തരവിട്ടതിൽ അക്വ പ്രതിഷേധിക്കുന്നു.

ആലപ്പുഴ സൂപ്രണ്ടിങ് എഞ്ചിനീയർ  തിരുവനന്തപുരത്തിരുന്നു ഭരിക്കാൻ ഉത്തരവിട്ടതിൽ അക്വ പ്രതിഷേധിക്കുന്നു.

ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി നടപ്പാക്കാനെന്ന പേരിൽ ആലപ്പുഴ പി എച്ച് സർക്കിൾ സൂപ്രണ്ടിങ്ങ് എഞ്ചിനീയറുടെ പോസ്റ്റ് കേന്ദ്ര കാര്യാലയത്തിലേക്ക് മാറ്റിയ നടപടിയിൽ അക്വ ശക്തമായി പ്രതിഷേധിക്കുന്നു. കേരള സർക്കാരിന്റെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ട് ഒരു സീനിയോരിറ്റി മറികടന്ന് രണ്ട് ഡപ്യൂട്ടി ചീഫ് എഞ്ചിനീയർമാരെ പ്രമോഷൻ വഴി തിരുവനന്തപുരത്ത് പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾ ഇരുപത്തിരണ്ട് വർഷമായി തിരുവനന്തപുരം കേന്ദ്ര കാര്യാലയത്തിൽ ജോലി ചെയ്തു വരികയാണ്. തുടർച്ചയായി പരമാവധി അഞ്ചുവർഷം മാത്രമേ ഒരു സർക്കാർ ജീവനക്കാരൻ ഒരു സ്റ്റേഷനിൽ ജോലി ചെയ്യാവൂ എന്ന ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവിനെ മറികടന്നാണ് ഇയാൾ ജോലി ചെയ്യുന്നത്. അഞ്ച് വർഷത്തിൽ കൂടുതലായി കേന്ദ്ര കാര്യാലയത്തിൽ ജോലിചെയ്യുന്ന മറ്റൊരു ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് ഒരു സീറ്റിൽ നിന്ന് മറ്റൊരു സീറ്റിലേക്കാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് ഹൈക്കോടതി അർഹരായ രണ്ട് പേരെ (പരാതിക്കാരനെയും ആലപ്പുഴ സൂപ്രണ്ടിങ് എഞ്ചിനീയറായി ജോലി നോക്കി വന്ന ആശാരാജിനെയും) തിരുവനന്തപുരം ജില്ലയിൽ നിയമിക്കുന്നതിന് ഉത്തരവിട്ടത്. എന്നാൽ ഈ ഉത്തരവിനെ പരിഹസിക്കുന്ന നടപടിയാണ് ആലപ്പുഴ സൂപ്രണ്ടിങ് എൻജിനീയറുടെ തസ്തിക ഷിഫ്റ്റ് ചെയ്തതു വഴി നടപ്പായിരിക്കുന്നത്. നാല് ഡിവിഷനുകൾ അടങ്ങുന്ന പി എച്ച് സർക്കിളിന്റെ ദൈനംദിന പ്രവർത്തികൾ റിമോട്ട് ആയി സൂപ്രണ്ടിങ്ങ് എൻജിനീയർ നിയന്ത്രിക്കണം എന്ന വിചിത്ര ഉത്തരവ് കേരള ജല അതോറിറ്റിയിൽ മാത്രമേ നടക്കുകയുള്ളൂ. ചില ഉദ്യോഗസ്ഥ പ്രമുഖരെ സഹായിക്കാൻ കാണിക്കുന്ന ഈ 'ശുഷ്കാന്തി' എതിർക്കപ്പെടേണ്ടതാണ്. ഇത്തരം സ്വജന പക്ഷപാതപരമായ പരിഷ്കാരങ്ങൾക്കെതിരെ സംഘടന ശക്തമായി പ്രതിഷേധിക്കുന്നു. മാനദണ്ഡം അനുസരിച്ച് തനിക്ക് കിട്ടേണ്ട സ്ഥലംമാറ്റം ഇല്ലാതായപ്പോൾ കോടതി കയറിയ വനിതാ ഉദ്യോഗസ്ഥയേ പൊതു സമൂഹത്തിൻ്റെ മുന്നിൽ കൂടുതൽ അപമാനിതയാക്കുന്ന ഈ അബദ്ധ ജഡില ഉത്തരവ് പിൻവലിച്ച് തസ്തിക പുനസ്ഥാപിക്കണമെന്നും സൂപ്രണ്ട് എൻജിനീയർമാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിലെ മാനദണ്ഡ ലംഘനങ്ങൾ പരിഹരിച്ച് പുതുക്കിയ ഉത്തരവ് ഇറക്കണമെന്നും സംഘടന ശക്തമായി ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം എല്ലാ വിഭാഗം ജീവനക്കാരേയും അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന ഓർമ്മിപ്പിക്കുന്നു.